തിരുവനന്തപുരം: ഫോർട്ട് കൊച്ചിയിലെ ബീച്ചുകൾ ക്ലീനാക്കി വൈറലായ ജർമ്മൻ സഞ്ചാരി റാൽഫ് ഫോർട്ട് കോവളത്ത്. കോവളത്ത് വൃത്തിയാക്കൽ ജോലികൾ അധികം വേണ്ടെന്നു പറഞ്ഞ റാൽഫ് തീരം ചുറ്റിനടന്നു വീക്ഷിച്ചു. അങ്ങിങ്ങായി കിടന്ന ചില മാലിന്യങ്ങൾ നീക്കിയ വിദേശി രണ്ടാഴ്‌ച കോവളത്ത് തങ്ങിയ ശേഷമാകും മടങ്ങിപ്പോകുക. നാട്ടുകാർ നോക്കിനിൽക്കെ ഫോർട്ട് കൊച്ചിയിലെ കടൽത്തീരങ്ങൾ വൃത്തിയാക്കിയ വിദേശിയുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നഗരസഭ പോലും തിരിഞ്ഞു നോക്കാതിരുന്ന ഫോർട്ട് കൊച്ചിയിലെ തീരം ഒരാഴ്ചയിലധികമെടുത്താണ് റാൽഫ് വൃത്തിയാക്കിയത്. സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്ത് ചൂലും കോരിയും ബാഗും വാങ്ങിയാണ് ചപ്പുചവറുകൾ നീക്കിയത്. വിദേശിയുടെ വൃത്തിയാക്കലിനെ തുടർന്ന് നഗരസഭാ അധികൃതർ പിന്നീട് ബാഗിലെ മാലിന്യങ്ങൾ എടുത്തു കൊണ്ടുപോയിരുന്നു. ദിവസവും രാവിലെ 7 മുതൽ 9 വരെയാണ് വൃത്തിയാക്കൽ.