ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് എന്ന കൂറ്റൻ ലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്‌ടപ്പെടുത്തി ഗുജറാത്ത് നേടിയെടുത്തു. ഞായറാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും.
ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിൻ്റെ സെഞ്ച്വറിയും സായ് സുദർശന്‍റെ അർധ സെഞ്ച്വറിയുമാണ് കളിയുടെ ഗതിയെ മാറ്റിമറിച്ചത്. ഓപ്പണിങ് വിക്കറ്റിൽ 77 പന്തിൽ നിന്ന് ഇരുവരുടെയും കൂട്ടുക്കെട്ട് 167 റൺസ് നേടിയെടുത്തു. 53 പന്തുകൾ നേരിട്ട ഗിൽ മൂന്ന് സിക്‌സും 15 ഫോറുമടക്കം 104 റൺസ് സ്വന്തമാക്കി. 32 പന്തുകൾ നേരിട്ട സുദർശൻ എട്ട് ഫോറുകളും ഒരു സിക്‌സും നേടി 58 റൺസെടുത്തു. ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ മത്സരിച്ചപ്പോൾ പുറത്തായ രീതിയിൽ തന്നെ ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റ് സ്‌റ്റംമ്പിലേക്ക് വീണാണ് ഈ മത്സരത്തിലും സുദർശൻ പുറത്തായത്.
ഗില്ലും സുദർശനും ക്രീസിൽ നിലയുറപ്പിച്ചതോടെ രാജസ്ഥാൻ ബൗളർമാർക്ക് വലിയ പ്രഹരമാണ് ഏൽക്കേണ്ടി വന്നത്. വാഷിങ്‌ടൺ സുന്ദർ 16 റൺസെടുത്ത് പുറത്തായി. ജോസ് ബട്ട്ലർ ഒന്‍പത് റൺസും രാഹുൽ തിവാട്ടിയ 17 റൺസും സ്വന്തമാക്കി പുറത്താകാതെ നിന്നു.
വൈഭവ് സൂര്യവംശിയുടെ മികച്ച പ്രകടനത്തിലായിരുന്നു രാജസ്ഥാൻ റോയൽസ് 215 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറു വിക്കറ്റ് നഷ്‌ടത്തിൽ 214 റൺസെടുത്തു. ബാറ്റർമാർ പരീക്ഷിക്കപ്പെട്ട പിച്ചിൽ വമ്പനടികൾക്ക് മാത്രമല്ല ആങ്കർ ചെയ്‌ത് കളിക്കാനും തനിക്കാകുമെന്ന് തെളിയിക്കുകയായിരുന്നു വൈഭവ്. 47 പന്തുകളില്‍ 96 റൺസ് താരം സ്വന്തമാക്കി. സെഞ്ച്വറിക്ക് നാലു റൺസകലെ കാഗിസോ റബാദയുടെ പന്തിൽ പുറത്താകുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി തേർഡ്‌മാൻ ഏരിയയിലേക്ക് പന്തടിച്ചാണ് വൈഭവ് പുറത്തായത്. കഴിഞ്ഞ മത്സരത്തിലും വൈഭവ് 97 റൺസ് സ്വന്തമാക്കിരുന്നു. ഏഴു സിക്‌സ് എട്ട് ഫോറുമടങ്ങുന്നതായിരുന്നു വൈഭവിൻ്റെ ഇന്നിങ്സ്. ഇത്തവണ 31 പന്തിൽ നിന്നാണ് വൈഭവ് 50 തികച്ചത്. താരത്തിൻ്റെ ഐപിഎൽ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ അർധ സെഞ്ച്വറി ഇതാണ്.
വൈഭവിൻ്റെയും രവീന്ദ്ര ജഡേജയുടെയും കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിനെ മുന്നോട്ട് കൊണ്ടുവന്നത്. 65 പന്തുകൾ നീണ്ട ഈ കൂട്ടുകെട്ട് 127 റൺസാണ് രാജസ്ഥാനുവേണ്ടി നേടിയെടുത്തത്. ഇടയ്ക്ക് പരിക്കേറ്റ് റിട്ടയേർഡ് ഹർട്ടായി മടങ്ങിയ ജഡേജ പിന്നീട് തിരിച്ചെത്തി വീണ്ടും ബാറ്റിങ് തുടർന്നു. 35 പന്തുകൾ നേരിട്ട താരം ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു.
അവസാന ഓവറുകളിൽ തകർത്തടിച്ച ഡോണോവൻ ഫെരെയ്‌രയുടെ ബാറ്റിങ്ങാണ് രാജസ്ഥാനെ 200 കടത്തിയത്. വെറും 11 പന്തുകൾ മാത്രം നേരിട്ട ഫെരെയ് നാല് സിക്‌സും രണ്ട് ഫോറുമടക്കം 38 റൺസെടുത്തു. റാഷിദ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്‌സടക്കം 27 റൺസാണ് ഫെരെയ് അടിച്ചെടുത്തത്.








