ഹൗസ്ബോട്ട് ടൂറിസവുമായി ആന്ധ്രപ്രദേശ്. കായല്‍ കാഴ്‌ചകളും വിഭവ സമൃദ്ധമായ ഭക്ഷണവും ആഢംബര താമസവും സജ്ജമാക്കും. മാതൃകയാക്കുന്നത് കേരള ഹൗസ് ബോട്ട് ടൂറിസത്തെ.
ഹൗസ്ബോട്ടുകൾക്ക് പേരുകേട്ട സംസ്ഥാനമായ കേരളത്തിൻ്റെ ടൂറിസം ശൈലി മാതൃകയാക്കാനൊരുങ്ങി ആന്ധ്രാപ്രദേശ്. വിഭവസമൃദ്ധമായ ഭക്ഷണവും താമസ സൗകര്യവും കായൽകാഴ്‌ചകളും ഇനി ബോട്ടിലിരുന്ന് ആസ്വദിക്കാം.
കേരളത്തിലെ ഹൗസ്ബോട്ട് ശൈലിയാണ് ഇവിടെ പിന്തുടരുന്നത്. ഇത് ടൂറിസം മേഖലയുടെ വളർച്ചയ്‌ക്കും പുതിയ മാറ്റങ്ങൾക്കും കാരണമാകും. പ്രകൃതി സൗന്ദര്യവും കായൽ കാഴ്‌ചകളും കോർത്തിണക്കികൊണ്ടുള്ളതാണ് കേരളത്തിലെ ഹൗസ്ബോട്ട് യാത്രകൾ.
കേരളത്തിൽ നിരവധി ജില്ലകളിൽ ഹൗസ്ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രധാന കേന്ദ്രം ആലപ്പുഴയിലാണ്. ആലപ്പുഴ മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ആലപ്പുഴ. വിദേശികളടക്കം നിരവധി പേരാണ് ദിനംപ്രതി ഹൗസ്ബോട്ട് യാത്രകൾ ആസ്വദിച്ച് മടങ്ങുന്നത്.
പരമ്പരാഗതമായി കച്ചവടത്തിന് ഉപയോഗിച്ചിരുന്ന ‘കെട്ടുവള്ളങ്ങള്‍’ കൊണ്ടാണ് ഹൗസ്ബോട്ടുകൾ നിർമിച്ചിരിക്കുന്നത്. കെട്ടുവള്ളങ്ങള്‍ ടൺ കണക്കിന് അരിയും സുഗന്ധവ്യഞ്ജനങ്ങളും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. ഒരു സാധാരണ കെട്ടുവള്ളത്തിന് 30 ടൺ വരെ സാധനങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട്.
കേരള മോഡൽ ഹൗസ്ബോട്ടുകൾ ആന്ധ്രയിലും:
കേരളത്തിലെ വിജയകരമായ ഹൗസ്ബോട്ട് മാതൃകയാണ് ആന്ധ്രപ്രദേശ് ടൂറിസം തങ്ങളുടെ കായലുകളിലും കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഈ വരുന്ന സംക്രാന്തിക്ക് ഹൗസ് ബോട്ടുകൾ സർവീസ് നടത്തുമെന്നാണ് ടൂറിസം അറിയിച്ചിട്ടുള്ളത്. പകൽ സവാരികൾ, രാത്രി താമസം, വിഭവസമൃദ്ധമായ ഭക്ഷണം എന്നിങ്ങനെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പാകത്തിലാണ് ഹൗസ്ബോട്ടുകൾ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്.
