ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായ ‘ഓപ്പറേഷൻ സിന്ദൂർ’ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തിന്റെ സുരക്ഷാ തന്ത്രങ്ങളിലും സാങ്കേതിക ശേഷിയിലും വൻ മാറ്റങ്ങൾ. 2025 ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച ഈ ഓപ്പറേഷൻ, ഭീകരതയ്ക്കെതിരെ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമായി മാറി. പുതിയ സൈനിക സിദ്ധാന്തങ്ങൾ, സാങ്കേതിക നവീകരണങ്ങൾ, ആത്മനിർഭർ ഭാരതത്തിലൂടെയുള്ള പ്രതിരോധ കരുത്ത് എന്നിവയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ കൈവരിച്ചത്.
ചർച്ചയും ഭീകരതയും ഒരുമിച്ച് പോകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടാണ് ഈ പുതിയ പ്രതിരോധ നയത്തിന്റെ അടിസ്ഥാനം. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഉടനടി നിർണ്ണായകമായ തിരിച്ചടി നൽകുമെന്ന ദൃഢനിശ്ചയം കഴിഞ്ഞ ഒരു വർഷത്തിനിടെ സൈനിക സജ്ജീകരണങ്ങളിൽ പ്രകടമാണ്.ഡ്രോൺ യുദ്ധമുറകൾ, ലെയർഡ് എയർ ഡിഫൻസ് സിസ്റ്റങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എന്നീ മേഖലകളിൽ വൻതോതിലുള്ള സംഭരണമാണ് പ്രതിരോധ മന്ത്രാലയം നടത്തിയത്. നൂറുകണക്കിന് കാമികാസെ (Kamikaze), എഫ്പിവി ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
സൈനിക ഘടനയിലെ പരിഷ്കാരങ്ങൾ
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേതൃത്വത്തിൽ സൈന്യത്തിൽ വലിയ ഘടനാപരമായ മാറ്റങ്ങളാണ് വരുത്തിയത്. വടക്കൻ അതിർത്തികളിൽ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി രുദ്ര ബ്രിഗേഡുകൾ (Rudra Brigades), ദിവ്യാസ്ത്ര ബാറ്ററികൾ (Divyastra Batteries), ഭൈരവ് ബറ്റാലിയനുകൾ (Bhairav Battalions) എന്നിവയ്ക്ക് പുറമെ ‘അശ്നി പ്ലാറ്റൂണുകൾ’ (Ashni Platoons) എന്നറിയപ്പെടുന്ന പ്രത്യേക ഡ്രോൺ യൂണിറ്റുകളും സ്ഥാപിച്ചു. അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യവികസനത്തിനും വലിയ പ്രാധാന്യമാണ് നൽകിയത്.
മിഷൻ സുദർശൻ ചക്ര
സൈന്യത്തിന്റെ സംയുക്ത നീക്കങ്ങൾക്ക് ഓപ്പറേഷൻ സിന്ദൂർ വലിയ കരുത്ത് പകർന്നു. കര, നാവിക, വ്യോമസേനകൾ ഏകോപിപ്പിച്ചു നടത്തുന്ന ‘എക്സർസൈസ് തൃശൂൽ’ പോലുള്ള അഭ്യാസങ്ങൾ സംയോജിത യുദ്ധമുറകളിലെ ഇന്ത്യയുടെ മികവ് തെളിയിച്ചു. വേഗതയിലും കൃത്യതയിലും ശത്രുക്കളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മിഷൻ സുദർശൻ ചക്ര’ പ്രഖ്യാപിച്ചു. 2035-ഓടെ പൊതുയിടങ്ങളെപ്പോലും ഉൾപ്പെടുത്തി സമഗ്രമായ ദേശീയ സുരക്ഷാ കവചം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ബജറ്റും ആത്മനിർഭരതയും
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ 2025-ൽ 3.84 ലക്ഷം കോടി രൂപയുടെ സംഭരണത്തിന് അംഗീകാരം നൽകി. മിസൈൽ സംവിധാനങ്ങൾ, നാവിക ആസ്തികൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 6.81 ലക്ഷം കോടി രൂപയായി ഉയർത്തി. തദ്ദേശീയമായ നിർമ്മാണത്തിനും നവീകരണത്തിനുമാണ് ഇതിൽ മുൻഗണന നൽകിയിരിക്കുന്നത്.
പ്രതിരോധ സംഭരണ പ്രക്രിയ വേഗത്തിലാക്കാൻ ഡിഫൻസ് പ്രൊക്യൂർമെന്റ് മാനുവൽ 2025 അവതരിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് എട്ട് മാസത്തിനുള്ളിൽ 800-ലധികം ഡ്രോണുകൾ ഇന്ത്യൻ സൈന്യം തദ്ദേശീയമായി നിർമ്മിച്ചു. സൈനികർക്ക് ഡ്രോൺ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ, സ്വയംപര്യാപ്തമായ ഒരു സൈനിക ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു എന്ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം വ്യക്തമാക്കുന്നു.







