ചികിത്സയ്‌ക്കായി കേരളത്തിലെത്തിയ കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കെ അന്തരിച്ചു;

0
32

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കെ (80) കൂത്താട്ടുകുളത്ത് വച്ച് അന്തരിച്ചു. എറണാകുളം ദേവമാത ആശുപത്രിയിൽ വച്ചാണ് മരണം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ തുടർന്ന് ഒഡിങ്കയെ സമീപത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീധരീയം ആശുപത്രിയിലെ ചികിത്സയ്‌ക്കായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം.

മൃതദേഹം ദേവമാതാ ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പ്രോട്ടോക്കോൾ പ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിൻ്റെ മകളും ബന്ധുക്കളും കൂടെയുണ്ട്. കഴിഞ്ഞ പത്താം തീയതിയാണ് കെനിയൻ പ്രധാനമന്ത്രി നേത്രചികിത്സയ്ക്കായി കൊച്ചിയിലെത്തിയത്.

ശ്രീധരീയം ആശുപത്രിയിൽ ഇതിന് മുൻപും റെയില ഒഡിങ്കെയും കുടുബവും ചികിത്സയ്‌ക്കെത്തിയിട്ടുണ്ട്. മകളുടെ കണ്ണ് സംബന്ധമായ അസുഖത്തെ തുടർന്നാണ് നേരത്തെയും ചികിത്സ്‌ക്കായി കേരളത്തിലെത്തിയത്. മുൻപും റെയില ഒഡിങ്കെ കേരളത്തിലെത്തി ചികിത്സ തേടിയത് പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലടക്കം പ്രതിപാദിച്ചിട്ടുള്ളതാണ്.

ശ്രീധരീയം ആശുപത്രിയുമായുള്ള ബന്ധത്തിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും ചികിത്സയ്‌ക്കായി കേരളത്തിലെത്തിയതെന്നാണ് വിവരം. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതടക്കമുള്ള മറ്റ് നടപടിക്രമങ്ങള്‍ എംബസി മുഖേന ഏകോപിപ്പിക്കും. ഇനി നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങളാണ് ബാക്കിയുള്ളത്.

ഏതാനും ആഴ്‌ചകള്‍ക്ക് മുൻപ് അദ്ദേഹത്തിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് വിദേശമാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതിനോടൊന്നും അദ്ദേഹമോ കുടുബമോ പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

വ്യാപകമായ അഭ്യൂഹങ്ങളാണ് അദ്ദേഹത്തിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നത്. ആശുപത്രി കിടക്കയിലുള്ള അദ്ദേഹത്തിൻ്റെ ചിത്രങ്ങളടക്കം പങ്കുവച്ചായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം. എന്നാൽ എഐ ഉപയോഗിച്ചുള്ള ഫോട്ടായാണ് ഇതെന്നായിരുന്നു ഫാക്‌ട് ചെക്കിലൂടെ കണ്ടെത്തിയിരുന്നത്. കെനിയൻ ഡിജിറ്റൽ വാർത്താ സൈറ്റ് ആണ് ഇത് സംബന്ധിച്ച വാർത്തയിൽ വ്യക്തത വരുത്തിയിരുന്നത്.

2008 മുതൽ 2013 വരെ പ്രധാനമന്ത്രിയായിരുന്ന റെയില ഒഡുങ്ക കെനിയയിലെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെൻ്റ് (ODM) പാർട്ടിയുടെ പ്രമുഖനായ രാഷ്ട്രീയ നേതാവ് കൂടിയാണ്. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here