കൊച്ചിയിൽ തടങ്കലിൽ പാർപ്പിച്ച ഏഴ് ഇതര സംസ്ഥാനക്കാരെ പോലീസ് രക്ഷപ്പെടുത്തി

0
105

കാനഡയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി കൊച്ചിയിൽ തടങ്കലിൽ പാർപ്പിച്ച ഏഴ് ഇതര സംസ്ഥാനക്കാരെ പോലീസ് രക്ഷപ്പെടുത്തി. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. പോലീസ് എത്തുമ്പോൾ ഇവർ എല്ലാവരും അവശ നിലയിലായിരുന്നു. ഇവരെ തടങ്കലിൽ പാർപ്പിച്ചിരുന്ന മനുഷ്യക്കടത്ത് സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കൊച്ചി ചേരാനല്ലൂരിനടുത്തുള്ള ഒരു വാടകവീട്ടിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കാനഡയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവരെ ഈ വാടകവീട്ടിലേക്ക് കൊണ്ടുവരികയും തുടർന്ന് ഇവിടെ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇവരെല്ലാം കാനഡയിൽ എത്തിയെന്ന് കുടുംബങ്ങളെ വിശ്വസിപ്പിക്കുന്നതിനായി വിദേശരാജ്യങ്ങളിലെ സ്ഥലങ്ങളുടെ ചിത്രങ്ങളുള്ള ഫ്ലക്സ് ബോർഡ് പശ്ചാത്തലമായി വച്ച് ഇതിന് മുന്നിൽ ഇവരെ നിർത്തി വീഡിയോകൾ ചിത്രീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇരകളെ ഭയപ്പെടുത്തി, തങ്ങൾ കാനഡയിൽ എത്തിയെന്ന് വീഡിയോയിൽ നിർബന്ധിച്ച് പറയിപ്പിക്കുകയായിരുന്നു. ഈ വീഡിയോകൾ കുടുംബങ്ങൾക്ക് അയച്ചുകൊടുത്താണ് പ്രതികൾ പണം തട്ടിയെടുത്തത്.

പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

കഴിഞ്ഞ ദിവസം ഇരകളിൽ ഒരാൾ ഈ വാടക വീട്ടിൽ നിന്ന് രക്ഷപ്പെട്ടതോടെയാണ് യഥാർത്ഥ വിവരം പുറംലോകമറിയുന്നത്. ഇതിന് പിന്നാലെ 11 പേരടങ്ങുന്ന പ്രതികൾ പണവുമായി ഇവിടെ നിന്ന് മുങ്ങി. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ, പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ അബ്ദുൾ റഹീമിനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് ഇരകളുടെ മൊബൈൽ ഫോണുകളും പാസ്‌പോർട്ടുകളും ഒരു ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.

പ്രതികൾ സമാനമായ രീതിയിൽ മറ്റു സംസ്ഥാനങ്ങളിലും തട്ടിപ്പ് നടത്തിയതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ചേരാനല്ലൂർ പോലീസ് ഈ സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here