വിനോദ സഞ്ചാരികൾക്ക് ഉടൻ തന്നെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം കായൽ മധ്യത്തിൽ ദിവസം ചെലവഴിക്കാൻ സാധിക്കും. ഭക്ഷണവും നല്ല താമസ സൗകര്യങ്ങളുമുള്ള ബോട്ടുകളിൽ രാത്രി താമസിക്കാനും കായൽ കാഴ്‌ചകൾ ആസ്വദിക്കാനും ഉടൻ തന്നെ അവസരം ലഭിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തിൻ്റെ ഭാഗമായി ഗണ്ടിക്കോട്ട, സൂര്യലങ്ക, രാജമഹേന്ദ്രവാരം, വിജയവാഡയിലെ ഭവാനി ദ്വീപുകൾ എന്നിവിടങ്ങളിൽ അഞ്ച് ഹൗസ് ബോട്ടുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. സാധ്യത പഠനങ്ങൾക്ക് ശേഷം പത്ത് സ്ഥലങ്ങളിലേക്ക് ബോട്ടുകളുടെ പ്രവർത്തനം ആരംഭിക്കും. അതിനായി കേരളത്തിൽ നിന്നുള്ള സ്വകാര്യ ഓപ്പറേറ്റർമാർ ആന്ധ്രപ്രദേശ് ടൂറിസം വികസന കോർപ്പറേഷനുമായി കരാറുകളിൽ ഒപ്പുവച്ചതായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഓരോ ബോട്ടിലും 4 യാത്രക്കാരെ വഹിച്ച് കൊണ്ട് നദി, ജലസംഭരണി, കായലുകൾ എന്നിവയിലൂടെ 20-30 കിലോമീറ്റർ സഞ്ചരിക്കുമെന്ന്” ടൂറിസം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉദാഹരണത്തിന് ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന ഒരു ബോട്ട് അടുത്ത ദിവസം രാവിലെ 11 മണിയോടെയാകും തിരിച്ചെത്തുന്നത്. ഇത് വിനോദ സഞ്ചാരികൾക്ക് ഭക്ഷണവും സുഖകരമായ താമസവും ആസ്വദിക്കാൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി സബ്‌സിഡികൾ, 7 വർഷത്തേക്കുള്ള എസ്‌ജിഎസ്‌ടി റീഫണ്ടുകൾ, 2024-29ലെ സംസ്ഥാന ടൂറിസം നയത്തിന് കീഴിലുള്ള മറ്റ് പദ്ധതികൾ എന്നിവയിലൂടെ സർക്കാർ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നു. കൊനസീമയിലെ ഡിണ്ടിയിൽ നിന്ന് ആഢംബര ഡബിൾ ബെഡ്‌റൂം ഹൗസ് ബോട്ടുകളുടെ സര്‍വീസ് നടത്താന്‍ ടൂറിസം വികസന കോർപ്പറേഷൻ ഓപ്പറേറ്റർമാരെ ക്ഷണിക്കുന്നു. അവിടെ ഇതിനകം രണ്ട് ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.
റൂട്ടുകൾ:
ഗണ്ടിക്കോട്ട റിസർവോയർ–മൈലാവരം അണക്കെട്ട്: വിനോദ സഞ്ചാരികൾ ഗണ്ടിക്കോട്ടയും അഗസ്തേശ്വരവും കടന്ന് ശിവക്ഷേത്രം സന്ദർശിച്ച് മനോഹരമായ കാഴ്‌ചകൾ ആസ്വദിച്ച് അതേ വഴിയിലൂടെ തന്നെ തിരിച്ച് സര്‍വീസ് നടത്തും.
സൂര്യലങ്ക–നിസാംപട്ടണം: കണ്ടൽക്കാടുകളിലൂടെ ബോട്ടുകൾ സഞ്ചരിക്കും. സൂര്യോദയ കാഴ്‌ചകളും മീൻപിടിത്ത കാഴ്‌ചകളും ആസ്വദിക്കാം.
രാജമഹേന്ദ്രവാരം-ധവലേശ്വരം (2 ബോട്ടുകൾ) – പത്മാവതി, സരസ്വതി എന്നിവിടങ്ങളിൽ നിന്ന് ബോട്ടുകൾ പുറപ്പെടുന്നു. ഗോദാവരിയുടെ സൗന്ദര്യം ആസ്വദിച്ച് പിച്ചുകലങ്കയും ബ്രിഡ്ഡി ലങ്കയും കാണാം.
വിജയവാഡ ഭവാനി ദ്വീപ് – ബെറം പാർക്കിൽ നിന്ന് പുറപ്പെട്ട്, ഭവാനി ദ്വീപും പുണ്യസംഗമവും ചുറ്റി രാത്രി മുഴുവൻ നങ്കൂരമിട്ട്, പിറ്റേന്ന് രാവിലെ ബെറം പാർക്കിലേക്ക് ബോട്ടുകൾ മടങ്ങും.
ഈ സംരംഭങ്ങളിലൂടെ ആന്ധ്രപ്രദേശ് വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, സംസ്ഥാനത്തിൻ്റെ പ്രകൃതി, സാംസ്‌കാരിക സൗന്ദര്യം പ്രദർശനം എന്നിവയാണ് ലക്ഷ്യമിടുന്നത്.






