മലയാളത്തിന്‍റെ വാനമ്പാടി കെ. എസ്. ചിത്രയ്ക്ക് ഇന്ന് പിറന്നാള്‍

0
2

സംഗീതത്തിന് അതിരുകളില്ലെന്ന് ലോകത്തോട് തെളിയിച്ച അപൂർവ പ്രതിഭയാണ് കെ.എസ്. ചിത്ര. തലമുറകൾ മാറിയിട്ടും മാഞ്ഞുപോകാത്ത സ്വരമാധുര്യത്തിന്‍റെ ഉടമ. പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും ദുഃഖത്തിനും ഭക്തിക്കും ഒരുപോലെ ജീവൻ പകർന്ന ആ ശബ്‌ദം ഇന്ന് ഇന്ത്യയിലെ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയമിടിപ്പിന്‍റെ ഭാഗമാണ്. ഇന്ന് ഇതാ മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് 63ാം ജന്മദിനമാണ്.

കെ. എസ്. ചിത്രയുടെ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം മലയാളികള്‍ക്കുണ്ടാവില്ല. എപ്പോഴാണെന്നറിയില്ല എവിടെ നിന്നെങ്കിലും ആ സ്വരം ഒഴുകി കാതുകളിലേക്ക് എത്തിയിരിക്കും. അഞ്ചു പതിറ്റാണ്ടിലേറെയായി നീണ്ടയാത്രയില്‍ ചിത്ര കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളാണ്. മലയാളത്തിന്‍റെ മാത്രം ഗായികയല്ല മറിച്ച് ഇന്ത്യയുടെ ഗാനകോകിലമാണവര്‍.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി, ഒഡിയ, ബംഗാളി, അസമീസ്, തുളു, മറാത്തി, പഞ്ചാബി തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 25,000-ത്തിലധികം ഗാനങ്ങൾ ആലപിച്ച് അപൂർവ റെക്കോർഡ് സ്വന്തമാക്കിയ ഗായികയാണ് അവര്‍.

ജീവവായു പോലെ സംഗീതം

1963 ജൂലൈ 27-ന് തിരുവനന്തപുരം നഗരത്തിലാണ് കൃഷ്‌ണന്‍–ശാന്തകുമാരി ദമ്പതികളുടെ മകളായി കെ.എസ്. ചിത്ര ജനിച്ചത്. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻ നായരും സംഗീതാധ്യാപികയായ അമ്മ ശാന്തകുമാരിയും ചേർന്ന് സംഗീതത്തിന്‍റെ ലോകത്താണ് ചിത്രയെ വളർത്തിയത്. അതുകൊണ്ടുതന്നെ സംഗീതം ചിത്രയ്ക്ക് ഒരു തൊഴിൽ മേഖലയായിരുന്നില്ല; അത് ജീവ ശ്വാസം തന്നെയായിരുന്നു.

അഞ്ചു വയസുള്ളപ്പോഴാണ് ചിത്ര ആകാശവാണിക്ക് വേണ്ടി ആദ്യമായി പാടിയത്. കുഞ്ഞു ചിത്രയുടെ ആ സ്വരം സംഗീത ലോകത്തിന്‍റെ ശ്രദ്ധ അന്നു തന്നെ പിടിച്ചുപറ്റിയിരുന്നു.

പിന്നീട് എം.ജി. രാധാകൃഷ്‌ണന്‍റെ പിന്തുണയോടെ സിനിമാസംഗീതത്തിലേക്കുള്ള വാതിൽ തുറന്നു. 1979-ൽ പുറത്തിറങ്ങിയ ‘കുമ്മാട്ടി’ എന്ന ചിത്രത്തിൽ കോറസ് ഗായികയായി സിനിമയിലെത്തിയ ചിത്ര, പിന്നീട് മലയാളത്തിന്‍റെ എക്കാലത്തെയും മഹാഗായികയായി വളർന്നു.

മലയാളത്തിന്‍റെ വാനമ്പാടി

ചിത്രയുടെ സ്വരമാധുര്യം മലയാളികള്‍ ഞെഞ്ചേറ്റാന്‍ തുടങ്ങിയത് എണ്‍പതുകളിലാണ്. എം.ജി രാധാകൃഷ്‌ണന്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍, എസ്. പി. വെങ്കിടേഷ്, വിദ്യാസാഗര്‍, മോഹന്‍ സിത്താര, കൈതപ്രം വിശ്വാഥന്‍ തുടങ്ങി അനേകം സംഗീത സംവിധായകരുടെ ഗാനങ്ങള്‍ക്ക് ചിത്രം ശബ്‌ദം നല്‍കി.

