ഇന്ധനവില കുതിച്ചുയരുകയും വാഹനപ്പെരുപ്പം ശ്വാസംമുട്ടക്കുകയും ചെയ്യുന്ന കാലത്ത് പരിസ്ഥിതിക്കും ആരോഗ്യത്തിനും ഒരേപോലെ ഗുണകരമാവുകയാണ് സൈക്കിൾ യാത്രകൾ. ഈ തിരിച്ചറിവിലാണ് ജൂൺ മൂന്ന് ലോക സൈക്കിൾ ദിനമായി ലോകം ആചരിക്കുന്നത്. പതിറ്റാണ്ടുകളായി സൈക്കിൾ ജീവിതചര്യയാക്കിയ ഒട്ടേറെ മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്.
82കാരൻ്റെ സൈക്കിൾ പ്രണയം
ആന്ധ്രാപ്രദേശിലെ അദ്ദങ്കി സ്വദേശിയായ 82കാരൻ സന്നപ്പുറെഡ്ഡി സുബ്ബരാമി റെഡ്ഡി അത്തരമൊരാളാണ്. തൻ്റെ പതിനാലാം വയസ്സിൽ ഹൈസ്കൂൾ പഠനത്തിനായാണ് അദ്ദേഹം ആദ്യമായി സൈക്കിൾ വാങ്ങുന്നത്. പിന്നീട് ജോലി ആവശ്യങ്ങൾക്കായി ദിവസവും 20 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെ അദ്ദേഹം സൈക്കിൾ ചവിട്ടി. ഇന്നും ഒരു റൈസ് മില്ലിലെ ജോലിക്കായി അഞ്ച് കിലോമീറ്റർ ദൂരം അദ്ദേഹം സൈക്കിളിലാണ് സഞ്ചരിക്കുന്നത്. തനിക്ക് ഇന്നുവരെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിന് കാരണം ഈ ശീലമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കമലാലപുരം സ്വദേശിയായ 68കാരൻ പാലകൊണ്ട്രായുഡുവിൻ്റെ യാത്രകളും വ്യത്യസ്തമല്ല. വിരമിച്ച ജീവനക്കാരനായ ഇദ്ദേഹം സ്വകാര്യ ആവശ്യങ്ങൾക്കായി പൂർണമായും സൈക്കിളിനെയാണ് ആശ്രയിക്കുന്നത്. ദിവസവും കിലോമീറ്ററുകൾ താണ്ടിയാണ് ഇദ്ദേഹത്തിൻ്റെയും യാത്രകൾ. ജീവിതത്തിൻ്റെ സായാഹ്നത്തിലും വലിയ ആരോഗ്യപ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാൻ ഇവർക്ക് കരുത്താകുന്നത് ഈ സൈക്കിൾ സവാരികളാണ്. മോട്ടോർ വാഹനങ്ങളുടെ അതിപ്രസരത്തിനിടയിലും പരിസ്ഥിതി സംരക്ഷണവും സ്വന്തം ആരോഗ്യവും ലക്ഷ്യമിട്ട് സൈക്കിളിനെ നെഞ്ചിലേറ്റുന്നവരാണ് ഇവർ.
ഗുണങ്ങളേറെ, പരിസ്ഥിതി സൗഹൃദം
വെസ്റ്റ് ഏഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം ഇന്ധനവില അടിക്കടി വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഹരിത ഊർജത്തിലേക്കും സുസ്ഥിര ജീവിതത്തിലേക്കുമുള്ള മികച്ച ചുവടുവെപ്പാണ് സൈക്കിൾ യാത്രകൾ. ഗതാഗതക്കുരുക്ക് വലിയ വെല്ലുവിളിയാകുന്ന നഗരങ്ങളിൽ ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വാഹനം കൂടിയാണിത്. ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ദിവസവുമുള്ള സൈക്കിൾ സവാരി സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയും ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വ്യായാമങ്ങളിലൊന്നാണിത്.
കാർബൺ ബഹിർഗമനം ഇല്ലാത്തതിനാൽ സൈക്കിളുകൾ പൂർണമായും പരിസ്ഥിതി സൗഹൃദമാണ്. ആരോഗ്യം, വിദ്യാഭ്യാസം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സൈക്കിൾ വഹിക്കുന്ന പങ്ക് മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ദിനാചരണം പ്രഖ്യാപിച്ചത്. 2018ലായിരുന്നു ഈ സുപ്രധാന പ്രഖ്യാപനം ലോകത്തിന് മുന്നിലെത്തിയത്. ലളിതവും ചെലവുകുറഞ്ഞതും വിശ്വസനീയവുമായ ഗതാഗതമാർഗമാണ് സൈക്കിൾ എന്ന് ലോകം അംഗീകരിച്ചിരിക്കുന്നു.
നഗരങ്ങളിൽ സൈക്കിൾ യാത്രക്കാർക്കായി പ്രത്യേക ട്രാക്കുകൾ നിർമിക്കാൻ വിവിധ സർക്കാരുകൾ മുൻകൈയെടുക്കുന്നുണ്ട്. നെതർലൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയാണ്. ഗ്രാമങ്ങൾക്കൊപ്പം നഗരങ്ങളിലും സൈക്കിൾ ക്ലബ്ബുകളും കൂട്ടായ്മകളും ഇപ്പോൾ സജീവമാകുന്നുണ്ട്. ദിനംപ്രതി ഓഫിസ്, വിദ്യാലയം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് കൂടുതലായി സൈക്കിളുകൾ ഉപയോഗിക്കാൻ ഈ കൂട്ടായ്മകൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിനൊപ്പം വിനോദസഞ്ചാര മേഖലയിലും ഇതിന് വലിയ പ്രാധാന്യമുണ്ട്. അവധിദിവസങ്ങളിൽ സൈക്കിളിൽ ദീർഘദൂര യാത്രകൾ നടത്തുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുവരികയാണ്. ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ഉല്ലാസവും നൽകാൻ ഇത്തരം യാത്രകൾ സഹായിക്കുന്നു. ഇന്ധനം ലാഭിക്കാനും മലിനീകരണം ഇല്ലാതാക്കാനും സൈക്കിളുകൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ആശ്രയിക്കാവുന്ന വാഹനമാണിത്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി പരിപാലിക്കാൻ കഴിയുമെന്നതും വിപണിയിൽ ഇവയുടെ ജനപ്രീതി വർധിപ്പിക്കുന്നു.
ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ സൈക്കിൾ ചവിട്ടുന്നത് പേശികൾക്ക് ബലം നൽകാനും പ്രതിരോധശേഷി വർധിപ്പിക്കാനും ഉതകുമെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നു. ആധുനിക കാലത്തെ നൂതന വാഹനങ്ങൾക്ക് പിന്നാലെ പോകുമ്പോഴും ഇത്തരം പരമ്പരാഗത യാത്രാമാർഗങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ട്. വായുമലിനീകരണം കുറയ്ക്കാനും ഓസോൺ പാളിയുടെ സംരക്ഷണത്തിനും ഈ ചെറുമാറ്റങ്ങൾ മികച്ചൊരു തുടക്കമാകും. ആരോഗ്യത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും മുതൽക്കൂട്ടാവുന്ന ഈ യാത്രാശീലം പുതുതലമുറയിലേക്ക് പകരാൻ രക്ഷിതാക്കളും ശ്രദ്ധിക്കണം. വരുംതലമുറയ്ക്കായി ആരോഗ്യകരമായ ഒരു ഭൂമി നിലനിർത്താൻ സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണ്.








