കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ്. ശിവശങ്കര്‍ ഒളിപ്പിച്ചുവെച്ച ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയെന്നും ഒരു ഫോണ്‍ കൂടി പിടിച്ചെടുക്കാനുണ്ടെന്നും കസ്റ്റംസ് കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയെ അറിയിച്ചു.നേരത്തെ ഒരു ഫോണ്‍ മാത്രമാണ് താന്‍ ഉപയോഗിച്ചിരുന്നതെന്നായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ അന്വേഷണത്തില്‍ ഇത് കള്ളമാണെന്നും രണ്ട് ഫോണുകള്‍ കൂടി ശിവശങ്കര്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. ഇതില്‍ ഒരു ഫോണ്‍ കഴിഞ്ഞദിവസം പിടിച്ചെടുത്തെന്നും ഒരു ഫോണ്‍ കൂടി കണ്ടെത്താനുണ്ടെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.
അതേസമയം, ഡോളര്‍ കള്ളക്കടത്തിലും ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തേക്കും. ഡോളര്‍ കള്ളക്കടത്തില്‍ ശിവശങ്കറിനെതിരേ സ്വപ്‌ന നിര്‍ണായക മൊഴി നല്‍കിയിട്ടുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചുണ്ട്. ശിവശങ്കറിനൊപ്പം സ്വപ്‌നയെയും സരിത്തിനെയും കൂടുതല്‍ദിവസം കസ്റ്റഡിയില്‍ വാങ്ങാനും കസ്റ്റംസ് തീരുമാനിച്ചു. അതിനിടെ, പരിശോധന കൂടാതെ കാര്‍ഗോ പുറത്തുവിട്ട സംഭവത്തില്‍ ഇ.ഡി. ഉദ്യോഗസ്ഥരും കസ്റ്റംസില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.