ഇറാനെതിരെ കടുപ്പിക്കാൻ അമേരിക്ക, വീണ്ടും

0
15

 ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടിക്ക് ഒരുങ്ങുന്നതായി സൂചന. പശ്ചിമേഷ്യയിലെ സംഘർഷത്തിന് പൂർണ്ണമായ പരിഹാരം കാണാനുള്ള ഇറാന്‍റെ സമാധാന നിർദേശങ്ങളോട് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അതൃപ്‌തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക സൈനിക നടപടി പുനരാരംഭിക്കാൻ സാധ്യതയെന്ന തരത്തില്‍ റിപ്പോർട്ടുകള്‍ വന്നത്. അടുത്ത വൃത്തങ്ങളില്‍ നിന്നാണ് വിവരം.

ചർച്ചകളില്‍ ഉണ്ടായ തടസങ്ങളും ആണവ പ്രശ്‌നം പരിഹരിക്കുന്നതിലെ ഇറാന്‍റെ സമീപനവുമാണ് ട്രംപ് ഭരണകൂടത്തിൽ നിന്നുള്ള ഇത്തരം അലോസരങ്ങൾക്ക് പ്രധാന കാരണമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്‍റെ നിയന്ത്രണത്തിലും ഇറാൻ നേതൃത്വത്തിനുള്ളിലെ ഭിന്നതകളിലും അമേരിക്ക അസ്വസ്ഥമാണ്. നയതന്ത്ര ഇടപെടലുകളിലെ പുരോഗതിക്ക് ഇത് തടസമാകുന്നുവെന്നാണ് ട്രംപിന്‍റെ വാദം. ഇറാന്‍റെ സമീപനത്തില്‍ യുഎസ് തൃപ്‌തരല്ലെന്നും, ഗൗരവമായി ചർച്ചകളില്‍ ഏർപ്പെടാൻ ഇറാൻ തയാറാണോ എന്ന് നിരവധി യുഎസ് ഉദ്യോഗസ്ഥർ ചോദിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

അടുത്ത നടപടിയെക്കുറിച്ച് ട്രംപ് ഭരണകൂടത്തിനുള്ളിൽ ഭിന്നതകളും ഉയർന്നുവന്നിട്ടുണ്ട്. സൈനിക ആക്രമണങ്ങളിലൂടെ ഇറാനിൽ സമ്മർദം ചെലുത്തുന്നതിനായി കൂടുതൽ ആക്രമണാത്മക സമീപനത്തിന് പെന്‍റഗണില്‍ ഉള്ള ഉദ്യോഗസ്ഥർ ഉള്‍പ്പെടെ വാദിക്കുന്നതായി സിഎൻഎൻ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ചില ഉദ്യോഗസ്ഥർ ഇറാന് സമയം നല്‍കണമെന്നാണ് വാദിക്കുന്നത്. അമേരിക്കയും ഇറാനും ചർച്ചകൾക്കായി വ്യത്യസ്‌ത സമയക്രമങ്ങളിലും പരിധികളിലുമാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇറാൻ പതിറ്റാണ്ടുകളായി സാമ്പത്തിക സമ്മർദം സഹിച്ചുവരികയാണെന്നും യുഎസ് ഭരണകൂടം പറയുന്ന അത്ര പ്രശ്‌നം അനുഭവപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു.

അതേസമയം ഇറാന്‍റെ സമാധാന നിർദേശം ഇന്നലെ (മെയ് 11)യും ട്രംപ് നിരാകരിച്ചു. ഇതോടെയാണ് യുഎസില്‍ നിന്ന് ഇറാനെതിരായ സൈനിക ആക്രമണങ്ങള്‍ ഉണ്ടായേക്കുമെന്ന തരത്തിലേക്ക് ചർച്ചകള്‍ നീങ്ങിയത്. ഇറാന്‍റെ സമാധാന നിർദേശം ഒരു മാലിന്യം എന്നാണ് ട്രംപ് പ്രതികരിച്ചത്. അത്തരമൊരു നിർദേശം അംഗീകരിക്കാനാകില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ‘ഇറാൻ ഞങ്ങൾക്ക് അയച്ച ‘മാലിന്യം’ വായിച്ചു തീർന്നില്ല. ഇറാൻ ലൈഫ് സപ്പോർട്ടിലാണ്. വെടിനിർത്തലും ഒരു ലൈഫ് സപ്പോർട്ടിലാണ്’ -ട്രംപ് പറഞ്ഞു.

30 ദിവസത്തിനുള്ളിൽ പൂർണ യുദ്ധവിരാമം ഉറപ്പാക്കുക എന്നതായിരുന്നു സമാധാന നിർദേശത്തിലെ ഇറാൻ്റെ പ്രധാന ആവശ്യം. ഇതിനായുള്ള മൂന്ന് ഘട്ടങ്ങളായുള്ള രൂപരേഖയാണ് പാകിസ്ഥാൻ വഴി അവർ പ്രതിസന്ധി പരിഹരിക്കാൻ മുന്നോട്ടുവച്ചത്. മറ്റ് ചില സുപ്രധാന ആവശ്യങ്ങളും ഇതോടൊപ്പം ഉന്നയിച്ചു. ഇറാനെതിരെയുള്ള സാമ്പത്തിക, സൈനിക ഉപരോധങ്ങളിൽ അടിയന്തരമായി ഇളവ് വരുത്തണം എന്നും ആവശ്യമുണ്ട്.

രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും ഇല്ലാതാക്കണം എന്നും മേഖലയിൽ നിന്ന് മുൻകൂർ നിബന്ധനകളില്ലാതെ അമേരിക്കൻ സൈന്യത്തെ ഉടൻ പിൻവലിക്കണമെന്നും ഇറാൻ പ്രതിനിധികൾ ആവശ്യപ്പെട്ടു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക എന്നതാണ് മറ്റൊരു ആവശ്യം. ഇതാണ് അമേരിക്ക തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here