മുതിർന്നവരിൽ മൂന്നിലൊരാൾക്ക് ഉയർന്ന രക്തസമ്മർദമുണ്ടെന്നും ഇതിൽ ഭൂരിഭാഗം പേരും രോഗവിവരം അറിയുന്നില്ലെന്നും പുതിയ പഠന റിപ്പോർട്ട്. ബിഎംജെ പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച 14 ലക്ഷം പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ചികിത്സ തേടുന്നവരിൽ പകുതിപ്പേർക്ക് മാത്രമാണ് രക്തസമ്മർദം നിയന്ത്രിക്കാൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
യുകെയിലെ ഏറ്റവും വലിയ ആരോഗ്യ ഗവേഷണ പദ്ധതിയായ അവർ ഫ്യൂച്ചർ ഹെൽത്തിൻ്റെ ഭാഗമായി 2022 മുതൽ 2025 വരെ ശേഖരിച്ച വിവരങ്ങളാണ് ഓക്സ്ഫഡ് പോപ്പുലേഷൻ ഹെൽത്തിലെ ഗവേഷകർ വിശകലനം ചെയ്തത്. ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം എന്നിവയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. എന്നിട്ടും ഇംഗ്ലണ്ടിൽ എത്രത്തോളം പേർ രോഗം തിരിച്ചറിയാതെയോ കൃത്യമായ ചികിത്സ ലഭിക്കാതെയോ ജീവിക്കുന്നുണ്ടെന്നതിൻ്റെ വ്യക്തമായ ചിത്രം നൽകുന്നതാണ് പുതിയ പഠനം.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം സിസ്റ്റോളിക് രക്തസമ്മർദം 140 എംഎംഎച്ച്ജിയോ അതിനുമുകളിലോ, ഡയസ്റ്റോളിക് 90 എംഎംഎച്ച്ജിയോ അതിനുമുകളിലോ ഉള്ള അവസ്ഥയാണ് ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദം. രക്തസമ്മർദം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരെയും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദം പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ ഇതിനെ നിശ്ശബ്ദ കൊലയാളി എന്നാണ് വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. അതിനാൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
പ്രധാന കണ്ടെത്തലുകൾ
പഠനത്തിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദമുണ്ട്. 18 മുതൽ 39 വരെ പ്രായമുള്ളവരിൽ 15 ശതമാനം പേർക്കും 80 വയസ്സിന് മുകളിലുള്ളവരിൽ 71 ശതമാനം പേർക്കും രോഗമുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത കൂടുതൽ. പുരുഷന്മാരിൽ 42 ശതമാനത്തിനും സ്ത്രീകളിൽ 29 ശതമാനത്തിനും രക്തസമ്മർദമുണ്ട്. രോഗമുള്ളവരിൽ 59 ശതമാനം പേരും തങ്ങളുടെ അവസ്ഥ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ ഒരിക്കൽപ്പോലും രോഗനിർണയം നടത്തുകയോ മരുന്നുകൾ കഴിക്കുകയോ ചെയ്തിട്ടില്ല. മരുന്ന് കഴിക്കുന്നവരിൽ തന്നെ പകുതിപ്പേർക്കും രക്തസമ്മർദം നിയന്ത്രണവിധേയമല്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
നിലവിലെ ചികിത്സാ മാർഗനിർദേശങ്ങൾ പലപ്പോഴും രോഗനിർണയം വൈകിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് പലതവണ പരിശോധന നടത്തണമെന്നും മരുന്നുകൾക്ക് മുൻപായി ജീവിതശൈലിയിൽ മാറ്റം വരുത്തണമെന്നുമുള്ള നിർദേശങ്ങൾ കാരണം പലർക്കും കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നില്ല. ഉയർന്ന രക്തസമ്മർദം കണ്ടെത്താനും ചികിത്സിക്കാനുമുള്ള നിലവിലെ രീതികൾ പര്യാപ്തമല്ലെന്ന് ഓക്സ്ഫഡ് പോപ്പുലേഷൻ ഹെൽത്തിലെ മെഡിക്കൽ സ്റ്റാറ്റിസ്റ്റിഷ്യനും പഠനത്തിന് നേതൃത്വം നൽകിയ വ്യക്തിയുമായ വെൻയു ലിയു വ്യക്തമാക്കി. യുവാക്കളിൽ പോലും രോഗം വ്യാപകമാണെന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യകത വർധിപ്പിക്കുന്നു.
ഉയർന്ന രക്തസമ്മർദമുള്ള പല രോഗികളെയും കണ്ടെത്താനായിട്ടില്ലെന്നും ചികിത്സ അപൂർണമാണെന്നും അവർ ഫ്യൂച്ചർ ഹെൽത്ത് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫിസർ ഇയാൻ ടേൺബുൾ പറഞ്ഞു. ഹൃദ്രോഗ സാധ്യത മുൻകൂട്ടി കണ്ട് ചികിത്സ ആരംഭിക്കേണ്ടതുണ്ട്.
യുകെയിൽ തിരിച്ചറിയപ്പെടാത്ത രക്തസമ്മർദമുള്ളവരുടെ എണ്ണം ആശങ്കാജനകമാണെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ചീഫ് സയൻ്റിഫിക് ആൻഡ് മെഡിക്കൽ ഓഫിസർ പ്രൊഫസർ ബ്രയാൻ വില്യംസ് പ്രതികരിച്ചു. രാജ്യത്തെ പകുതിയോളം ഹൃദയാഘാതങ്ങൾക്കും പക്ഷാഘാതങ്ങൾക്കും കാരണം ഉയർന്ന രക്തസമ്മർദമാണ്. ദശലക്ഷക്കണക്കിന് ആളുകൾ രോഗവിവരം അറിയാതെ ജീവിക്കുന്നത് വലിയ അപകടമാണെന്നും നേരത്തെയുള്ള രോഗനിർണയത്തിലൂടെ പതിനായിരക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







