കാസർകോട്: കേരളത്തിൻ്റെ വികസനചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് ഊരാളുങ്കൽ സൊസൈറ്റി നിർമിച്ച തലപ്പാടി – ചെങ്കള ദേശീയപാതയ്ക്ക് ദേശീയതലത്തിൽ ഉന്നത അംഗീകാരം. ദേശീയപാതാ അതോറിറ്റിയുടെ (NHAI) 2026-ലെ ഔദ്യോഗിക കലണ്ടറിലെ മികച്ച 12 റോഡുകളിൽ ഒന്നായി ഈ പാത ഇടംപിടിച്ചു.
കേരളത്തിൽ നിന്ന് ഈ അഭിമാന പട്ടികയിൽ ഇടംപിടിച്ച ഏക റോഡ് എന്ന പ്രത്യേകതയും തലപ്പാടി – ചെങ്കള പാതയ്ക്കുണ്ട്. കലണ്ടറിലെ ഏപ്രിൽ മാസത്തെ ചിത്രമായാണ് ഈ റോഡ് ഫീച്ചർ ചെയ്തിരിക്കുന്നത്. ദേശീയപാത 66 ആറുവരിയാക്കി വികസിപ്പിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്ത് ആദ്യം പൂർത്തിയായതും ഈ റീച്ചാണ്.
ഈ റോഡിൻ്റെ നിര്‍മാണത്തില്‍ പുലർത്തിയ ഗുണമേന്‍മയ്ക്കും അതോറിറ്റിയുടെ ആദരം സൊസൈറ്റിക്കു ലഭിച്ചിരുന്നു. ദേശീയപാതാ നിർമാണത്തിൽ ഒരു സഹകരണസ്ഥാപനം കൈവരിച്ച മികവിന് 2024-ലെ ‘നാഷണൽ ഹൈവേ എക്സലൻസ് അവാർഡും’ ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു. ആദ്യമായി എടുക്കുന്ന എൻഎച്ച്എഐ കരാറിനുതന്നെ ഈ അംഗീകാരങ്ങൾ കിട്ടി എന്നത് തൊഴിലാളികളുടെ സഹകരണസംഘമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ഉന്നതമായ തൊഴിൽസംസ്ക്കാരത്തിനും നിർമാണമികവിനും സാമൂഹ്യബദ്ധതയ്ക്കുമുള്ള സാക്ഷ്യപത്രമാണെന്ന് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു.
36 പൈസയിൽ തുടക്കം, ഇന്ന് 5,319 കോടിയുടെ ആസ്തി
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തെ വലുതുമായ ലേബർ സൊസൈറ്റിയായി ഇന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) മാറിയിരിക്കുന്നു. 36 പൈസ മൂലധനത്തിൽ തുടങ്ങിയ സ്ഥാപനത്തിൻ്റെ ഇന്നത്തെ ആസ്തി 5,319 കോടി രൂപയാണ്. അന്ന് നാലണയായിരുന്നു ഷെയർ. വെറുമൊരു നിർമാണക്കമ്പനി എന്നതിലുപരി, തൊഴിലാളികളുടെ കൂട്ടായ അധ്വാനത്തിൻ്റെ പ്രതീകമാണിത്.
ഈ വർഷം ഊരാളുങ്കൽ ഏറ്റെടുത്ത് നടത്തുന്നത് 7,000 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്. റോഡ്, പാലം, കെട്ടിടങ്ങൾ ഉൾപ്പെടെ 300 നിർമാണങ്ങൾ നടക്കുന്നു. ഇതിൽ 3,000 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി കഴിഞ്ഞു.
ദേശീയ പാത പൂർത്തിയാക്കാൻ അഞ്ഞൂറിലധികം വൻകിട യന്ത്രസാമഗ്രികൾക്കൊപ്പം 2500 തൊഴിലാളികളും നിർമാണത്തിനായി രാപകൽ പ്രവർത്തിച്ചു.
ഒറ്റത്തൂൺ മേൽപ്പാലം
തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്ററിൽ നിരവധി എൻജിനീയറിങ് വിസ്മയങ്ങളാണ് ഊരാളുങ്കൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വീതിയുള്ള ഒറ്റത്തൂൺ മേൽപ്പാലവും ഉൾപ്പെടുന്നു. 1.12 കിലോമീറ്റർ ദൈർഘ്യമുള്ള ഒറ്റത്തൂൺ മേൽപ്പാലമാണിത്.
27 മീറ്റർ വീതിയിൽ ദക്ഷിണേന്ത്യയിൽ ബോക്‌സ് ഗർഡർ മാതൃകയിൽ നിർമിച്ചിരിക്കുന്ന ആദ്യത്തെ ഒറ്റത്തൂൺ മേൽപ്പാലമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടൊപ്പംതന്നെ 210 മീറ്റർ ദൈർഘ്യമുള്ള മറ്റൊരു മേൽപ്പാലം ഉപ്പളയിൽ സജ്ജമാക്കിയിട്ടുണ്ട്. മൊഗ്രാൽ, കുമ്പള, ഷിറിയ, ഉപ്പള പുഴകളെ ബന്ധിപ്പിക്കുന്ന വലിയ പാലങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഊരാളുങ്കലിൻ്റെ ആദ്യത്തെ ദേശിയപാത പ്രവൃത്തി ആണ് കാസർകോട്ടേത്.







