കോഴിക്കോട്: സംസ്ഥാനത്ത് ഓണക്കാലത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ട് ദിവസം മുൻപ് വരെ കിലോയ്ക്ക് 35 രൂപയായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 55 രൂപയിലെത്തി. മുംബൈയിൽ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതാണ് സവാള വില വർധിക്കാൻ പ്രധാന കാരണം.
മൊത്തവ്യാപാര കേന്ദ്രങ്ങളിലെ സ്റ്റോക്ക് തീർന്നാൽ വില ഇനിയും ഉയരുമെന്നാണ് ചില്ലറ വിൽപനക്കാർ വ്യക്തമാക്കുന്നത്. നിലവിൽ സ്റ്റോക്കുള്ള സവാളയാണ് വിറ്റുപോകുന്നതെന്നും ഇത് തീരുമ്പോഴേക്കും പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ വില വീണ്ടും വർധിക്കുമെന്നും കൊയിലാണ്ടിയിലെ ചില്ലറ വിൽപന കടയുടമ ബാലകൃഷ്‌ണൻ ഇടിവി ഭാരതിനോട് പറഞ്ഞു. ഓണക്കാലം കഴിഞ്ഞാലും സവാളയ്ക്ക് വിപണിയിൽ വലിയ ആവശ്യക്കാരുണ്ടാകും. തിരുവോണത്തിൻ്റെ പിറ്റേന്ന് മുതൽ ബിരിയാണിയടക്കം മാംസാഹാരങ്ങൾക്കായി കാറ്ററിങ് സ്ഥാപനങ്ങൾക്ക് വലിയ രീതിയിലുള്ള ഓർഡറുകളാണ് ലഭിച്ചിരിക്കുന്നത്. ഹോട്ടലുകളിലും ഈ സമയത്ത് കച്ചവടം വൻതോതിൽ വർധിക്കും.
ഇഞ്ചിക്കും നേന്ത്രപ്പഴത്തിനും പൊള്ളുന്ന വില
സാമ്പാർ വിഭവങ്ങൾക്ക് മൊത്തത്തിൽ വലിയ രീതിയിൽ വില കൂടിയിട്ടില്ലെങ്കിലും കാരറ്റിനും ബീറ്റ്‌റൂട്ടിനും കിലോയ്ക്ക് 90 രൂപയാണ് നിലവിലെ വില. സ്‌കൂളുകളിലെയും ഓഫിസുകളിലെയും ഓണാഘോഷ പരിപാടികൾ അവസാനിച്ചുവരികയാണെങ്കിലും വീടുകളിലേക്ക് ആഘോഷങ്ങൾ എത്തുമ്പോൾ സാമ്പാർ പച്ചക്കറികളിൽ ചിലതിന് ഇനിയും വില കൂടിയേക്കാമെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
വിപണിയിൽ ഇഞ്ചിക്ക് കിലോയ്ക്ക് 250 രൂപയും ചെറുനാരങ്ങയ്ക്ക് 150 രൂപയുമാണ് വില. പാവയ്ക്ക കിലോയ്ക്ക് 70 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. ഇതോടൊപ്പം നേന്ത്രപ്പഴത്തിൻ്റെ വിലയും കുത്തനെ വർധിച്ചിട്ടുണ്ട്. കിലോയ്ക്ക് 75 രൂപയ്ക്ക് മുകളിലാണ് ഇപ്പോഴത്തെ വില. ചിപ്‌സിനും ഉപ്പേരിക്കും നേന്ത്രക്കുലകൾ കൂടുതലായി വിറ്റഴിക്കപ്പെട്ടതോടെയാണ് പഴത്തിന് ആവശ്യക്കാർ ഏറിയത്. എന്നാൽ ഓണം കഴിയുന്നതോടെ പഴത്തിൻ്റെ വില പഴയപടിയാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
കേരളത്തിൽ പച്ചക്കറി വില ക്രമാതീതമായി വർധിക്കുന്നതിന് പിന്നിൽ കാലാവസ്ഥാ വ്യതിയാനവും ഉൽപാദനക്കുറവും ഉയർന്ന ഇന്ധന ചരക്കുകൂലിയുമാണ് പ്രധാന കാരണങ്ങൾ. പച്ചക്കറി ഉപഭോഗത്തിനായി കേരളം പ്രധാനമായും തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാൽ അവിടുത്തെ വിപണിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും കേരളത്തെ നേരിട്ട് ബാധിക്കുന്നു.
അയൽസംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന അതികഠിനമായ വേനലും കൃത്യമല്ലാത്ത കനത്ത മഴയും പച്ചക്കറി ഉൽപാദനത്തെ വൻതോതിൽ ദോഷകരമായി ബാധിച്ചിട്ടുണ്ട്. അസമയത്തുള്ള മഴകാരണം കൃഷിയിടങ്ങളിൽ വെള്ളം കയറി വൻതോതിൽ വിളനാശം സംഭവിക്കുകയും വിപണിയിൽ പച്ചക്കറികളുടെ വരവ് കുറയുകയും ചെയ്‌തു. ഇന്ധനവിലയിലുണ്ടായ വർധന മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ലോറി വാടകയും മറ്റ് യാത്രാച്ചെലവുകളും കുത്തനെ ഉയർന്നു.
കൂടാതെ കൃഷിക്കാവശ്യമായ വളം, വിത്ത് എന്നിവയുടെ വിലയും തൊഴിലാളികളുടെ കൂലിയും വർധിച്ചതിനാൽ ഉൽപാദനച്ചെലവ് ഉയർന്നതും ചില്ലറ വിപണിവിലയെ ബാധിച്ചിട്ടുണ്ട്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വിപണി വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് പോലുള്ള പൊതുസംവിധാനങ്ങളുടെ ശക്തമായ ഇടപെടലുകൾ കൃത്യസമയത്ത് ഉണ്ടാകാത്തതാണ് ചില്ലറ വ്യാപാരികൾ വില വീണ്ടും ഉയർത്താൻ കാരണമാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഓണവിപണി ലക്ഷ്യമാക്കി സർക്കാർ പ്രഖ്യാപിച്ച പ്രത്യേക ചന്തകൾ പലയിടത്തും കാര്യക്ഷമമല്ലാത്തതും സാധാരണക്കാർക്ക് തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളിൽ സർക്കാർ ഇടപെടൽ ഊർജിതമാക്കിയില്ലെങ്കിൽ അവശ്യസാധനങ്ങളുടെ വില ഇനിയും കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.









