ജൂണിൽ തന്നെ വീണ്ടും ഒരു പൊതു അവധിക്ക് സാധ്യത; യുഎഇയിലെ അടുത്ത അവധി അറിയാം…

0
9

ദുബായ്: യുഎഇയിൽ വലിയ പെരുന്നാൾ ആഘോഷങ്ങൾ അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പ്രധാന ചോദ്യം അടുത്ത പൊതു അവധി എപ്പോഴാണ് എന്നാണ്. എന്നാൽ അടുത്ത ഔദ്യോഗിക പൊതു അവധി ഇസ്ലാമിക പുതുവത്സരമാണ്. ഹിജ്‌റി പുതുവത്സരം എന്നും അറിയപ്പെടുന്ന ഈ ദിനം മാസപ്പിറവി കണ്ടതിന് ശേഷമാണ് പ്രഖ്യാപിക്കുക.

നിലവിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് 2026 ജൂൺ 16 ചൊവ്വാഴ്ചയോ അല്ലെങ്കിൽ ജൂൺ 17 ബുധനാഴ്ചയോ ആയിരിക്കുമെന്ന് നേരത്തെ തന്നെ ചില സൂചനകൾ പുറത്ത് വന്നിരുന്നു. കൂടാതെ ഔദ്യോഗികമായ തീയതി മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കിയിട്ടതായതിനാൽ യുഎഇ അധികൃതർ ജൂൺ 10 ന് ശേഷമായിരിക്കും സ്ഥിരീകരിക്കുക.

ക്രിസ്തുവർഷം 622 ൽ മുഹമ്മദ് നബി മക്കയിൽ നിന്നും മദീനയിലേക്ക് കുടിയേറിയതിന്റെ ഓർമ്മപ്പെടുത്തലായാണ് ഹിജ്‌റി പുതുവത്സരം ആഘോഷിക്കുന്നത്. കൂടാതെ ഈ അവധി ആഴ്ചയുടെ മധ്യത്തിലാണ് വരുന്നതെങ്കിൽ യുഎഇയിലെ ‘ട്രാൻസ്ഫർ നിയമം’ പ്രാബല്യത്തിൽ വരാൻ സാധ്യതയുയുള്ളതായും സൂചനകൾ വരുന്നു.

അതായത് മന്ത്രിസഭയുടെ തീരുമാനത്തിലൂടെ ഇത്തരത്തിൽ വരുന്ന അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റി നൽകാൻ അനുവദിക്കുന്ന രീതിയിൽ ആകാനുള്ള സാധ്യത കൂടുതലാണ്. ഇത് വഴി പ്രവാസികൾക്ക് കുറഞ്ഞ ലീവുകൾ ഉപയോഗിച്ച് വീണ്ടും ലോങ്ങ് വീക്കെൻഡ് ആസ്വദിക്കാം.

2026 ലെ ബാക്കി മാസങ്ങളിലും പ്രവാസികൾക്ക് നിരവധി പൊതു അവധികളുണ്ട്. പ്രവാചക ജന്മദിന അവധി വരുന്നത് 2026 ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ്. ഇതും ആഴ്ചയുടെ മധ്യത്തിലായതിനാൽ ട്രാൻസ്ഫർ നിയമം അനുസരിച്ച് ഒരു നീണ്ട ഇടവേളയായി മാറാൻ സാധ്യതയുണ്ട്.
ശേഷം യുഎഇ ദേശീയ ദിനം ഡിസംബർ 2, 3 തീയതികളിലായി ഉണ്ടാകും.

ഈ അവധി ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വരുന്നത്. അതിനാൽ തന്നെ തൊട്ടുപിന്നാലെ വെള്ളി, ശനി വാരാന്ത്യങ്ങൾ കൂടെ ഉൾപ്പെടുമ്പോൾ ജീവനക്കാർക്ക് തുടർച്ചയായി നാല് ദിവസത്തെ വലിയൊരു അവധിയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ രീതിയിലായിരുന്നു അവധി ലഭിച്ചിരുന്നത്.

യുഎഇയിലെ പൊതു അവധി നിയമങ്ങൾ അനുസരിച്ച് മിക്ക ഔദ്യോഗിക അവധി ദിനങ്ങളും മന്ത്രിസഭാ തീരുമാന അനുസരിച്ച് മാറ്റാമെങ്കിലും ഈദ് അവധി ദിനങ്ങൾക്ക് ഇത് ബാധകമല്ല. കൂടാതെ ഒരു പൊതു അവധി വാരാന്ത്യ ദിവസങ്ങളിലാണ് വരുന്നതെങ്കിൽ അത് അടുത്ത ദിവസത്തേക്ക് നീട്ടി നൽകില്ലെന്നും നിയമത്തിൽ കർശനമായി പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here