കോഴിക്കോട്-വയനാട് ബദൽ പാത: മുപ്പതാണ്ടിന്‍റെ കാത്തിരിപ്പിന് വിരാമം,

0
72

2024 മാർച്ചിൽ സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ച ഈ പദ്ധതി, 30 വർഷത്തിലേറെയായി ഇരു ജില്ലകളിലെയും ജനങ്ങളുടെ കാത്തിരിപ്പാണ്

കോഴിക്കോട്: കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ പ്രതീക്ഷയേകി വനത്തിലെ സർവേ നടപടികൾക്ക് നാളെ തുടക്കും. 2024 മാർച്ചിൽ സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ച ഈ പദ്ധതി, 30 വർഷത്തിലേറെയായി ഇരു ജില്ലകളിലെയും ജനങ്ങളുടെ കാത്തിരിപ്പാണ്.

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സർവേ നടക്കുന്നത്. 12 അംഗ സർവേ ടീമിനൊപ്പം 10 വനംവകുപ്പ് ഉദ്യോഗസ്ഥരും 3 പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും 8 പ്രദേശവാസികളും ഉൾപ്പെടെ ആകെ 33 പേരാണ് വനത്തിനുള്ളിലേക്ക് കടക്കുക. വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായതിനാലും കനത്ത മഴ കാരണവുമാണ് സർവേ നടപടികൾ വൈകിയത്. ഈ മാസം 18-ന് സർവേയുടെ സമയപരിധി അവസാനിക്കാനിരിക്കെയാണ് അഞ്ചു കിലോമീറ്റർ ദൂരത്തിൽ ജിപിഎസ് ഡ്രോൺ സർവേകൾക്ക് തുടക്കമാകുന്നത്. പൂഴിത്തോട് ഭാഗത്ത് നിന്നായിരിക്കും ഫ്ലാഗ് ഓഫ്. സർവേ പൂർത്തിയായാൽ ഉടൻ റോഡിന്‍റെ രൂപരേഖ തയാറാക്കും.

വർഷങ്ങൾ നീണ്ട പ്രക്ഷോഭം, പുതിയ സാധ്യതകൾ

പദ്ധതിയുടെ കുരുക്കഴിയുന്നത് ഇരുഭാഗത്തുമുള്ള കർമ്മസമിതി അംഗങ്ങളുടെ വർഷങ്ങൾ നീണ്ട പ്രക്ഷോഭത്തിന്‍റെ ഫലമായാണ്. പേരാമ്പ്ര എംഎൽഎ ടി പി രാമകൃഷ്ണന്‍റെ ആവശ്യപ്രകാരം വനംമന്ത്രിയുടെ ഇടപെടലാണ് വനത്തിലെ സർവേയ്ക്ക് ഉത്തരവായത്. മലബാർ വന്യജീവി സങ്കേതത്തിന്‍റെ പരിധിയിലുള്ള ഭൂമിയിലാണ് പ്രധാനമായും സർവേ നടക്കേണ്ടത്.

ഈ പാതയുടെ ഏറ്റവും വലിയ സവിശേഷത ചുരമില്ലാതെ, ദൂരവും ചെലവും കുറഞ്ഞ ബദൽ മാർഗമാണിത് എന്നതാണ്. പൂഴിത്തോട്, രണ്ടാം ചീളി, കരിങ്കണ്ണി, വിലങ്ങൻ പാറ, മേലെ കരിങ്കണ്ണി (വയനാട്), കാപ്പിക്കളം, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. ഇത് ആദിവാസികൾ പണ്ടുമുതൽക്കേ ഉപയോഗിച്ചിരുന്ന സഞ്ചാര പാതയാണ്. ഇതിൽ ഭീമൻ വിലങ്ങൻ പാറയിൽ ഏകദേശം 200 മീറ്ററോളം തുരങ്കം നിർമ്മിച്ചാൽ പാത കൂടുതൽ എളുപ്പമാകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ തുരങ്കം വഴി തെളിയുമെന്നാണ് കർമ്മസമിതി പ്രതീക്ഷിക്കുന്നത്. തുരങ്കപാതയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ ഈ പാതയ്ക്കും അനുമതി ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അധികൃതരും പ്രദേശവാസികളും.

