തിരുവനന്തപുരം: ഈ വരുന്ന സ്വാതന്ത്ര്യ ദിനം മുതല്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ പഴയ പോലെ എസ്‌ഐമാരുടെ ഭരണത്തിലേക്ക് മാറ്റി കൊണ്ടുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും പൊലീസ് സേനയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ എസ്എച്ച്ഒമാരായി സബ് ഇന്‍സ്‌പെക്‌ടര്‍മാരെ തിരികെ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 64 സ്റ്റേഷന്‍ ഒഴിച്ച് ബാക്കിയുള്ള 419 സ്റ്റേഷനുകളിലും എസ്‌ഐമാരെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍(എസ്എച്ച്ഒ) മാരാക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ തീരുമാനം ശുദ്ധ മണ്ടത്തരമെന്ന് കേരള കേഡറില്‍ നിന്ന് വിരമിച്ച പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത മുന്‍ ഡിജിപി ഇടിവി ഭാരതിനോട് പറഞ്ഞു.
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ മികച്ച രീതിയില്‍ കഴിഞ്ഞ 8,9 വര്‍ഷമായി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രധാന കാരണം സിഐമാര്‍ സ്റ്റേഷന്‍ ചുമതലയിലേക്കെത്തിയതാണെന്ന് അദ്ദേഹം പറയുന്നു. പഴയ എസ്‌ഐ സംവിധാനത്തിലേക്ക് പൊലീസ് സ്റ്റേഷനുകള്‍ മാറുമ്പോള്‍ ഒരു പെലീസ് സ്റ്റേഷനുള്ള ഗ്രേഡ് എസ്‌ഐമാര്‍, സ്ഥാന കയറ്റം നേടിയ എസ്‌ഐമാര്‍ പുതുതായി നിയമനം നേടിയെത്തുന്ന എസ്‌ഐമാര്‍ എന്നിവര്‍ തമ്മില്‍ ഒരു അധികാര തര്‍ക്കത്തിന് സാധ്യതയേറെയാണ്.
ഇത് ക്രമസമാധാന പാലന രംഗത്തും പൊലീസിന്‍റെ ഇടപെടലിലും കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കും. അതേസമയം സ്റ്റേഷന്‍റെ ചുമതല സിഐക്കാകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്ലാതെ എല്ലാറ്റിനും മുകളില്‍ വളരെ സീനിയറായ സിഐ ഉണ്ടാകും. ജൂനിയറായി എത്തുന്ന എസ്‌ഐയും ഈ എസ്‌ഐയെക്കാള്‍ സര്‍വീസ് കൂടുതലുള്ള സ്റ്റേഷനിലെ മറ്റ് എസ്‌ഐമാരും തമ്മില്‍ പലപ്പോഴും അധികാര വടംവലിക്കിടയാക്കും.
മാത്രമല്ല നിലവില്‍ 200 സ്‌റ്റേഷനുകള്‍ സിഐ ഭരണത്തിലേക്ക് മാറുമ്പോള്‍ ഇത്രയും സ്‌റ്റേഷനുകളില്‍ ഇന് സിഐ ഓഫിസ് പ്രത്യേകം സജ്ജമാക്കണം. ഓഫിസിനായി പുതുതായി കമ്പ്യൂട്ടറുകള്‍, ഫര്‍ണിച്ചറുകള്‍, സിഐക്ക് പ്രത്യേക ജീപ്പ് എന്നിവ പുതുതായി കണ്ടെത്തണം. ഇത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത കൂടിയാണ്. മാത്രമല്ല സിഐക്കൊപ്പം കേസ് അന്വേഷണത്തിനും മറ്റ് കാര്യങ്ങള്‍ക്കും ഒരു പൊലീസ് ടീമുണ്ടാകണം. ഈ ടീമിലേക്കുള്ള പൊലീസുകാരെ അദ്ദേഹത്തിന് കീഴില്‍ നിന്നുള്ള സ്റ്റേഷനില്‍ നിന്ന് കൊണ്ടുവരുമ്പോള്‍ പൊലീസ് സ്‌റ്റേഷനുകളില്‍ പൊലീസുകാരുടെ എണ്ണം കുറയുന്നത് പൊലീസിന്‍റെ കാര്യക്ഷമത കുറയ്ക്കുന്നതിനും പൊതുജനങ്ങള്‍ സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കഴിയാത്തുമായ സാഹചര്യമുണ്ടാക്കും.
