വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി

0
6

ന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി. വിവിധ ഹൈക്കോടതികളുടെ വിധികൾ റദ്ദാക്കിക്കൊണ്ട് വിവാഹം കഴിഞ്ഞു എന്നത് അയോഗ്യതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്‍റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരേ യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കുക‍യായിരുന്നു. എന്നാല്‍ ഇത്തരം കേസുകളില്‍ വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ഥ ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിനാൽ, ഹര്‍ജി അലഹാബാദ് ഹൈക്കോടതി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ഗുജറാത്ത്, ബോംബെ ഹൈക്കോടതികള്‍ പെണ്‍മക്കള്‍ക്ക് നിയമനം നല്‍കണമെന്ന് ഉത്തരവിട്ടപ്പോൾ കര്‍ണാടക ഹൈക്കോടതി നിയമനം നൽകാനാവില്ലെന്നും ഉത്തരവിട്ടിരുന്നു.

കുടുംബം എന്നതിന്‍റെ നിര്‍വചനത്തില്‍ നിന്ന് വിവാഹിതരായ പെണ്‍മക്കളെ ഒഴിവാക്കുന്നത് ഏകപക്ഷീയവും അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. വിവാഹിതരായ സ്ത്രീകള്‍ കുടുംബം എന്ന നിര്‍വചനത്തിന്‍റെ പരിധിയില്‍ വരില്ലെന്നും, ആശ്രിത നിയമനത്തിന് പരിഗണിക്കാന്‍ കഴിയില്ലെന്നുമുള്ള ഹൈക്കോടതി വിധികളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here