കൊച്ചി വാട്ടര്‍ മെട്രോയുടെ പുതിയ രണ്ട് ടെര്‍മിനലുകള്‍ കൂടി ഇന്ന് പ്രവർത്തനമാരംഭിക്കും. മട്ടാഞ്ചേരി, വില്ലിങ്‌ടണ്‍ ഐലന്‍റ് ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമർപ്പിക്കും. കൊച്ചി വാട്ടര്‍ മെട്രോ പാതയിലെ പ്രധാന സ്റ്റേഷനുകളായ മട്ടാഞ്ചേരി, വില്ലിങ്‌ടണ്‍ ഐലന്‍റ് ടെര്‍മിനലുകളിലേക്കാണ് കൊച്ചി വാട്ടർ മെട്രോയെത്തുന്നത്. ടൂറിസ്റ്റുകൾക്ക് ഉൾപ്പടെ നഗരത്തിൽ നിന്നും എളുപ്പത്തിൽ മട്ടാഞ്ചേരിയിലും,വില്ലിങ്‌ടണ്‍ ഐലന്‍റിലും എത്തിചേരാനുള്ള വഴിയാണ് ഇതോടെ യാഥാർഥ്യമാകുന്നത്.
38 കോടി രൂപ ചെലവിലാണ് രണ്ട് ടെര്‍മിനലുകളും പണികഴിപ്പിച്ചത്. ഇതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. 8000 ചതുരശ്രയടി വലിപ്പത്തിലുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ പൈതൃകമുറങ്ങുന്ന ഡെച്ച് പാലസിന് തൊട്ടടുത്താണ്. പഴയ ഫെറി ടെര്‍മിനലിന് അടുത്താണ് 3000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലിങ്‌ടണ്‍ ഐലന്‍റ് ടെര്‍മിനല്‍. പൈതൃക സമ്പത്ത് സംരക്ഷണഭാഗമായി രണ്ട് ടെര്‍മിനലുകളും പൂര്‍ണമായും വെള്ളത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിര്‍ത്തിയാണ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്. മട്ടാഞ്ചേരിയിലെയും വില്ലിങ്‌ടണ്‍ ഐലന്‍റിന്‍റെയും ചരിത്ര പൈതൃകത്തിന് ചേര്‍ന്ന നിര്‍മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. രണ്ട് പ്രദേശത്തെയും വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിനും വാട്ടര്‍മെട്രോയുടെ വരവ് ഊര്‍ജം പകരും.
50 ലക്ഷം യാത്രക്കാര്‍ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് കൊച്ചിയുടെ സ്വന്തം വാട്ടർ മെട്രോ പുതിയ രണ്ട് ഇടങ്ങളിലേക്ക് കൂടിയെത്തുന്നത്. പ്രവർത്തനം തുടങ്ങി 29 മാസങ്ങൾക്കുള്ളിലാണ് യാത്രക്കാരുടെ എണ്ണത്തിലും വിപുലീകരണത്തിലുംഅഭിമാനകരമായ നേട്ടം കൈവരിക്കുന്നത്. ഒരു ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂര്‍വമാണ്.
കൊച്ചി വാട്ടർ മെട്രോയുടെ മികച്ച യാത്രാനുഭവമാണ് ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം യാത്രക്കാരെ ആകർഷിച്ചതെന്ന് ലോക്‌നാഥ് ബെഹ്റ പറഞ്ഞു. 2023 ഏപ്രിൽ 25-നാണ് കേരള സർക്കാരിൻ്റെ ഈ സ്വപ്ന പദ്ധതി സർവീസ് ആരംഭിച്ചത്. ദ്വീപ് നിവാസികൾക്ക് മാത്രമല്ല, കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും പ്രമുഖർക്കും വാട്ടർ മെട്രോ ഒരു ആകർഷണമായി മാറിയിട്ടുണ്ട്.
കൊച്ചിയിൽ നിന്ന് ദേശീയ തലത്തിലേക്ക് കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വഹണവും അതുല്യമായ സര്‍വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വരുന്നതായാണ് മെട്രോ അധികൃതർ വ്യക്തമാക്കിയത്. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവർത്തനമികവിന് ഇതിനോടകം നിരവധി പുരസ്കാരങ്ങളും വാട്ടർ മെട്രോ സ്വന്തമാക്കി.
നിലവിലെയും പുതിയതുമായ റൂട്ടുകൾ
ഹൈക്കോർട്ട്, ഫോർട്ട് കൊച്ചി, വൈപ്പിൻ, ബോൾഗാട്ടി, മുളവുകാട് സൗത്ത്, ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് എന്നിവിടങ്ങളിലെ ടെർമിനലുകളിലൂടെയാണ് നിലവിൽ 20 ബോട്ടുകൾ സർവീസ് നടത്തുന്നത്.ഇതോടൊപ്പമാണ് മട്ടാഞ്ചേരിയിലേക്കും വില്ലിങ്‌ടണ്‍ ഐലന്‍റ് ടെർമിനലിലേക്കും വാട്ടര്‍ മെട്രോയെത്തുന്നത്.
ഇതിന് പുറമെ മൂന്ന് പുതിയ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. മകുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവിടങ്ങളിലെ ടെർമിനലുകളും ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.
പ്രതിദിനം 24 കിലോമീറ്ററോളം ദൂരത്തിൽ അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി 9 മണിവരെ 125 ട്രിപ്പുകളാണ് വാട്ടർ മെട്രോ നടത്തുന്നത്.







