ന്യൂഡല്‍ഹി: സമീപകാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്യം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി. നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്കെതിരേയുള്ള കേസ് പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്‍െറ പരാമര്‍ശം. മാധ്യമങ്ങളെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ വിമര്‍ശിച്ച കോടതി, ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം സമര്‍പ്പിച്ച നടപടി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനമാണെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് വിദ്വേഷ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.സംഭവത്തില്‍ മോശം റിപ്പോര്‍ട്ടിങ് നടന്നിട്ടില്ലെന്നും മാധ്യമങ്ങളെ ലക്ഷ്യമാക്കി അഭിപ്രായ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാനാണ് പരാതിക്കാരുടെ ശ്രമം എന്നുമായിരുന്നു കേന്ദ്രത്തിെന്റ സത്യവാങ്മൂലം. എതിര്‍ഭാഗം അഭിഭാഷകനും സത്യവാങ്മൂലത്തെ ശക്തമായി എതിര്‍ത്തു.
വിദ്വേഷ പ്രചരണം നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി മറ്റൊരു സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.”ഈ കേസിനെ നിങ്ങള്‍ പരിഗണിക്കുന്നതുപോലെ അല്ല കോടതിയെ നിങ്ങള്‍ പരിഗണിക്കേണ്ടത്. സര്‍ക്കാറിന് വേണ്ടി ചില ജൂനിയര്‍ ഓഫീസര്‍മാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. മോശം റിപ്പോര്‍ട്ടിംഗിന് ഒരു ഉദാഹരണവും ഹരജിയില്‍ കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചില ചാനലുകള്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന പരാതിയില്‍ സര്‍ക്കാരിന്‍െറ സത്യവാങ്മൂലം അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.