അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്‌പീക്കർ

0
5

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അധ്യാപകരുടെയും അന്യായ സ്ഥലം മാറ്റം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച് സ്‌പീക്കർ. സ്ഥലം മാറ്റങ്ങൾ ഭരണപരമായ സൗകര്യാർത്ഥത്തിനാണെന്ന പാർലമെൻ്ററികാര്യ മന്ത്രി സണ്ണി ജോസഫിൻ്റെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.

മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെൻ്ററികാര്യ മന്ത്രിയാണ് മറുപടി നൽകിയത്. വ്യവസ്ഥകൾക്ക് വിധേയമായാണ് സ്ഥലം മാറ്റം നടത്തിയിട്ടുള്ളത്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന സ്ഥലം മാറ്റമല്ല നടത്തുന്നത് സംതൃപ്‌തമായ സിവിൽ സർവ്വീസിനെയാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ഭരണാനുകൂല സംഘടനയുടെ സ്വാധീനം കൊണ്ട് ആരെയും മാറിയിട്ടില്ലെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

എന്നാൽ പ്രത്യേക പരിഗണന ആവശ്യമുള്ളവരെ പോലും സ്ഥലം മാറ്റുകയാണെന്ന് പ്രമേയത്തിന് സഭയിൽ അവതരണാനുമതി തേടിയ വി. ജോയി വ്യക്തമാക്കി. ഈ കുറഞ്ഞ സമയത്തിനിടെ 1982 പേരെയാണ് സ്ഥലം മാറ്റിയത്. 2017 ലെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചാണ് മാറ്റങ്ങൾ നടത്തിയത്. ഭരണമാറ്റത്തിലൂടെ എല്ലാം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ട പലരെയും വിരമിക്കാൻ ഏതാനും ദിവസം മാത്രമുള്ള ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യുന്ന നടപടിയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് 2019 ൽ അന്നത്തെ മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പിട്ട 41 പേർക്കെതിരെ നടപടി എടുത്തുവെന്ന് സണ്ണി ജോസഫ് തിരിച്ചടിച്ചു. അന്ന് എം എൽ എ ആയിരുന്ന എം.കെ മുനീറിന് നിയമസഭയിലെ ചോദ്യത്തിന് ലഭിച്ച മറുപടി ഉദ്ധരിച്ചാണ് സണ്ണി ജോസഫ് തിരിച്ചടിച്ചത്.

എന്നാൽ സർക്കാരിൻ്റെ മറുപടി നിർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ ചട്ടപ്രകാരം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണമാറ്റത്തിൻ്റെ പേരിൽ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറഞ്ഞിയാണ് സ്ഥലം മാറ്റങ്ങൾ നടക്കുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരെയും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്നവരെയും വിദൂര സ്ഥലങ്ങളിലേക്ക് മാറുന്ന നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സർവ്വീസ് സംഘടന ഭാരവാഹികൾ നൽകുന്ന കത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലമാറ്റം നടത്താൻ ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു. വകുപ്പു മേധാവികളെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സണ്ണി ജോസഫിൻ്റെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here