മഞ്ഞൾപ്രസാദവും…, ഇന്ദുപുഷ്പം ചൂടി…, ശശികല ചാർത്തിയ…, രാജ ഹംസമേ, കാർമുകിൽ വർണന്‍റെ…, കളരിവിളക്ക് തെളിഞ്ഞതാണോ…തുടങ്ങി ചിത്രയുടെ മനോഹരമായ ശബ്‌ദത്തില്‍ പിറന്ന ഒട്ടേറെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചവയില്‍ ചിലത് മാത്രമാണ്.

ചിത്രയുടെ സ്വരത്തിന് വലിയ പ്രത്യേകത ഭാവമാണ്. സിനിമയില്‍ കഥാപാത്രത്തിന്‍റെ മനസറിഞ്ഞ് പാടുന്ന ആലാപന ശൈലി മറ്റെല്ലാ ഗായികമാരില്‍ നിന്നും വേറിട്ടു നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നയാണ് ഓരോ ഗാനം കേള്‍ക്കുമ്പോഴും കേള്‍ക്കുന്നവരുടെ മനസിലേക്ക് നേരിട്ട് പതിയുന്ന അനുഭവമായി മാറുന്നത്.

ഇന്ത്യ മുഴുവൻ കീഴടക്കിയ സ്വരമാധുര്യം

ചിത്രയുടെ യാത്ര മലയാളത്തില്‍ മാത്രമല്ല ഒതുങ്ങിയത്. തമിഴിൽ അവർ ചിന്നക്കുയിൽ, തെലുഗുവില്‍ സംഗീത സരസ്വതി, കന്നഡയിൽ ഗാനകോകില, ഉത്തരേന്ത്യയിൽ പിയ ബസന്തി എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ചിത്രയ്ക്കുണ്ടായത്.

തമിഴിൽ ഇളയരാജയുടെയും എ.ആർ. റഹ്മാന്റെയും സംഗീതത്തിൽ പിറന്ന ഗാനങ്ങൾ ചിത്രയെ ദക്ഷിണേന്ത്യയുടെ ഏറ്റവും വലിയ ഗായികയാക്കി. ഹിന്ദിയിൽ അനു മാലിക്, ലക്ഷ്മികാന്ത്-പ്യാരേലാൽ, എ.ആർ. റഹ്മാൻ തുടങ്ങി പ്രമുഖ സംഗീതസംവിധായകരോടൊപ്പം പ്രവർത്തിച്ച ചിത്ര, ഉത്തരേന്ത്യയിലും ആരാധകരെ സ്വന്തമാക്കി. ഭാഷകൾ മാറിയെങ്കിലും ചിത്രയുടെ ശബ്ദത്തിലെ മാധുര്യവും ഭാവവും ഒരിക്കലും മാറിയില്ല. അതാണ് ചിത്രയെ ദേശീയതലത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗായികമാരിൽ ഒരാളാക്കി മാറ്റിയത്.

ദേശീയ പുരസ്കാരങ്ങളുടെ ചരിത്രം

മികച്ച പിന്നണി ഗായികയ്ക്കുള്ള ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ ഗായികയാണ് കെ.എസ്. ചിത്ര. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരം നേടിയ വനിതാ പിന്നണി ഗായികമാരിൽ ഒരാളാണ് അവർ.

ദേശീയ പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളുടെ പട്ടിക സംഗീതചരിത്രത്തിലെ സുവർണ അധ്യായമാണ്.

1985 – സിന്ധു ഭൈരവി (തമിഴ്)

1986 – നഖക്ഷതങ്ങൾ (മലയാളം)

1988 – വൈശാലി (മലയാളം)

1996 – മിൻസാര കനവ് (തമിഴ്)

1997 – വിരാസത് (ഹിന്ദി)

2004 – ഓട്ടോഗ്രാഫ് (തമിഴ്)

മലയാളത്തിലെ ഒരു ഗായിക ഹിന്ദി ചിത്രത്തില്‍ പാടി ദേശീയ അവാര്‍ഡ് വാങ്ങിയതും ചിത്ര തന്നെയാണ്. അങ്ങനെ ഭാഷകള്‍ക്കതീതമായി തന്‍റെ പ്രതിഭ തെളിയിച്ച ഗായികയാണ് കെ. എസ്. ചിത്ര. ഇതുവരെ പതിമൂന്ന് ഭാഷകളിലാണ് ചിത്ര ഗാനങ്ങള്‍ ആലപിച്ചത്.

ദേശീയ പുരസ്‌കാരങ്ങള്‍ പോലെ തന്നെ സംസ്ഥാന പുരസ്‌കാരങ്ങളിലും ചിത്രയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങളുണ്ട്. 43 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ചിത്ര സ്വന്തമാക്കിയിട്ടുണ്ട്.