പശ്ചാത്തലവും തടസങ്ങളും

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്കായി ജനങ്ങൾ 30 വർഷത്തിലേറെയായി കാത്തിരിക്കുകയാണ്. 1994 സെപ്റ്റംബർ 23-ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ തറക്കല്ലിട്ട റോഡിന്‍റെ 14.285 കിലോമീറ്റർ ഭാഗം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്. 9.60 കോടി രൂപ ചെലവഴിച്ച് കോഴിക്കോട് ജില്ലയിൽ പൂഴിത്തോട് പനയ്ക്കംകടവ് വരെയും വയനാട് ജില്ലയിൽ കുറ്റിയാംവയൽ വരെയും റോഡ് ടാർ ചെയ്തിട്ടുണ്ട്.

27.225 കിലോമീറ്റർ ദൂരമുള്ള പാതയിൽ 13 കിലോമീറ്റർ വനഭൂമിയുടെ അനുമതി ലഭിക്കാത്തതാണ് റോഡ് നിർമ്മാണത്തിന് പ്രധാന തടസമായത്. വനഭൂമിയുടെ അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചെങ്കിലും 2017-ൽ അത് നിഷേധിക്കപ്പെട്ടിരുന്നു. വനമേഖലയിലെ റോഡിന് പകരമായി 20.770 ഹെക്ടർ വയനാട് ജില്ലയിലും 5.56 ഹെക്ടർ കോഴിക്കോട് ജില്ലയിലുമായി വർഷങ്ങൾക്ക് മുൻപ് റവന്യൂ വകുപ്പ് വനംവകുപ്പിന് കൈമാറിയിരുന്നു. ഏറ്റവും ഒടുവിൽ കണ്ടെത്തിയ ഭൂമിയിൽ വലിയ വനനാശം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. അന്തിമ സർവേ ഫലം വരുന്നതോടെ ഈ വിഷയത്തിൽ തീരുമാനമാകും.

വികസന സാധ്യതകളും ജനകീയ പ്രക്ഷോഭവും

വലിയ കയറ്റങ്ങളോ ചുരങ്ങളോ വളവുകളോ ഇല്ലാതെ ഈ ബദൽ പാത യാഥാർഥ്യമാക്കാൻ കഴിയുമെന്നത് ഇതിന്‍റെ പ്രധാന സവിശേഷതയാണ്. മറ്റ് ബദൽ പാതകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ പദ്ധതി പൂർത്തിയാക്കാനും സാധിക്കും. പെരുവണ്ണാമൂഴി, ബാണാസുര സാഗർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് വലിയ ടൂറിസം സാധ്യതകളുമുണ്ട്. ദേശീയപാതയിലെ രാത്രിയാത്രാ വിലക്ക് നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇത് ദേശീയ പാതയ്ക്ക് ഒരു അനുബന്ധ റൂട്ടായി മാറാനും സാധ്യതയുണ്ട്. പൂഴിത്തോട്-പടിഞ്ഞാറത്തറ-മാനന്തവാടി-കുട്ട-ഗോണിക്കുപ്പ വഴി ബെംഗളൂരുവിലേക്ക് പുതിയ പാത തുറക്കാനും ഇത് വഴിയൊരുക്കും.

ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ ഇരുഭാഗത്തുമുള്ള ജനങ്ങൾ പാതയ്ക്കുവേണ്ടി ശക്തമായ പ്രക്ഷോഭത്തിലാണ്. വയനാട് പടിഞ്ഞാറത്തറയിൽ പ്രവർത്തനങ്ങൾ ശക്തമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകിയും ഒപ്പുശേഖരണം നടത്തിയും പ്രതിഷേധക്കാർ തങ്ങളുടെ ആവശ്യം അറിയിച്ചിരുന്നു. തുരങ്കപാതക്ക് സംസ്ഥാന സർക്കാർ നീക്കം ശക്തമാക്കിയപ്പോഴും ബദൽ പാത പ്രക്ഷോഭക്കാർ പിന്മാറിയില്ല. തുരങ്കപാതയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ, ഈ പാതയ്ക്കും വൈകാതെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു പ്രദേശത്തുകാരും.

LEAVE A REPLY

Please enter your comment!
Please enter your name here