വെച്ചൂരിന് പിന്നാലെ പെരിയാർ പശുവും; കേരളത്തിന് അഭിമാനമായി ദേശീയ ബ്രീഡ് പദവി

0
8

എറണാകുളം: കേരളത്തിൻ്റെ തനതു പശുവിനമായ പെരിയാർ പശുവിന് ദേശീയതലത്തിൽ ഔദ്യോഗിക ബ്രീഡ് പദവി ലഭിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിൻ്റെ (ഐസിഎആർ) കീഴിൽ ഹരിയാനയിലെ കർണാലിലുള്ള നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്‌സസ് (എൻബിഎജിആർ) ആണ് സുപ്രധാനമായ ഈ അംഗീകാരം പ്രഖ്യാപിച്ചത്. വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു നാടൻ പശു ഈ നേട്ടം സ്വന്തമാക്കുന്നത്.

കേന്ദ്ര മൃഗസംരക്ഷണ ക്ഷീര മന്ത്രാലയം, ദേശീയ കാർഷിക ഗവേഷണ കൗൺസിൽ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട ഉന്നതതല ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയാണ് വിശദമായ പരിശോധനകൾക്ക് ശേഷം പെരിയാർ പശുവിനെ പുതിയ ബ്രീഡായി അംഗീകരിച്ചത്. വെച്ചൂർ പശു, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, തലശ്ശേരി കോഴി എന്നിവയാണ് ഇതിന് മുൻപ് കേരളത്തിൽ നിന്ന് ദേശീയ ബ്രീഡ് പട്ടികയിൽ ഇടംനേടിയത്.

കോസ് കുര്യൻ്റെ പോരാട്ടം
ഏഴു വർഷത്തിലേറെ നീണ്ട ശാസ്ത്രീയ നിരീക്ഷണങ്ങൾക്കും ജനിതക പരിശോധനകൾക്കും ഒടുവിലാണ് ഈ നേട്ടം. എൻജിനീയറിങ് ബിരുദധാരിയും പൂർണസമയ ക്ഷീരകർഷകനുമായ കോസ് കുര്യൻ്റെ ദീർഘവീക്ഷണമാണ് ഇതിന് പിന്നിൽ. ബിരുദപഠനത്തിന് ശേഷം ട്രാവൻകൂർ റയോൺസിലും എച്ച്ഡിഎഫ്സി ബാങ്കിലും ജോലി ചെയ്തിരുന്ന അദ്ദേഹം കാർഷിക മേഖലയോടുള്ള താത്പര്യം കാരണമാണ് ക്ഷീരമേഖലയിലേക്ക് എത്തിയത്. പെരിയാർ പശുവിന് ബ്രീഡ് പദവി നേടിയെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കോസ് കുര്യൻ ഇടിവി ഭാരതിനോട് വ്യക്തമാക്കി.

ഒരു പ്രദേശത്തെ നാടൻ ജീവിവർഗത്തിന് ബ്രീഡ് പദവി ലഭിക്കാൻ കുറഞ്ഞത് ആയിരം എണ്ണമെങ്കിലും വേണമെന്ന കർശന നിബന്ധന എൻബിഎജിആർ മുന്നോട്ടുവച്ചിരുന്നു. വംശനാശഭീഷണി നേരിട്ടിരുന്ന ഇവയുടെ എണ്ണം വർധിപ്പിക്കാൻ കോസ് കുര്യൻ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചു. താൻ മാനേജറായ കോടനാട് മാർ ഔഗേൻ ഹൈസ്കൂളിലെ പത്ത് കുട്ടികൾക്ക് അദ്ദേഹം സൗജന്യമായി പശുക്കിടാങ്ങളെ നൽകി. ഇവയ്ക്കുണ്ടാകുന്ന ആദ്യ കിടാവിനെ മറ്റ് കുട്ടികൾക്ക് സൗജന്യമായി നൽകണമെന്ന നിബന്ധന മാത്രമാണ് വച്ചത്. ഈ ആശയത്തിലൂടെ പെരിയാർ പശുക്കളുടെ വ്യാപനം വേഗത്തിലായി. നിലവിൽ നൂറോളം പശുക്കളെ സ്വന്തമായി പരിപാലിക്കുന്ന അദ്ദേഹം ജനകീയ പങ്കാളിത്തത്തിലൂടെ ഒരു നാടൻ വംശത്തെ പുനരുജ്ജീവിപ്പിക്കാമെന്ന് തെളിയിച്ചു.

ജനിതക വൈവിധ്യവും പരിശോധനകളും
രാജ്യത്ത് നിലവിൽ അംഗീകാരമുള്ള മറ്റ് പശുക്കളുമായി സാമ്യം പാടില്ലെന്നും തലമുറകളോളം സവിശേഷതകൾ തുടരണമെന്നുമായിരുന്നു പ്രധാന മാനദണ്ഡം. ഇതിനായി പശുക്കളുടെയും കാളകളുടെയും ഡിഎൻഎ പരിശോധനകൾ നടത്തി വംശശുദ്ധി ഉറപ്പുവരുത്തി. മറ്റ് തദ്ദേശീയ ഇനങ്ങളിൽ നിന്നുള്ള ശാരീരികവും ജനിതകവുമായ വൈവിധ്യം ശാസ്ത്രീയമായി തെളിയിച്ചതോടെയാണ് അംഗീകാരം ലഭിച്ചത്.

