ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വൻ വർധന. 2025 ഡിസംബറിൽ 29 ശതമാനം വളർച്ചയാണ് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ ഇടപാടുകളുടെ എണ്ണം 29 ശതമാനം വർധിച്ച് 21.63 ബില്യണിലെത്തി. ഇടപാടുകളുടെ തുകയിൽ 20 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി 27.97 ലക്ഷം കോടി രൂപയായി എന്ന് എൻപിസിഐ (നാഷണൽ പേമെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഡാറ്റ വ്യക്തമാക്കുന്നു.
യുപിഐ ഇടപാടുകളുടെ എണ്ണവും തുകയും ഗണ്യമായി വർധിച്ച വർഷം കൂടിയായിരുന്നു 2025. മാസം തിരിച്ചുള്ള കണക്കനുസരിച്ച് നവംബറിൽ 87,721 കോടി രൂപയായിരുന്നു ആകെ പ്രതിദിന ഇടപാട് തുക. എൻപിസിഐ ഡാറ്റ പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക വർധിച്ച് ആകെ പ്രതിദിന ഇടപാട് തുക 90,217 കോടി രൂപയായി ഉയർന്നു.
നവംബറിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വളർച്ചയുണ്ടായി. അതായത് ഏകദേശം 20.47 ബില്യൺ നവംബർ മാസത്തിൽ രേഖപ്പെടുത്തി. ഇടപാടുകളുടെ തുകയിൽ 22 ശതമാനം വാർഷിക വളർച്ച ഉണ്ടായി ഏകദേശം 26.32 ലക്ഷം കോടി രൂപ രേഖപ്പെടുത്തി.
ഐഎംപിഎസ് (ഇൻ്റർനെറ്റ് ബാങ്കിങ്, എടിഎമ്മുകൾ) വഴിയുള്ള പ്രതിമാസ ഇടപാടുകൾ വർഷം തോറും 10 ശതമാനം വർധിച്ച് നവംബറിൽ 6.15 ലക്ഷം കോടി രൂപയായി. അത് ഈ വർഷാവസനത്തോടെ വീണ്ടും വർധിച്ച് 6.62 ലക്ഷം കോടിയായി. ഐഎംപിഎസ് ഇടപാടുകളുടെ എണ്ണം നവംബറിൽ 369 ദശലക്ഷത്തിൽ നിന്ന് 380 ദശലക്ഷമായി ഉയരുകയും ചെയ്‌തു.
ഐഎംപിഎസ് വഴിയുള്ള പ്രതിദിന ഇടപാട് തുക 20,506 കോടി രൂപയിൽ നിന്ന് 21,269 കോടി രൂപയായി ഉയർന്നു. സമീപകാല റിപ്പോർട്ട് പ്രകാരം ഇന്ത്യ 709 ദശലക്ഷം സജീവ UPI QR-കൾ ഉപയോഗിക്കുന്നു. 2024 ജൂലൈ മുതൽ 21 ശതമാനത്തോളം വർധനവ് കാണിക്കുന്നു.
ഇടപാടുകളില്‍ ഭൂരിഭാഗവും യുപിഐ കൈയടക്കിയെന്നതാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ ട്രാൻസാക്ഷൻ വേഗതയും ഉപയോഗ സൗകര്യവുമാണ് യുപിഐയെ ജനപ്രിയമാക്കുന്നത്. ഗ്രാമീണ മേഖലയിലെ കടകൾ, ഫാർമസികൾ, ഗതാഗത കേന്ദ്രങ്ങൾ, വിപണികൾ എന്നിവയിലുടനീളമുള്ള QR സൗകര്യമാണ് വർധനവിൻ്റെ പ്രധാന കാരണങ്ങളിലൊന്ന്. രാജ്യവ്യാപകമായി പണമിടപാടുകൾക്ക് സ്‌കാൻ ആൻഡ് പേമെൻ്റ് സംവിധാനം ഉപയോഗിക്കുന്നു എന്ന് വേൾഡ്‌ലൈൻ ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു.






