‘മായൻ’ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കം.

0
61

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തുടക്കം. ‘മായൻ’ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ‘കത്തനാർ’ക്ക് ശേഷം ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണിത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് നിർമാണം.

കൊച്ചി ഇടപ്പള്ളിയിലെ അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. മലയാള സിനിമാസ്വാദകരുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ പത്നി സിജി സച്ചിയും , സഹോദരി സജിതയും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തത്. മലയാള സിനിമയിലെ നിരവധി പ്രമുഖരും അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ മാസമാണ് ജിതിൻ കെ ജോസ് – ജയസൂര്യ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഓർഡിനറി’, ‘അനാർക്കലി’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാന്റസി, ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മായൻ’ എന്നാണ് സൂചന.

അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള ‘കറുത്തച്ചനൂട്ടി’നെപ്പറ്റി പരോക്ഷമായി പരാമർശിക്കുന്ന പോസ്റ്റ് പ്രേക്ഷകരിൽ കൗതുകവും ആകാംക്ഷയും ഉണർത്തിയിരുന്നു. എന്നാൽ, ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന കാര്യം അണിയറപ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here