പെരിയാർ കുള്ളൻ, പെരിയാർ പശു, കുട്ടമ്പുഴ പശു എന്നിങ്ങനെ വിവിധ പേരുകളിൽ ഇവ അറിയപ്പെടുന്നു. എറണാകുളം ജില്ലയിലെ കോടനാട്, കാലടി, മലയാറ്റൂർ, പാണിയേലി, കുട്ടമ്പുഴ, വടാട്ടുപാറ, ചാരുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. പെരിയാറിൻ്റെ തീരപ്രദേശങ്ങളിലും വനാതിർത്തികളിലുമുള്ള വീടുകളിൽ മുൻപ് ഈ പശുക്കൾ ധാരാളമുണ്ടായിരുന്നു. സങ്കരയിനം പശുക്കളുടെ വരവും വന്യജീവി ആക്രമണങ്ങളും കാരണം എണ്ണം കുറഞ്ഞു. നിലവിൽ മൂവായിരത്തോളം പെരിയാർ പശുക്കൾ മാത്രമാണ് അവശേഷിക്കുന്നത്.

സവിശേഷതകളും സാമ്പത്തിക നേട്ടവും
ഇടത്തരം ശരീര വലുപ്പമുള്ള ഇവയ്ക്ക് 150 മുതൽ 200 കിലോഗ്രാം വരെ ഭാരവും 105 മുതൽ 110 സെൻ്റീമീറ്റർ വരെ ഉയരവുമുണ്ടാകും. തവിട്ട്, കറുപ്പ്, ചാര നിറങ്ങളിലാണ് കാണപ്പെടുന്നത്. തിരശ്ചീനമായി നിൽക്കുന്ന ചെവികൾ, വളഞ്ഞ കൊമ്പുകൾ, ആൺ പശുക്കളിലെ വ്യക്തമായ കൂമ്പാരം എന്നിവയാണ് പ്രധാന സവിശേഷതകൾ. ഒതുക്കമുള്ള ശരീരഘടന പ്രതികൂല കാലാവസ്ഥയിലും രോഗങ്ങളെ പ്രതിരോധിച്ച് ജീവിക്കാൻ സഹായിക്കുന്നു.

പ്രതിദിനം മൂന്ന് മുതൽ നാല് ലിറ്റർ വരെ പാൽ മാത്രമാണ് നൽകുന്നതെങ്കിലും കൊഴുപ്പും പോഷകമൂല്യവും ഔഷധഗുണവും കൂടുതലാണ്. സങ്കരയിനം പശുക്കളുടെ പാലിൽ എ1 ബീറ്റാ കാസീൻ പ്രോട്ടീൻ അടങ്ങിയിരിക്കുമ്പോൾ പെരിയാർ പശുവിൻ്റെ പാലിൽ ആരോഗ്യത്തിന് ഉത്തമമായ എ2 ബീറ്റാ കാസീൻ പ്രോട്ടീനാണുള്ളത്. സാധാരണ പാലിന് ലിറ്ററിന് 60 രൂപയുള്ളപ്പോൾ പെരിയാർ പശുവിൻ്റെ പാലിന് 100 രൂപ വരെ വിപണിയിൽ വില ലഭിക്കുന്നുണ്ട്.

ശാന്തസ്വഭാവക്കാരായ ഇവയെ പരിപാലിക്കാൻ വളരെ എളുപ്പമാണ്. അമിതമായ പരിചരണമോ വിലകൂടിയ കൃത്രിമ കാലിത്തീറ്റകളോ ആവശ്യമില്ല. പറമ്പുകളിൽ മേഞ്ഞുനടക്കുന്ന പുല്ലും സാധാരണ തീറ്റയും കഴിച്ച് ഇവ ജീവിക്കുന്നു. പാലിലൂടെ മാത്രമല്ല ഉയർന്ന പോഷകഗുണമുള്ള ചാണകവും മൂത്രവും ജൈവവളമായി വിറ്റഴിച്ചും ഉത്പന്നങ്ങൾ നിർമിച്ചും കർഷകർക്ക് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കോസ് കുര്യൻ ചൂണ്ടിക്കാണിക്കുന്നു.

ദേശീയതലത്തിൽ ബ്രീഡ് പദവി ലഭിച്ചതോടെ പെരിയാർ പശുക്കളുടെ സംരക്ഷണത്തിന് പുതിയ വാതിലുകളാണ് തുറക്കപ്പെടുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നും ഇവയുടെ സംരക്ഷണത്തിനും ഗവേഷണങ്ങൾക്കുമായി ഫണ്ടുകളും സാങ്കേതിക പിന്തുണയും ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here