ഒഡിഷയിലെ ഭുവനേശ്വറില്‍ നടക്കുന്ന 76മത് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ഗോവക്ക് എതിരെ കേരളത്തിന് വിജയം. ഫുള്‍ടൈം കഴിഞ്ഞ് ആഡ് ഓണ്‍ സമയത്തേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ആസിഫിന്റെ ഗോളിലാണ് കേരളത്തിന്റെ വിജയം.
പുത്തന്‍ താരങ്ങളും പുതിയ മുഖവുമായി കിരീടം നിലനിര്‍ത്താനുറച്ച് ഇറങ്ങിയ കേരളത്തിന് വേണ്ടി ലീഡ് നേടിയത് നിജോ ഗില്‍ബര്‍ട്ട് ആയിരുന്നു. കേരള താരത്തെ പെനാല്‍റ്റി ബോക്സില്‍ ഗോവ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നിജോ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
കേരളത്തിന് ഒരു ഗോള്‍ ലീഡോടെ അവസാനിച്ച ഒന്നാം പകുതിയെ തീര്‍ത്തും നിഷ്പ്രഭമാക്കുന്നതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. 57 ആം മിനുട്ടില്‍ റിസ്വാന്‍ അലിയുടെ ഗോളില്‍ കേരളം രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍, മത്സരത്തിലേക്കുള്ള ഗോവയുടെ തിരിച്ചു വരവിനായിരുന്നു തുടര്‍ന്നുള്ള നിമിഷങ്ങള്‍ ഒഡിഷയിലെ ക്യാപിറ്റല്‍ അരീന സാക്ഷ്യം വഹിച്ചത്. മുഹമ്മദ് ഫഹീസിന്റെ ഇരട്ട ഗോളുകളിലൂടെ ഗോവ സമനില പിടിക്കുകയായിരുന്നു. പരുക്കുകള്‍ നിറഞ്ഞതായിരുന്നു മത്സരത്തിന്റെ രണ്ടാം പകുതി. ഇരു ടീമുകളുടെയും താരങ്ങള്‍ പരിക്കേറ്റ പുറത്ത് പോയി. അത് കളിയുടെ വേഗത മന്ദഗതിയിലാക്കി.
90 മിനുട്ടുകള്‍ കഴിഞ്ഞ് അധികമായി അഞ്ച് മിനുട്ടുകള്‍ റഫറി അനുവദിച്ചു. മത്സരം സമനിലയില്‍ അവസാനിക്കും എന്ന ആരാധകരുടെ വിശ്വാസത്തെ തകര്‍ത്താണ് കേരളത്തിന്റെ മുഹമ്മദ് ആസിഫ് വിജയഗോള്‍ നേടുന്നത്. ആദ്യ മത്സരത്തില്‍ വിജയം നേടിയതോടെ പോയിന്റ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്.
കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് കര്‍ണാടകക്ക് എതിരെയാണ്.