വിജയ് മെയ് 7ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്

0
28

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി വിജയം നേടിയ ടിവികെ മേധാവി വിജയ് മെയ് 7ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

ഹൈലൈറ്റ്:

  • തമിഴ്നാട്ടിലെ ടിവികെയുടെ മിന്നും വിജയം.
  • വിജയ് മെയ് ഏഴിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്.
  • സത്യപ്രതിജ്ഞ ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ.
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി കുതിപ്പ് നടത്തിയ തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് മെയ് ഏഴിന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

നിയുക്ത എംഎൽഎമാർക്കായി വിളിച്ചുചേർത്ത യോഗത്തിൽ വിജയ് ഇന്ന് അധ്യക്ഷത വഹിച്ചിരുന്നു. പാർട്ടി ആസ്ഥാനത്ത് നിയുക്ത എംഎൽഎമാരും മറ്റ് അംഗങ്ങളും ചേർന്ന് വിജയ്ക്ക് ഊഷ്മള സ്വീകരണം ഒരുക്കി.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിയുടെ പാർട്ടി ടിവികെ ഉയർന്നുവന്നെങ്കിലും സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഏത് പാർട്ടിയുമായി സഖ്യമുണ്ടാക്കണമെന്ന് ടി.വി.കെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കേവല ഭൂരിപക്ഷം വിജയ് നേടുമെന്നും ഉടൻ തന്നെ നല്ല വാർത്തകൾ പ്രതീക്ഷിക്കാമെന്നും ടിവികെ നേതാവ് നഞ്ചിൽ നഞ്ചിൽ സമ്പത്ത് പറഞ്ഞു.

ഭൂരിപക്ഷം നേടാനും സർക്കാർ രൂപീകരിക്കാനും കോൺഗ്രസ്, പിഎംകെ, ഇടതുപക്ഷ പാർട്ടികൾ, സിപിഎം, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടാൻ ടിവികെ ശ്രമം നടത്തുന്നുണ്ട്. ടിവികെയുമായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് പാർട്ടി നേതൃത്വം വൈകാതെ തീരുമാനമെടുക്കുമെന്ന് എഐസിസി ഇൻ – ചാർജ് ഗിരീഷ് ചോഡങ്കർ പറഞ്ഞു.

“തമിഴ്‌നാട്ടിലെ ജനങ്ങൾ, അവർ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും ടിവികെയിലേക്ക് നീങ്ങിയിട്ടുണ്ട്, അതുകൊണ്ടാണ് ടിവികെയ്ക്ക് ഇത്രയധികം വോട്ടുകൾ ലഭിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി വേണുഗോപാൽ എന്നിവർക്ക് ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ എന്തുചെയ്യണമെന്ന് അവരെല്ലാം തീരുമാനിക്കും” – എന്ന് ഗിരീഷ് ചോഡങ്കർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

തമിഴ്നാട്ടിലെ ടിവികെയുടെ വമ്പൻ വിജയത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. “ടിവികെയുടെ അത്ഭുതകരമായ വിജയത്തിൽ വിജയുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഈ ജനവിധി യുവാക്കളുടെ ഉയർന്നുവരുന്ന ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നു. അത് അവഗണിക്കാൻ കഴിയില്ല, അവഗണിക്കപ്പെടുകയുമില്ല. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയംഗമമായ നന്ദി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നത് കോൺഗ്രസ് പാർട്ടി തുടരുമെന്ന് ഞാൻ ആവർത്തിക്കുന്നു” – എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here