പഞ്ചാബിലെ ബിജെപി നേതാവ് ഹർജിത് സിംഗ് ഗ്രെവാളിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചു. രണ്ടാം തവണയാണ് സിഖ് സമുദായത്തിൽ നിന്ന് ഒരാൾ ഈ സ്ഥാനത്തേക്ക് വരുന്നത്. തമിഴ്നാട്ടിലെ ബിജെപി നേതാവ് എസ് മുനവറി ബീഗത്തെ വൈസ് ചെയർ പേഴ്സനായി നിയമിച്ചു. ക്രിസ്റ്റ്യൻ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയായി ഗോവയിലെ ബിജെപി മുൻ എംഎൽഎ ഗ്ലെൻ ഇ സൂസ ടിക്ലോയെയും തിരഞ്ഞെടുത്തു.
ഇത് സംബന്ധിച്ച് ന്യൂനപക്ഷകാര്യ മന്ത്രാലയം ജൂലൈ 16-ന് വിജ്ഞാപനം പുറത്തിറക്കി. ചുമതലയേറ്റെടുക്കുന്ന തീയതി മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും ഹർജിത് സിംഗിന്റെ കാലാവധി. നേരത്തെ മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനായിരുന്നു കമ്മീഷനിലെ ക്രിസ്ത്യൻ അംഗം.
മുൻ ചെയർമാനായ ഇഖ്ബാൽ സിങ് ലാൽപുരയുടെ കാലാവധി 2025 ഏപ്രിലിൽ അവസാനിച്ചതിനെ തുടർന്ന് ഒരു വർഷത്തിലേറെയായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്കാണ് ഗ്രെവാളിന്റെ നിയമനം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാൽ അദ്ധ്യക്ഷ നിയമനമെന്നാണ് വിവരം.
2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം നടന്നത്.
അടുത്തിടെ കേവൽ സിംഗ് ധില്ലോനെ പഞ്ചാബ് ബിജെപി അധ്യക്ഷനായി നിയമിച്ചതിന് പിന്നാലെയാണ് ഗ്രെവാളിനും സുപ്രധാന പദവി ലഭിച്ചിരിക്കുന്നത്.
ബർണാല ജില്ലയിലെ ധനൗല സ്വദേശിയാണ് ഹർജിത് സിംഗ്. ഏറെ നാളായി ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു. തുടർന്ന് സംഘടനാ തലത്തിൽ വിവിധ ചുമതലകൾ വഹിച്ചു.
ബിജെപി ദേശീയ സെക്രട്ടറി, ബിജെപി കിസാൻ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും, പഞ്ചാബ് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും ഉൾപ്പെടെ നിരവധി സംഘടനാ ചുമതലകൾ ഗ്രെവാൾ വഹിച്ചിട്ടുണ്ട്.








