കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ കെ കെ ശൈലജ ടീച്ചര്‍. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചരണത്തിനിടെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ ടീച്ചര്‍. കേസ് അന്വേഷണം ഊര്‍ജിതമാക്കണം എന്ന് അതിജീവിത ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അതിജീവിത സര്‍ക്കാരിനെതിരാണ് എന്ന് വരുത്തി തീര്‍ക്കാനാണ് യു ഡി എഫ് ശ്രമിച്ചത് എന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
കേസ് ഊര്‍ജിതമാക്കണമെന്ന് അതിജീവിത പറയും. അത് സ്വഭാവികമാണ്. അവര്‍ ഒരിക്കലും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല. പക്ഷെ യു ഡി എഫുകാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി അത് ഉപയോഗപ്പെടുത്തുകയാണ്. അതിജീവിത സര്‍ക്കാരിനെതിരായി പറഞ്ഞു എന്നുള്ള രീതിയില്‍ മോശമായാണ് യു ഡി എഫ് ഇക്കാര്യം ഉപയോഗിച്ചത്. അത് കണ്ട് കൊണ്ട് തന്നെയാണ് അതിജീവിത പ്രതികരിച്ചത്. അവര്‍ വലിയ അന്തസ്സുള്ള ഒരു സ്ത്രീയാണ്. അവരെ ഞാനെപ്പോഴും അഭിനന്ദിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു. കാരണം ഈ പ്രശ്‌നം ഉണ്ടായപ്പോള്‍ മൂടിവെച്ചില്ല.
അവരത് പരസ്യമായിട്ട് പറഞ്ഞു. അതുകൊണ്ടാണ് ആ പ്രതികളുടെ പിന്നാലെ പോകാന്‍ കഴിഞ്ഞത്. അവര്‍ പറഞ്ഞു ഈ സര്‍ക്കാരിനെതിരെ അവര്‍ക്ക് യാതൊരു പരാതിയുമില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞല്ലോ ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന്. നമ്മള്‍ ജിഷയ്ക്കും വിസ്മയയ്ക്കും ഉത്രയ്ക്കുമൊക്കെ നേടി കൊടുത്ത നീതിയുണ്ട്. അവരെല്ലാം മരിച്ച് പോയതിന് ശേഷമാണ് അക്കാര്യം നമ്മള്‍ക്ക് അന്വേഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അതിജീവിത ഇത് തുറന്ന് പറയാന്‍ തയ്യാറായത് കൊണ്ട് അവര്‍ സമൂഹത്തിന് മാതൃകയാണ്. അവരുടെ കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ടാകും.