കേരളം – 16 തവണ

ആന്ധ്രപ്രദേശ് – 11 തവണ

തമിഴ്നാട് – 4 തവണ

കർണാടക – 3 തവണ

ഒഡീഷ – 1 തവണ

പശ്ചിമബംഗാൾ – 1 തവണ

മറ്റ് സംസ്ഥാനങ്ങളിലെയും അംഗീകാരങ്ങൾ ചേർന്നാണ് 43 എന്ന അപൂർവ നേട്ടം. അതിൽ ഏറ്റവും ശ്രദ്ധേയമായത് 1985 മുതൽ 1995 വരെ തുടർച്ചയായി 10 വർഷം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായികയായത് എന്ന റെക്കോർഡാണ്. ഇന്നും മറ്റാർക്കും മറികടക്കാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടമാണിത്. ഇതുകൂടാതെ ഇന്ത്യന്‍ സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ക്ക് കെ. എസ്. ചിത്രയ്ക്ക് രാജ്യം 2005 ല്‍ പത്മശ്രീയും 2021 ല്‍ പത്മഭൂഷണും നല്‍കി ആ ഗായികയെ ആദരിച്ചു.

ഇതിന് പുറമെ ഫിലിംഫെയർ അവാർഡുകൾ, ദേശീയ-അന്തർദേശീയ സംഗീതപുരസ്കാരങ്ങൾ, ജീവിതസാഫല്യ പുരസ്കാരങ്ങൾ തുടങ്ങി നൂറുകണക്കിന് അംഗീകാരങ്ങൾ ചിത്രയെ തേടിയെത്തിയിട്ടുണ്ട്.

ജീവിതത്തിലെ വേദനകൾ

വേദികളിൽ എപ്പോഴും പുഞ്ചിരിയോടെ നിൽക്കുന്ന ചിത്രയുടെ ജീവിതത്തിലും വലിയ ദുഃഖങ്ങൾ ഉണ്ടായിരുന്നു. ഏകമകളായ നന്ദനയുടെ അകാലവിയോഗം ചിത്രയെയും കുടുംബത്തെയും തകർത്ത സംഭവമായിരുന്നു. എന്നാൽ ആ വേദനയെ മനസ്സിൽ ഒതുക്കി വീണ്ടും സംഗീതത്തിലേക്ക് തിരിച്ചുവന്ന ചിത്ര, ജീവിതത്തിലെ ഏറ്റവും വലിയ ശക്തി സംഗീതമാണെന്ന് ലോകത്തോട് തെളിയിച്ചു.

ഇന്നും അതേ മാധുര്യം

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ചിത്രയുടെ ശബ്ദത്തിന് പ്രായമായിട്ടില്ല. സിനിമാഗാനങ്ങൾക്കൊപ്പം ഭക്തിഗാനങ്ങൾ, ഗസലുകൾ, സ്വകാര്യ ആൽബങ്ങൾ, ലൈവ് കച്ചേരികൾ, റിയാലിറ്റി ഷോകൾ എന്നിവയിലൂടെയും അവർ സംഗീതലോകത്ത് സജീവമാണ്.

പുതിയ തലമുറയിലെ ഗായകർക്ക് പ്രചോദനവും സംഗീതാസ്വാദകർക്ക് എന്നും ആശ്വാസവുമായാണ് ചിത്ര ഇന്നും നിലകൊള്ളുന്നത്.

മലയാളിയുടെ സ്വകാര്യ അഭിമാനം

മലയാളികളുടെ ജീവിതത്തിലെ ഓരോ ആഘോഷത്തിനും ഓരോ വികാരത്തിനും ഒപ്പം സഞ്ചരിക്കുന്ന ശബ്ദമാണ് കെ.എസ്. ചിത്ര. പ്രണയഗാനങ്ങളിലും താരാട്ടുകളിലും ഭക്തിഗാനങ്ങളിലും വിരഹഗാനങ്ങളിലും ഒരുപോലെ ആത്മാവ് പകർന്ന ആ മാന്ത്രിക ശബ്‌ദം മലയാളികള്‍ക്ക് എന്നും പ്രിയമാണ്.

സംഗീതം കേൾക്കുന്നിടത്തോളം കാലം കെ.എസ്. ചിത്ര എന്ന പേര് മായുകയില്ല. അവരുടെ ഓരോ ഗാനവും തലമുറകളെ ബന്ധിപ്പിക്കുന്ന അനശ്വര സ്വരമാണ്.

സ്വരമാധുരിയുടെ ഈ മഹാസമുദ്രത്തിന് ഇ ടിവിയുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഇനിയും ഒരായിരം ഗാനങ്ങൾ കൊണ്ട് ലോകത്തെ സംഗീതസമ്പന്നമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here