തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് എറണാകുളം, തൃശൂർ ജില്ലകളിൽ മാത്രം മൂന്ന് മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
യെല്ലോ അലേർട്ട്
- 22/06/2026 : ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 23/06/2026 : കണ്ണൂർ, കാസർകോട്
- 25/06/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
- 26/06/2026 : എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദീപ് തീരങ്ങളിൽ ഇന്നും (22/06/2026) നാളെയും (23/06/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് ഇന്ന് (22/06/2026) മുതൽ 26/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കർണാടക തീരത്ത് മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയോ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച വരെ സോമാലിയൻ തീരം, തെക്കു പടിഞ്ഞാറേ അറബിക്കടൽ, മധ്യ പടിഞ്ഞാറേ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 – 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം, ഗോവ തീരം , കർണാടക തീരം , മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന കേരളാ തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന ലക്ഷദീപ് പ്രദേശം, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ സമയങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.







