രാജ്യാന്തര ബഹിരാകാശ നിലയം (International Space Station – ISS), 2030-ഓടെ ശാന്തസമുദ്രത്തിലേക്ക്…

0
37

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) എന്നത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഒരു ബഹിരാകാശ ഗവേഷണശാലയാണ്. മനുഷ്യർക്ക് താമസിക്കാൻ കഴിയുന്ന ഈ നിലയത്തിന്റെ നിർമ്മാണം 1998-ൽ ആരംഭിച്ചു, കൂടാതെ ഇതിന്റെ ഭാഗങ്ങൾ ഭ്രമണപഥത്തിൽ വെച്ച് ഒരുമിപ്പിക്കുകയാണ് ചെയ്തത്. ഐ‌എസ്‌എസ്‌ ഭൂമിയെ ഏകദേശം 92.69 മിനിറ്റിനുള്ളിൽ ഒരു തവണ വലം വെക്കുകയും ഒരു ദിവസം 15.54 തവണ ഭൂമിയെ ചുറ്റുകയും ചെയ്യുന്നു.

യു.എസിന്റെ നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, ജപ്പാന്റെ ജാക്‌സ, യൂറോപ്പിന്റെ ഇ.എസ്.എ, കാനഡയുടെ സി.എസ്.എ എന്നിങ്ങനെയുള്ള അഞ്ച് ബഹിരാകാശ ഏജൻസികൾ ചേർന്നുള്ള ഒരു ബഹുരാഷ്ട്ര സഹകരണ പദ്ധതിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. ഭൂമിയിൽ നിന്ന് ഏകദേശം 227 നോട്ടിക്കൽ മൈൽ ഉയരത്തിലാണ് ഐ.എസ്.എസ് പരിക്രമണം ചെയ്യുന്നത്.

ആസ്‌ടോ ബയോളജി, ജ്യോതിശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ഭൗതികശാസ്ത്രം, എന്നീ മേഖലകളിൽ ശാസ്ത്രീയ ഗവേഷണം നടത്തുന്ന ബഹിരാകാശത്തെ സഞ്ചരിക്കുന്ന ലബോറട്ടറിയായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത്.  അതിലെ ശ്രദ്ധ നേടിയ ഒരു പരീക്ഷണമായിരുന്നു ചീര വളർത്തൽ.  എന്നെങ്കിലും മനുഷ്യൻ ബഹിരാകാശത്ത് താമസിക്കാൻ പോവുകയാണെങ്കിൽ അവിടെ ഭക്ഷണം വേണം. അതുകൊണ്ടാണ് ചീരയടക്കമുള്ള പച്ചക്കറികൾ വളർത്തി പരീക്ഷിച്ചത്. അവിടെ വളർത്തിയ ചെടികളുടെയും അതിൽ വിരിഞ്ഞ പൂക്കളുടെയും ചിത്രങ്ങൾ നാസ പുറത്തുവിട്ടിരുന്നു.

  • അന്താരാഷ്ട്ര ബഹിരാകാശ നിലയം:ഇത് ഭൂമിക്ക് ചുറ്റുമുള്ള ഒരു ബഹിരാകാശ ഗവേഷണശാലയാണ്.
  • നിർമ്മാണം:1998-ൽ ഇതിന്റെ നിർമ്മാണം തുടങ്ങി.
  • പ്രവർത്തനം:നിലയം ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെയാണ് ഇതിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്തത്.
  • ഭൂമിക്കുള്ള ദൂരവും ഉയരം:ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. ഇത് ഏകദേശം 330 മുതൽ 435 കിലോമീറ്റർ ഉയരത്തിൽ നിലകൊള്ളുന്നു.
  • വേഗത:സെക്കൻഡിൽ ശരാശരി66 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.
  • വലിപ്പം:ഭൂമിയിൽ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലിയ കൃത്രിമ വസ്തുവാണിത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഇനി എട്ട് വർഷം കൂടിയേ ആയുസ്സുള്ളൂ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ. 2030 ൽ ഐ.എസ്.എസിനെ ( international space station ) സമുദ്രത്തിലേക്ക് ഇടിച്ചിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പസഫിക് സമുദ്രത്തിന്റെ പോയിന്റ് നെമോ എന്നറിയപ്പെടുന്ന പ്രദേശത്താണ് ഐ.എസ്.എസിനെ വീഴ്ത്തുക. കരയിൽ നിന്ന് വളരെ അകലെയാണ് പോയിന്റ് നെമോ ഉള്ളത്. അതിനാൽ ഐ.എസ്.എസ് തകർന്നുവീണാലും കരയിലുള്ളവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാകില്ല. പോയിന്റ് നെമോയെ സാധാരണ ബഹിരാകാശവാഹനങ്ങളുടെ സെമിത്തേരി എന്നാണ് വിളിക്കുന്നത്.   1971 മുതൽ  റഷ്യൻ ബഹിരാകാശ നിലയമായ മിർ ഉൾപ്പെടെ നിരവധി ബഹിരാകാശ വാഹനങ്ങളും ഉപഗ്രഹങ്ങളുമാണ് ഇവിടെ തകർന്ന് വീണിട്ടുള്ളത്.

“അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ മൂന്നാം ദശകത്തിലൂടെയാണ് കടന്നുപോകുന്നത്. ഈത്രയും വർഷത്തിനിടക്ക് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുകൊണ്ട് നമുക്കാവശ്യമുള്ള എല്ലാ വിവരങ്ങളും ഐ.എസ്.എസ് സമ്മാനിച്ചിട്ടുണ്ട്. ബഹിരാകാശത്തിലെ ആഴത്തിലുള്ള പര്യവേക്ഷണം, മനുഷ്യരാശിക്ക് വൈദ്യശാസ്ത്രപരവും പാരിസ്ഥിതികവുമായ നേട്ടങ്ങൾ നൽകി, ഭൂമിയിലെ വാണിജ്യ മേഖലക്ക് അടിത്തറ പാകാൻ സഹായിച്ചു. അതുകൊണ്ട് തന്നെ 2030 നുള്ളിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള ഇത്തരം വിവരങ്ങൾ പരമാവധിയാക്കാൻ ഞങ്ങൾ വരും ദിവസങ്ങളിൽ ശ്രമിക്കും.” — അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ നാസയുടെ ഡയറക്ടറായ റോബിൻ ഗേറ്റൻസ് ഒരു പ്രസ്താവനയിലൂടെ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here