ഒട്ടും വൈകില്ല, ക്ഷേമ പെൻഷൻ 3,000ത്തിലെത്തും; ജൂണിലെ പെൻഷൻ ഇന്ന് മുതൽ വാങ്ങാം

0
1

തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും അർഹരായവർക്ക് ഇന്ന് മുതൽ ലഭ്യമാകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മൂന്നിനകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണം.

കഴിഞ്ഞ മെയ് മാസത്തെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായതിന് പിന്നാലെയാണ് ജൂണ്‍ മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ തുക അനുവദിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഭിന്നശേഷി പെന്‍ഷന്‍, അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്തെ ആകെ 51,70,015 ഗുണഭോക്താക്കള്‍ക്കാണ് ഈ മാസം ക്ഷേമ പെന്‍ഷന്‍ ലഭിക്കുക. ഗുണഭോക്താക്കളുടെ താൽപ്പര്യപ്രകാരം രണ്ട് വ്യത്യസ്ത വിതരണ ശൃംഖലകള്‍ വഴിയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നത്.

ക്ഷേമപെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബജറ്റ് അവതരണത്തിന്മേലുള്ള പൊതുചർച്ചയിൽ നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 1600 രൂപയുടെ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. നാലേമുക്കല്‍ വര്‍ഷം പെൻഷൻ കൂട്ടാതിരുന്ന സർക്കാർ തെരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് 2,000 രൂപയാക്കിയത്. ഇത്രയും കാലതാമസം എന്തായാലും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.

കെഎസ്ആർടിസി ബസിൽ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തി. ഒരു ഔര്‍ഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയില്ല. ഈ പ്രചാരണത്തിൽ പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീസുരക്ഷ പെന്‍ഷന്‍ തുടരുമോ എന്ന് തീരുമാനിച്ചില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. എസി ഉള്ള വീട്ടില്‍ ക്ഷേമ പെന്‍ഷന്‍ ഇല്ലെന്നത് പുനഃപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here