തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ആരായിരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ചില റിപ്പോർട്ടുകൾ പറയുന്നത് പ്രകാരം കെഎൻ ബാലഗോപാലിനെയാണ് സിപിഎം ഈ പദവിയിലേക്ക് പരിഗണിക്കുന്നത്. പരിചയസമ്പത്തുള്ള നേതാവും, ട്രേഡ് യൂണിയൻ രംഗത്തെ പരിചയവും, ജയിച്ച സിപിഎം നേതാക്കളിൽ മുതിർന്നയാളെന്നതും, ധനമന്ത്രിയെന്ന നിലയിൽ കാഴ്ചവെച്ച മികച്ച പ്രകടനവുമെല്ലാം ബാലഗോപാലിനെ പരിഗണിക്കുന്നതിന് തുണയാകുന്നുണ്ട്. പിണറായിക്കു ശേഷം ശക്തനായ ഒരു നേതാവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർത്താനില്ലായെന്ന പോരായ്മ പല കോണുകളിൽ നിന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പിണറായി വിജയൻ തന്നെയാകും ഈ പദവി ഏറ്റെടുക്കുക എന്ന അഭ്യൂഹങ്ങൾ നേരത്തെ കേട്ടിരുന്നു. എന്നാൽ, നിലവിൽ മോശം പ്രതിച്ഛായയുള്ള പിണറായി വിജയൻ പ്രതിപക്ഷ നേതാവായാൽ ഭരണപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാകുമെന്ന വിമർശനവും ഇതിനിടയിലുണ്ടായി. പൊതുവെ സിപിഎമ്മിലെ കണ്ണൂർ ക്യാമ്പിന് വലിയ ക്ഷീണമാണ് സംഭവിച്ചിരിക്കുന്നത്. ഈ സന്ദർഭത്തിൽ തെക്കൻ മേഖലയിലെ നേതാക്കൾ സമ്മർദ്ദം ഉയർത്തുന്നതായും റിപ്പോർട്ടുണ്ട്. പിണറായി വിജയൻ തന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പിൻവാങ്ങി നിൽക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവിന് ആവശ്യമായ സജീവത പുലർത്താനും തുടർച്ചയായി സഞ്ചരിക്കാനുമൊന്നും ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
പ്രതിച്ഛായയുടെ കാര്യത്തിൽ ബാലഗോപാൽ ജയിച്ച സിപിഎം നേതാക്കളിൽ മുമ്പിൽ തന്നെയെന്ന് പറയേണ്ടി വരും. മുഹമ്മദ് റിയാസിനെ പോലുള്ള യുവ നേതാക്കളുണ്ടെങ്കിലും ശക്തമായ ഭരണപക്ഷ നിരയെ നേരിടാൻ കുറെക്കൂടി സീനിയറായ ഒരാൾക്കേ കഴിയൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൃത്യമായി വിവരശേഖരണം നടത്തി സഭയിൽ ഇടപെടുന്ന ആൾ കൂടിയാണ് മുൻ ധനമന്ത്രി ബാലഗോപാൽ. ട്രേഡ് യൂണിയൻ നേതാക്കളുടെ ഈ പൊതുസവിശേഷത അദ്ദേഹത്തിന് സഭയിൽ ഏറെ ഉപകരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
അതെസമയം തോൽവിയുടെ ഉത്തരവാദിത്തം പിണറായി ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടി. കൂട്ടുത്തരവാദിത്വത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്. എല്ലാവരും ചേർന്നതാണ് പാർട്ടിയെന്നും എം.എ. ബേബി പറഞ്ഞു.
കുറച്ചു സമയം മുമ്പ് പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്ന് താമസം മാറിയിരുന്നു. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനടുത്താണ് പുതിയ വീട്. നേരത്തെ ചിന്ത ഫ്ലാറ്റിലേക്ക് മാറുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ കുറച്ചുകൂടി സൗകര്യമുള്ള ഒരു വീട്ടിലേക്കാണ് അദ്ദേഹം മാറുന്നത്. ക്ലിഫ് ഹൗസിൽ നിന്ന് സാധനങ്ങൾ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറ്റിയിട്ടടുണ്ട്. വാടക വീട്ടിലെത്തിയ പിണറായി വിജയനൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉണ്ടായിരുന്നു. ഭാര്യ കമല, മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി തുടങ്ങിയവർ പിണറായിയെ പുതിയ വീട്ടിലേക്ക് സ്വീകരിച്ചു.









