ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് വ്യാപനം അടക്കമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി എന്നിവരും പങ്കെടുക്കും.
കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള രണ്ടാമത്തെ സര്‍വകക്ഷിയോഗമാണ് പ്രധാനമന്ത്രി വിളിക്കുന്നത്. വിര്‍ച്വല്‍ ആയിട്ടായിരിക്കും യോഗം ചേരുക. . കോവിഡ് വാക്‌സിന്‍ പുരോഗതി അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും.വാക്‌സിന്‍ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളോട് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 94 ലക്ഷം കടന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നയിടങ്ങളിലെ സ്ഥിതിഗതികള്‍ മനസിലാക്കുന്നതിന് കഴിഞ്ഞ ശനിയാഴ്ച പ്രധാനമന്ത്രി വാക്സിന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.