ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ സമരവുമായി എത്തുന്ന പ്രതിപക്ഷ കക്ഷികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകരെ അപമാനിക്കുകയാണെന്ന് ഉത്തരാഖണ്ഡിലെ വികസന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പരിഷ്‌കാരങ്ങള്‍ വരുന്നതോടെ രാജ്യത്തെ കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരെ ശക്തിപ്പെടുത്തും. എന്നാല്‍ ഇതിനെതിരേയാണ് ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് ഇത്തരക്കാര്‍ യന്ത്രങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും തീയിട്ട് കര്‍ഷകരെ അപമാനിക്കുകയാണ്. കാര്‍ഷിക ബില്‍ പാസായതോടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകും.
എന്നാല്‍ ചില ആളുകള്‍ക്ക് ഇതിനോട് യോജിക്കാന്‍ കഴിയുന്നില്ല. കള്ളപ്പണം നേടാനുള്ള ഇത്തരക്കാരുടെ നീക്കങ്ങള്‍ക്കാണ് തന്റെ സര്‍ക്കാര്‍ തടയിട്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.