വൈദ്യുതി കിട്ടാക്കനി; സംസ്ഥാനത്ത് നിയന്ത്രണം കടുക്കും,

0
1

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ വര്‍ഷം വൈദ്യുതി നിയന്ത്രണം പതിവായേക്കും. സംസ്ഥാനത്ത് മഴ ലഭിക്കാത്ത ദിവസങ്ങളില്‍ ലോഡ്‌ ഷെഡ്ഡിങ് വേണ്ടി വന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. മഴ കുറയുകയാണെങ്കില്‍ നിയന്ത്രണം ഡിസംബര്‍ വരെയെങ്കിലും തുടരും. ചില ദിവസങ്ങളില്‍ കൂടുതല്‍ സമയം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ട്.

15 മുതല്‍ 30 മിനിറ്റ് വരെയാണ് സംസ്ഥാനത്ത് ലോഡ്‌ ഷെഡ്ഡിങ് തീരുമാനിച്ചിരിക്കുന്നത്. എന്നാലിത് പലയിടത്തും ഒരു മണിക്കൂര്‍ വരെ നീളുന്നുണ്ടെന്നും പരാതികളുണ്ട്. സംസ്ഥാനത്ത് മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലവര്‍ഷം പോലും വൈദ്യുതി നിയന്ത്രിക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിഷേധവും ഉയരുന്നുണ്ട്. അതേസമയം എല്‍നിനോയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലാവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തിൽ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്.

500 മുതല്‍ 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ചില ദിവസങ്ങളിലുള്ളത്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. മഴ ലഭിക്കുകയാണെങ്കില്‍ ഇതിനൊരു പരിഹാരമായേക്കും. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നുണ്ടെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണ്.

ലോകകപ്പ് വൈദ്യുതി ഉപഭോഗം ഇരട്ടിയാക്കി: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയിരുന്നു. ജൂൺ 15ന് ശേഷം കൂടുതൽ മഴ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. ജൂൺ 30 വരെ വൈദ്യുതി നിയന്ത്രണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി അറിയിച്ചത്. എന്നാൽ മഴ കുറഞ്ഞതോടെ ഉത്‌പാദനം കുറയുകയും ഉപഭോഗം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ലോകകപ്പ് ആവേശം കൂടിയായതോടെ സംസ്ഥാനത്ത് രാത്രികാല വൈദ്യുതോപഭോഗം വൻതോതിൽ ഉയർന്നിട്ടുണ്ട്. നിയന്ത്രണം അവസാനിപ്പിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. എന്നാൽ കേന്ദ്രപൂളിൽ വൈദ്യുതി ലഭ്യമല്ലാത്തത് തിരിച്ചടിയായി.

വിമര്‍ശിച്ച് പ്രതിപക്ഷം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രതിപക്ഷവും ഭരണപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ ഇരുട്ട് കേരളത്തിൽ തിരിച്ച് വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിമർശിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്തത് ആസൂത്രണത്തിലെ പിഴവാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ വൈദ്യുതി കരാറുകൾ റദ്ദാക്കിയത് എൽഡിഎഫാണെന്നും അതിന്‍റെ തുടർച്ചയായാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here