കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി അതിരപ്പിള്ളി;എണ്ണപ്പന തോട്ടങ്ങൾ നശിപ്പിക്കുന്നത് പതിവ്.

0
29

തൃശൂർ: അതിരപ്പിള്ളി വെറ്റിലപ്പാറ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷം. കാട്ടാനകൾ എത്തി പ്രദേശത്തെ ലയങ്ങൾ തകർക്കുന്നത് പതിവാകുന്നു. ഓരോ ദിവസവും ജീവൻ പണയം വച്ചാണ് ജോലി ചെയ്യുന്നതെന്ന് തോട്ടം തൊഴിലാളികൾ. എത്രയും വേഗം ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ശക്തമാക്കി.

എണ്ണപ്പന തോട്ടത്തിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളാണ് കാട്ടാനകൾ തകർക്കുന്നത്. പലരും ഭയം കാരണം ജോലി ഉപേക്ഷിച്ച് പോയ സാഹചര്യമുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ കാടിറങ്ങുന്ന കാട്ടാനകൾ തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ജീവനും സ്വത്തിനും ഭീഷണിയായിരിക്കുകയാണ്. ലയങ്ങളിൽ സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് തോട്ടം തൊഴിലാളികൾ പറയുന്നു.

ആനകൾ ലയങ്ങൾ തകർത്തതിനെത്തുടർന്ന് ധാരാളം ആളുകൾ പ്രദേശത്തുനിന്നും പോയി. ഏകദേശം അറുപതോളം ആളുകൾ താസിച്ചിരുന്നിടത്ത് ഇന്ന് ആരും തന്നെയില്ലാത്ത അവസ്ഥയാണ്. നിലവിൽ നാല് വീടുകൾ മാത്രമേ ഉള്ളൂ. അതിന് വേണ്ടത്ര സുരക്ഷയുമില്ല. ഇതിനെതിരെ പവർ ഫെൻസിങ് പോലുള്ള സംവിധാനങ്ങൾ ചെയ്‌ത് കൊടുക്കേണ്ടതാണ്. എന്നാൽ അത് പോലും ചെയ്‌ത് കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണെന്ന് തോട്ടം തൊഴിലാളിയായ രാജേന്ദ്രൻ പറയുന്നു.

തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലകളിൽ നിറയെ കാട്ടാനകൾ ആണ്. ആദ്യമൊക്കെ ആനകൾ രാവിലെ എത്തുകയും കുറച്ച് കഴിയുമ്പോൾ പോകുകയും ചെയ്യുമായിരുന്നു. എന്നാലിപ്പോൾ രാവും പകലുമെല്ലാം തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. തൊഴിലാളികൾക്ക് അവരുടെ ജോലി ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.

പുറത്തു നിന്ന് വരുന്ന കാഴ്‌ചക്കാർക്ക് വളരെ പുതുമയാണ് ഈ ആനക്കാഴ്‌ച. പക്ഷെ ഇവിടെ ജീവിക്കുന്നവരുടെ അവസ്ഥ വളരെ മോശമാണ്. ഇപ്പോൾ കുറെ ആളുകൾ ഈ പ്രദേശത്ത് നിന്ന് മാറി താമസിക്കുന്നു. ഇവർ ജോലി ചെയ്യാൻ വേണ്ടി മാത്രം ഇവിടേക്ക് വരുന്നുമുണ്ട്. ഇതിനൊപ്പം സാമ്പത്തിക നഷ്‌ടവും താങ്ങാൻ സാധിക്കാത്തതാണ്. ആനകൾ ലയങ്ങളിൽ നാശനഷ്‌ടങ്ങൾ ഉണ്ടാക്കുമ്പോൾ അതിന് യാതൊരു തരത്തിലുമുള്ള നഷ്‌ട പരിഹാരം ആളുകൾക്ക് ലഭിക്കുന്നില്ല എന്നതും ഏറെ ദയനീയമായ അവസ്ഥയാണെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

അതോടൊപ്പം റോഡിലിറങ്ങുന്ന ആനകൾ എണ്ണപ്പന മറിച്ചിടുന്നതും പതിവാണ്. ഇതുവഴി പോകുന്ന വാഹന യാത്രികരും സുരക്ഷിതരല്ലെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് ആനകൾക്ക് പുറമെ കുരങ്ങ് ശല്യവും രൂക്ഷമാണെന്ന് തോട്ടം തൊഴിലാളിയായ ജിജോയും പറയുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാനും എല്ലാവർക്കും ഭയമാണ്. ഇത്തരം പ്രശ്‌നങ്ങൾക്കെതിരെ പവർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രദേശവാസികളും തൊഴിലാളികളും.

LEAVE A REPLY

Please enter your comment!
Please enter your name here