ഇന്ത്യയിൽ നിന്ന് നക്സലിസം പൂർണമായി ഇല്ലാതാകുമോ? കേന്ദ്രത്തിൻ്റെ നിർണായക നീക്കം ലോക്‌സഭയിലേക്ക്

0
48

ന്യൂഡൽഹി: രാജ്യത്ത് നിന്ന് നക്സലിസം പൂർണമായി തുടച്ചുനീക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ ശക്തമാക്കി. നക്സലിസത്തിനെതിരെ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് തിങ്കളാഴ്ച ലോക്‌സഭയിൽ ചർച്ച നടത്തും. ചട്ടം 193 പ്രകാരം ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയാണ് ഹ്രസ്വകാല ചർച്ചയ്ക്ക് തുടക്കമിടുക.

മാവോയിസ്റ്റ് മുക്ത ഇന്ത്യ

2026 മാർച്ചോടെ നക്സൽ മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 31നകം നക്സലിസം വേരോടെ പിഴുതെറിയാനുള്ള കേന്ദ്ര സർക്കാരിൻ്റെ പ്രതിബധത അദ്ദേഹം പലതവണ ആവർത്തിച്ചു. സുരക്ഷാസേനയുടെ നിരന്തരമുള്ള ഇടപെടലുകളും വികസന പ്രവർത്തനങ്ങളും ഫലം കണ്ടതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മാവോയിസ്റ്റ് നേതാക്കളാണ് ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് എത്തിയത്.

കേന്ദ്ര സർക്കാരിൻ്റെ കീഴടങ്ങൽ നയങ്ങളും പുനരധിവാസ പാക്കേജുകളും കൂടുതൽ പേരെ സമാധാനത്തിൻ്റെ പാതയിലേക്ക് ആകർഷിച്ചു. വർഷങ്ങളായി രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തിയ ഇടത് തീവ്രവാദത്തിന് ഇതോടെ വലിയ തിരിച്ചടിയാണ് നേരിട്ടത്. കേന്ദ്ര സർക്കാരിൻ്റെ കർശന നിലപാടാണ് നക്സൽ വേട്ടയിൽ സുരക്ഷാസേനയ്ക്ക് കരുത്തായത്. ഇതോടെ രാജ്യത്ത് മാവോയിസ്റ്റ് അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായി.

ഒഡീഷ പൊലീസിന് മുന്നിൽ മാർച്ച് 25ന് മാവോയിസ്റ്റ് നേതാവ് സുക്രുവും മറ്റ് നാല് പേരും കീഴടങ്ങിയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. ആൻ്റി നക്സൽ ഓപ്പറേഷൻസ് എഡിജി സഞ്ജീവ് പാണ്ഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് 66 ലക്ഷം രൂപയുടെ സഞ്ചിത പാരിതോഷികം ലഭിച്ചിരുന്നു.

കാണ്ഡമാൽ ജില്ലയിൽ മാവോയിസ്റ്റുകളുടെ എണ്ണം എട്ടോ ഒമ്പതോ ആയി ചുരുങ്ങിയെന്നും ഇത് ഒറ്റ അക്കത്തിലേക്ക് എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനാണ് സുരക്ഷാസേനയുടെ തീരുമാനം. അവശേഷിക്കുന്ന മാവോയിസ്റ്റുകളോട് പൊലീസിന് മുന്നിൽ കീഴടങ്ങാൻ എഡിജി അഭ്യർഥിച്ചു. സർക്കാരിൻ്റെ എല്ലാ കീഴടങ്ങൽ നയങ്ങളുടെയും ആനുകൂല്യം ഇവർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

നേതാക്കളില്ലാതെ ദണ്ഡകാരണ്യം

നക്സൽ പ്രസ്ഥാനത്തിൻ്റെ പ്രധാന പ്രഭവകേന്ദ്രങ്ങളിലൊന്നായ ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ വനമേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി അംഗവും സൗത്ത് സബ് സോണൽ ബ്യൂറോ ഇൻ ചാർജുമായ പപ്പ റാവുവും മറ്റ് 17 കേഡർമാരും മാർച്ച് 17ന് കീഴടങ്ങിയതായി ബസ്തർ ഐജി പി സുന്ദർരാജ് വ്യക്തമാക്കി. ചരിത്രത്തിലാദ്യമായി ദണ്ഡകാരണ്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനം നേതാക്കളില്ലാത്ത അവസ്ഥയിലായി. മികച്ച പുനരധിവാസ പാക്കേജുകളും മുഖ്യധാരയിലേക്കുള്ള സ്വീകാര്യതയുമാണ് ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ കൂട്ടത്തോടെയുള്ള കീഴടങ്ങലിന് കാരണമായത്.

മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ റോഡുകൾ, ടെലികോം ടവറുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ തുടങ്ങിയവ സ്ഥാപിച്ച് വികസനം വേഗത്തിലാക്കിയതും സർക്കാരിന് ഗുണകരമായി. ഇതോടെ സാധാരണക്കാർക്കിടയിൽ നക്സലുകൾക്കുണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ കുറഞ്ഞു. വികസനം കടന്നുചെല്ലാത്ത ഗ്രാമങ്ങളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടം വലിയ മുന്നേറ്റമാണ് നടത്തിയത്. സായുധ പോരാട്ടം ഉപേക്ഷിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ കൂടുതൽ പേർ തയാറാകുന്നത് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നിർണായക വിജയമായാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here