ന്യൂഡല്‍ഹി: ദക്ഷിണേഷ്യയിൽ ആദ്യമായി നടന്ന അപൂർവമായ ഒരു ‘ഹൈബ്രിഡ് കാർഡിയാക് സർജറി’യിലൂടെ 29-കാരന് പുനർജന്മം. ഡൽഹി എൻസിആറിലെ ഗുരുഗ്രാം ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അത്യാധുനികമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഹൃദയത്തിൽ നിന്നുള്ള രക്തപ്രവാഹം നിലച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബീഹാർ സ്വദേശിയായ യുവാവാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രക്തധമനിയായ ‘തൊറാസിക് അബ്ഡൊമിനൽ അയോട്ട’ (Thoracic Abdominal Aorta) പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായ നിലയിലാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകൾ, കരൾ, കുടൽ തുടങ്ങിയ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം നിലച്ച അവസ്ഥയിലായിരുന്നു യുവാവ്.
സാധാരണ നിലയിലുള്ള ശസ്ത്രക്രിയകൾ മരണത്തിനോ തളർവാതത്തിനോ കാരണമായേക്കാം എന്നതിനാൽ മറ്റ് പല പ്രമുഖ ആശുപത്രികളും ഈ ശസ്ത്രക്രിയ ചെയ്യാൻ വിസമ്മതിച്ചിരുന്നു. ഹൃദയത്തിന്‍റെ പ്രവർത്തനം 15 ശതമാനത്തിലേക്ക് താഴ്ന്നതോടെ മാസങ്ങളോളം യുവാവ് കിടപ്പിലായിരുന്നു.
തുടർന്ന് അവസാന പ്രതീക്ഷയെന്ന നിലയിലാണ് രോഗി ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ എത്തുന്നത്. തുറന്ന ബൈപ്പാസ് ശസ്ത്രക്രിയയും കുറഞ്ഞ മുറിവുകളിലൂടെ നടത്തുന്ന എൻഡോവാസ്കുലർ ശസ്ത്രക്രിയയും സംയോജിപ്പിച്ചുള്ള ‘ഹൈബ്രിഡ്’ രീതിയാണ് ഡോക്ടർമാർ തെരഞ്ഞെടുത്തത്.
രക്തധമനിയിലെ വിള്ളലുകൾ സ്റ്റെന്റ് ഗ്രാഫ്റ്റിംഗിലൂടെ അടയ്ക്കുകയും വൃക്കകൾ, കരൾ, കുടൽ തുടങ്ങിയ പ്രധാന അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം പുനഃസ്ഥാപിക്കുകയും ചെയ്തു. സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിൽ തളർവാതത്തിനോ മൾട്ടി ഓർഗൻ ഫെയിലിയറിനോ സാധ്യതയുണ്ടായിരുന്നുവെന്ന് കാർഡിയോ തൊറാസിക് വാസ്കുലർ സർജറി പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ഉദ്‌ഗീത് ധീർ വിശദീകരിച്ചു.
അത്യന്തം അപകടകരമായ ഈ ശസ്ത്രക്രിയ കഴിഞ്ഞ് ആറാം ദിവസം തന്നെ യുവാവ് ആശുപത്രി വിട്ടു എന്നത് ചികിത്സാവിജയത്തിന്‍റെ മാറ്റു കൂട്ടുന്നു. നിലവിൽ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള തുടർചികിത്സകൾ നൽകിവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്താണ് ഹൈബ്രിഡ് കാർഡിയാക് സർജറി
ഹൃദയം തുറന്ന ശസ്ത്രക്രിയയും ആധുനികമായ മൈക്രോ സർജറിയും ഒരേ സമയം സംയോജിപ്പിച്ചു നടത്തുന്ന നൂതന ചികിത്സാ രീതിയാണ് ഹൈബ്രിഡ് ഹൃദയശസ്ത്രക്രിയ. സാധാരണഗതിയിൽ ഹൃദയ ശസ്ത്രക്രിയകൾ ഒന്നുകിൽ നെഞ്ച് പൂർണമായും തുറന്നോ അല്ലെങ്കിൽ ചെറിയ സുഷിരങ്ങളിലൂടെയോ ആണ് ചെയ്യാറുള്ളത്.
എന്നാൽ രോഗിയുടെ അവസ്ഥ അതീവ സങ്കീർണമാകുമ്പോൾ ഈ രണ്ട് രീതികളും ഒരേ ശസ്ത്രക്രിയയിൽ തന്നെ നടത്തേണ്ട അവസ്ഥ സംജാതമാകും. വലിയ ശസ്ത്രക്രിയയുടെ കൃത്യതയും മൈക്രോ സർജറിയുടെ വേഗത്തിലുള്ള സുഖപ്പെടലും ഒരേപോലെ ഉറപ്പാക്കുന്ന ഈ രീതിയിലൂടെ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകാനിടയുള്ള പക്ഷാഘാതം , അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ അപകടസാധ്യതകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
വലിയ മുറിവുകൾ ഒഴിവാക്കാനാകുമെന്നതിനാൽ രോഗിക്ക് വളരെ പെട്ടെന്ന് ആശുപത്രി വിടാൻ കഴിയുമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്. ഹൃദയധമനികൾ പൊട്ടുകയോ ഒന്നിലധികം തടസങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന അതീവ സങ്കീർണ സാഹചര്യങ്ങളിൽ രോഗിക്ക് കൂടുതൽ സുരക്ഷയും മികച്ച ഫലവും നൽകാൻ ഈ അത്യാധുനിക ചികിത്സാരീതി ഡോക്ടർമാരെ സഹായിക്കുന്നുണ്ട്. പക്ഷേ, അപൂര്‍വമായി മാത്രമേ ഇത്തരം ശസ്ത്രക്രിയകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളൂ.








