എനിക്ക് എൻ്റെ നീതി…ആഗോള ശക്തിക്ക് പരിധികളിലെന്നും ട്രംപ്

0
29

ഞാൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ മുഴുവൻ ഉക്രെയ്‌നും, റഷ്യ സ്വന്തമാക്കുമായിരുന്നുവെന്നും അവകാശവാദം. തായ്‌വാൻ വിഷയത്തിൽ തീരുമാനം ഷി ജിൻപിങിൻ്റേതാണെന്നും ട്രംപ്.

വാഷിങ്‌ടൺ ഡിസി: അന്താരാഷ്‌ട്ര നിയമങ്ങള്‍ തനിക്ക് ബാധകമല്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പരാമർശം. സ്വന്തം മനസിന് മാത്രമേ തന്നെ തടയാൻ കഴിയൂവെന്നും ആഗോള ശക്തിക്ക് പരിധികളിലെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.

വെനസ്വേലയിലേക്ക് കടന്നുകയറി പ്രസിഡൻ്റ് മഡുറോയെയും ഭാര്യയെയും പിടികൂടി അമേരിക്കൻ ജയിലിലാക്കുകയും വെനസ്വേലൻ സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണവിപണി പിടിച്ചടുക്കുകയും ചെയ്‌ത നടപടിയിൽ മാധ്യമങ്ങളുടെ ചോദ്യത്തിനാണ് മറുപടി. അടുത്ത ലക്ഷ്യം ഗ്രീൻലൻഡ് ആണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

“അതെ, ഒരു കാര്യമുണ്ട്. എൻ്റെ സ്വന്തം ധാർമ്മികത. എൻ്റെ സ്വന്തം മനസ്. അതിന് മാത്രമാണ് എന്നെ തടയാൻ കഴിയുന്നത്. എനിക്ക് അന്താരാഷ്ട്ര നിയമം ആവശ്യമില്ല. ഞാൻ ആളുകളെ വേദനിപ്പിക്കാൻ നോക്കുന്നില്ല” – ട്രംപ് പറഞ്ഞു.

തായ്‌വാൻ വിഷയത്തിൽ തീരുമാനം ഷി ജിൻപിങിൻ്റേതാണെന്നും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡൻ്റ് അധികാരത്തിലിരിക്കുമ്പോൾ അത്തരം നടപടികൾ സ്വീകരിക്കില്ല. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ മറ്റൊരു പ്രസിഡൻ്റിനെ നിയമിച്ചതിന് ശേഷം അദ്ദേഹം തായ്‌വാൻ വിഷയം കടുപ്പിച്ചേക്കാമെന്നും ട്രംപ് വിലയിരുത്തി.

നാറ്റോയുടെ സംരക്ഷണമാണോ ഗ്രീൻലാൻഡ് നേടലാണോ എന്ന കാര്യത്തിൽ ഏതാണ് മുൻഗണനയെന്ന് പറയാൻ കഴിയില്ല. താൻ യൂറോപ്പിനൊപ്പമാണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ, ഇപ്പോൾ മുഴുവൻ ഉക്രെയ്‌നും റഷ്യ സ്വന്തമാക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം വെനസ്വേല യുഎസിന് 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ വിതരണം ചെയ്യുമെന്ന് നേരത്തെ ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. വിൽപ്പനയിൽ നിന്നുള്ള വരുമാനം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ യുഎസ് എണ്ണ കമ്പനി എക്‌സിക്യൂട്ടിവുകളായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഇതുവരെയും വെനസ്വേല സർക്കാർ പ്രതികരിച്ചിട്ടില്ല.

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നടത്തിയ ശക്തമായ അമേരിക്കൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് മറ്റൊരു രാജ്യത്തിലെ ആഭ്യന്തര കാര്യങ്ങളിലടക്കം അമേരിക്ക തീരുമാനമെടുക്കുന്നത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കും മറ്റും കാരണമായിരിക്കുകയാണ്. ജനുവരി മൂന്നിന് യുഎസ് നടത്തിയ ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും പിടികൂടിയത്. ഇരുവരെയും ബലപ്രയോഗത്തിലൂടെ കാരക്കസില്‍ നിന്ന് യുഎസില്‍ എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here