ഇത് യുഡിഎഫ് സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുന്നതിന് വലിയൊരു പരിധിവരെ ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിഐ ഉള്ളതിനാല്‍ എസ്‌ഐമാരുടെ സ്ഥാന കയറ്റ സാധ്യത വളരെ കൂടുതലായിരുന്നു. എന്നാല്‍ സിഐമാര്‍ 200 സ്റ്റേഷനിലേക്ക് ചുരുങ്ങുമ്പോള്‍ അത് എസ്‌ഐമാരുടെ പ്രമോഷന്‍ സാധ്യതയെ കാര്യമായി ബാധിക്കും.
സിഐമാരായി പെന്‍ഷന്‍ പറ്റേണ്ട പലര്‍ക്കും എസ്‌ഐമാരായി വിരമിക്കേണ്ടിവരും. അതു കാരണം പ്രതിമാസ പെന്‍ഷനില്‍ മാത്രം പതിനായിരത്തോളം രൂപയുടെ കുറവുണ്ടാകുമെന്നും മുന്‍ ഡിജിപി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ കൈകളിലേക്ക് മാറുമെന്ന് പുതിയ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വീസില്‍ എസ്‌ഐമാരായി ചെറുപ്പത്തിലെത്തുന്ന എസ്‌ഐക്ക് രണ്ട് വര്‍ഷം കഴിയുമ്പോള്‍ സ്‌റ്റേഷന്‍ ചുമതല ലഭിക്കും. ഇത് ക്രമസമാധാന പാലനത്തിലും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ഗുണപരമായ മാറ്റത്തിനിടയാക്കും. എസ്‌ഐ ആയി ഏകദേശം 10 വര്‍ഷത്തോളം പൊലീസ് സ്റ്റേഷന്‍ ചുമതലയിലിരുന്ന് ക്രമസമാധാന ചുമതല കൈകാര്യം ചെയ്‌തും സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മനസിലാക്കിയും അവര്‍ മികച്ച ഉദ്യോഗസ്ഥരായി മാറിക്കഴിഞ്ഞാണ് സിഐമാരാകുന്നത്.
എന്നാല്‍ ഇപ്പോള്‍ എസ്‌ഐമാര്‍ക്ക് പ്രത്യേക ചുമതലകളൊന്നും ഇല്ലാതെ അവര്‍ 10 വര്‍ഷത്തോളം അലസമായി പൊലീസ് സ്റ്റേഷനുകളില്‍ ചെലവഴിക്കുകയും സ്ഥാന കയറ്റം ലഭിച്ച ശേഷം മാത്രം സ്റ്റേഷനിലെ കാര്യങ്ങള്‍ മനസിലാക്കുകയുമാണ് ചെയ്യുന്നതെന്ന് എസ്‌ഐ ആയും സിഐ ആയും എസ്എച്ച്ഒമാരായിരുന്ന നിരവധി ഡിവൈഎസ്‌പിമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഓഫിസര്‍മാരായി പൊലീസിലെത്തിയിരുന്നവരുടെ ഒരു തട്ട് ഇതുവരെ തകര്‍ന്നു കിടക്കുകയായിരുന്നെന്നും അതാണ് ഈ സര്‍ക്കാര്‍ തിരികെ കൊണ്ടുവരുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ കണക്കുകള്‍ ഇങ്ങനെ
- സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ എണ്ണം-482
- എസ്‌ഐമാര്‍ എസ്എച്ച്ഒ ആകുന്ന സ്റ്റേഷനുകള്‍-419
- സിഐമാര്‍ എസ്എച്ച്ഒ ആയി തുടരുന്ന സ്റ്റേഷനുകള്‍-63
- പൊലീസ് സേനയില്‍ സിപിഒ മുതല്‍ എസ്‌ഐ വരെയുള്ള പൊലീസുകാരുടെ എണ്ണം-46,703








