മുംബൈ : ക്രൂഡ് ഓയില്‍ വില വർധനവും അസ്ഥിരമായ ഭൂരാഷ്ട്രീയ സാഹചര്യത്തിനിടയിൽ അമേരിക്കൻ കറൻസിയുടെ സ്ഥിരതയും കാരണം വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. യുഎസ് ഡോളറിനെതിരെ 49 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 93.32 ആയി.
പശ്ചിമേഷ്യയിലെ പുതിയ പിരിമുറുക്കവും ഇറാൻ-യുഎസ് സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലെ അനിശ്ചിതത്വവും ക്രൂഡ് ഓയിൽ വിലയിൽ വർധനവിന് കാരണമായി. നിക്ഷേപകർ ആഭ്യന്തര ഇക്വിറ്റികളിൽ നിന്ന് ഫണ്ട് പിൻവലിക്കാൻ തിടുക്കം കൂട്ടുകയും ഇത് ഇന്ത്യൻ കറൻസിയിൽ കൂടുതൽ സമ്മർദം ചെലുത്തുകയും ചെയ്‌തുവെന്ന് ഫോറെക്‌സ് വ്യാപാരികൾ പറഞ്ഞു.
ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ 93.30 എന്ന നിരക്കിലാണ് രൂപ വ്യാപാരം തുടങ്ങിയത്. പിന്നാലെ കൂടുതല്‍ നഷ്‌ടത്തിലേക്ക് കടക്കുകയായിരുന്നു. മുൻ ക്ലോസിങ് ലെവലിനെ അപേക്ഷിച്ച് 49 പൈസ ഇടിഞ്ഞ് 93.32 എന്ന നിരക്കിലാണ് ഡോളറിനെതിരെ പിന്നീട് വ്യാപാരം നടത്തിയത്. വെള്ളിയാഴ്‌ച, യുഎസ് ഡോളറിനെതിരെ 32 പൈസ ഇടിഞ്ഞ് 92.83 എന്ന നിരക്കിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ആറ് കറൻസികള്‍ക്കെതിരെ ഡോളറിന്‍റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.38 ശതമാനം ഉയർന്ന് 98.81 എന്ന നിലയിലെത്തി.
ആഭ്യന്തര ഇക്വിറ്റി മാർക്കറ്റ് രംഗത്ത്, രാവിലെയുള്ള വ്യാപാരത്തിൽ ഓഹരി വിപണികളിൽ കുത്തനെയുള്ള ഇടിവ് അനുഭവപ്പെട്ടു. 30 ഓഹരികളുള്ള സെൻസെക്‌സ് 1600.73 പോയിന്‍റ് അഥവാ 2.06 ശതമാനം ഇടിഞ്ഞ് 75,949.52 എന്ന നിലയിലെത്തി, നിഫ്റ്റി 468.85 പോയിന്‍റ് അഥവാ 1.95 ശതമാനം ഇടിഞ്ഞ് 23,581.75 എന്ന നിലയിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വെള്ളിയാഴ്‌ച വിദേശ സ്ഥാപന നിക്ഷേപകർ 672.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
2026 ഏപ്രിൽ 3 ന് രാജ്യത്തിന്‍റെ വിദേശനാണ്യ കരുതൽ ശേഖരം 9.063 ബില്യൺ ഡോളർ വർധിച്ച് 697.121 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്‌ച അറിയിച്ചു. മാർച്ച് 27 ന് അവസാനിച്ച മുൻ റിപ്പോർട്ടിങ് ആഴ്‌ചയിൽ, മൊത്തം കരുതൽ ശേഖരം 10.288 ബില്യൺ ഡോളർ കുറഞ്ഞ് 688.058 ബില്യൺ ഡോളറിലെത്തി.
തിങ്കളാഴ്‌ച മുതൽ ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് യുഎസ് പറഞ്ഞതിനെത്തുടർന്ന്, ക്രൂഡ് ഓയില്‍ വില 7.28 ശതമാനം ഉയർന്ന് ബാരലിന് 102.13 യുഎസ് ഡോളറിലെത്തി. ഇറാനിയൻ തുറമുഖങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും പ്രവേശിക്കുകയോ അവിടെ നിന്ന് പുറപ്പെടുകയോ ചെയ്യുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെയും ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. അതേസമയം, ഇറാനിയൻ തുറമുഖങ്ങള്‍ അല്ലാത്തവയില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് ഹോർമുസ് കടലിടുക്ക് കടക്കാൻ അനുവാദമുണ്ടാകും.
പശ്ചിമേഷ്യയിലെ ദീർഘകാല സംഘർഷം, ഉയർന്ന ഊർജ വിലകൾ, വ്യാപാര പ്രതിസന്ധി, ദുർബലമായ പണ വരവ് എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ഇന്ത്യയുടെ മാക്രോ ഇക്കണോമിക് പ്രകടനത്തെ ദുർബലപ്പെടുത്തുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി) വെള്ളിയാഴ്‌ച പറഞ്ഞു. 2026 ഏപ്രിലിലെ ഏഷ്യൻ ഡെവലപ്‌മെന്‍റ് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ, ശക്തമായ ആഭ്യന്തര ആവശ്യകതയും ധനസഹായ വ്യവസ്ഥകൾ ലഘൂകരിക്കുന്നതും ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് യുഎസ് തീരുവ കുറയ്ക്കുന്നതും എല്ലാം ഇന്ത്യയുടെ ജിഡിപി വളർച്ച ഈ സാമ്പത്തിക വർഷത്തിൽ 6.9 ശതമാനമായി നിലനിർത്തുമെന്നും അടുത്ത സാമ്പത്തിക വർഷത്തിൽ 7.3 ശതമാനമായി ഉയർത്തുമെന്നും എഡിബി പ്രവചിക്കുന്നു.







