സുപ്രിയയെ അധിക്ഷേപിച്ച് ബിജെപി

0
80

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും എംപിയുമായ സുപ്രിയ സുലെയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് സുപ്രിയയ്ക്കെതിരെ പരാമർശം നടത്തിയത്. ‘രാഷ്ട്രീയം മനസിലാകുന്നില്ലെങ്കിൽ വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ’ എന്നായിരുന്നു ചന്ദ്രകാന്തിന്റെ വിവാദ പരാമർശം. ഇതിന് പിന്നാലെ ഇയാൾക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്.

ഒബിസി സംവരണവുമായി ബന്ധപ്പെട്ട് സുപ്രിയ സുലെ നടത്തിയ വിമർശനത്തിന് പിന്നാലെയാണ് ചന്ദ്രകാന്ത് പാട്ടീൽ ഇവർക്കെതിരെ രം​ഗത്ത് വന്നത്. ‘എന്തിനാണ് രാഷ്ട്രീയത്തിൽ ഇടപെടുന്നത്? വീട്ടിൽ പോയി ഭക്ഷണമുണ്ടാക്കൂ. ഡൽഹിയിലോ ശ്മശാനത്തിലോ എവിടെ പോയിട്ടാണേലും ഞങ്ങൾക്ക് ഒബിസി ക്വാട്ട തരൂ. ലോക്സഭാ അംഗമായിട്ടും ഒരു മുഖ്യമന്ത്രിയുടെ അപ്പോയിൻമെന്റ് എങ്ങനെയാണ് എടുക്കുക എന്ന് അറിയില്ലേ’? ചന്ദ്രകാന്ത് പാട്ടീൽ ചോദിച്ചു.

 

ഇതിന് പിന്നാലെ ചന്ദ്രകാന്തിന് സുപ്രിയ മറുപടി നൽകുകയും ചെയ്തു. നിങ്ങൾ മനുസ്മൃതിയിൽ വിശ്വസിക്കുന്നുവെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾ ഇനി നിശബ്ദത പാലിക്കില്ലെന്നായിരുന്നു സുപ്രിയ സുലെയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ ഒബിസി സംവരണവുമായി ബന്ധപ്പെട്ട് ബിജെപിയും എൻസിപിയും തമ്മിൽ രൂക്ഷമായ തർക്കം നടന്നുകൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ബിജെപി സർക്കാർ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒബിസി സംവരണം അനുവദിച്ചത് ഉയർത്തിക്കാട്ടിയായിരുന്നു സുപ്രിയയുടെ വിമർശനം. ‘മധ്യപ്രദേശ് മുഖ്യമന്ത്രി ഡൽഹിയിൽ വന്ന് ഒരാളെ കണ്ടു. അടുത്ത രണ്ട് ദിവസങ്ങളിൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, അവർക്ക് ഒബിസി സംവരണത്തിന് അനുമതി ലഭിച്ചു,’ സുപ്രിയ സുലെ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ ബിജെപി അധിക്ഷേപവുമായി വന്നത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത പരിപാടിയിൽ വെച്ച് നിവേദനം നൽകാൻ ശ്രമിച്ച എൻസിപി വനിതാ പ്രവർത്തകയെ മർദ്ദിച്ച ബിജെപിക്കാർക്കെതിരെ രൂക്ഷ പ്രതികരണവുമായി സുപ്രിയ രം​ഗത്ത് എത്തിയിരുന്നു. സ്ത്രീകൾക്ക് നേരെ കൈ ഉയർത്തിയാൽ, ആ കൈ തല്ലിയൊടിച്ച് പൊലീസിൽ എൽപ്പിക്കും എന്നാണ് സുപ്രിയ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here