കാടും മലയും പുഴയൊക്കെ കണ്ട് ഒരു യാത്ര പോയാലോ! കാനനപാതയിലൂടെ ചാറ്റല്‍ മഴ നനഞ്ഞ് ആസ്വദിച്ചൊരു യാത്ര. അതും നമ്മുടെ കേരളത്തിന്‍റെ സ്വന്തം ആനവണ്ടിയില്‍. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടിലൂടെ അണക്കെട്ടും തൂക്കുപാലവും വെള്ളച്ചാട്ടവുമൊക്കെ കണ്ടൊരു മനോഹരമായ യാത്ര.
പോക്കറ്റ് കാലിയാകാതെ കാനനയാത്ര ആസ്വദിക്കുന്നവര്‍ക്കായി കേരളത്തിലെ ഏറ്റവും മികച്ച ഫോറസ്റ്റുകളിലേക്കാണ് ഇത്തവത്തെ യാത്ര. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെയാണ് ഈ വിനോദയാത്ര. കുട്ടികളും മുതിർന്നവരും അങ്ങനെ പ്രായഭേദമന്യേ നിരവധി പേരാണ് ഇത്തരം യാത്രകള്‍ ഇഷ്‌ടപ്പെടുന്നത്. അതുപോലെ കെ എസ് ആര്‍ ടി സിയില്‍ ദൂര യാത്ര ചെയ്യാനൊക്കെ ഇഷ്‌ടപ്പെടുന്നവര്‍ ഒട്ടേറെയുണ്ട്. അതുപോലെ ബസിലെ ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കുമൊക്കെ യാത്രക്കാരെ പോലെ തന്നെ ഒരുപോലെ ഹരമാണ് ഇത്തരം യാത്രകള്‍.
നാലു ദിവസത്തെ പ്രകൃതിയുടെ മടിത്തട്ടിലേക്കുള്ള ഈ യാത്ര ഒരുക്കുന്നത് തൃശൂര്‍ കെ എസ് ആര്‍ ടി സിയാണ്. ഒക്‌ടോബറിലെ ഉല്ലാസ യാത്രയാണിത്. ഒക്‌ടോബര്‍ 4, 5, 10, 11 തീയതികളിലാണ് യാത്ര. നെല്ലിയാമ്പതി, വട്ടവട, സൈലന്‍റ്‌വാലി, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര.
നാലിന് രാവിലെ 7 ന് ആരംഭിക്കുന്ന യാത്ര രാത്രി ഏഴേ നാല്പത്തഞ്ചിന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്കായി 600 രൂപയാണ് നല്‍കേണ്ടത്. ഒക്‌ടോബര്‍ അഞ്ചിന് പുറപ്പെടുന്ന യാത്ര വട്ടവടയിലേക്കാണ്. തണുത്ത കാലാവസ്ഥയും കാട്ടിലൂടെ നടക്കാനും ആനയെയൊക്കെ കാണണമെങ്കില്‍ റെഡിയായിക്കോളൂ. രാവിലെ അഞ്ചേകാലിന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചേ 2 ന് തിരിച്ചെത്തുന്ന വിധമാണ് യാത്ര. ചാർജ് വരുന്നത് 920 രൂപയാണ്.
ഒക്‌ടോബര്‍ 10 ന് യാത്ര പോകുന്നത് മഴക്കാടുകളുടെ മനോഹരമായ ഇടങ്ങളിലേക്കാണ്. നിബിഡവനങ്ങളുടെ ചെങ്കുത്തായ ചെരിവുകളിലൂടെ തെളിഞ്ഞും പതഞ്ഞും ഒഴുകുന്ന സൈരന്ധ്രി നദിയേയും ഇവിടുത്തെ തൂക്കുപാലമൊക്കെ കണ്ട് ആസ്വദിക്കാം. യാത്ര പത്തിന് വെളുപ്പിന് പുറപ്പെടും. അതിരാവിലെ നാലേമുക്കാലിന് പുറപ്പെട്ട് രാത്രി 8.30 ന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജീപ്പ് സവാരി , ബ്രേക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഉൾപ്പെടുന്ന ഈ യാത്രയ്ക്ക് 1,770 രൂപയാണ് യാത്രയ്ക്കായി നല്‍കേണ്ടത്.
മനസും ശരീരവും ഒന്ന് തണുപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 11 ആരംഭിക്കുന്ന ഇലവിഴാ പൂഞ്ചിറ – ഇല്ലിക്കൽക്കല്ല് യാത്രയാണ് ഒരുക്കിയിരിക്കുന്നത്. കാടിനകത്ത് പച്ചപ്പ് നിറഞ്ഞ കുന്നുകൾക്കിടയിൽ ഒരു മനോഹരമായ സ്ഥലം. ‘ഇലവീഴാ പൂഞ്ചിറ’. പേര് പോലെ തന്നെ “ഇലകൾ വീഴാത്ത താഴ്‌വര” എന്നർത്ഥം വരുന്ന സ്ഥലമാണ്. മികച്ച വ്യൂ പോയന്‍റുകളില്‍ ഒന്നാണിവിടം. രാവിലെ 5.30 ന് ആരംഭിച്ച് രാത്രി 11 ന് തിരിച്ചെത്തും. 680 രൂപയാണ് ചാർജ്.
ഈ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ 9656018514 എന്ന നമ്പറിൽ രാവിലെ 10.00 മണിക്കും വെകിട്ട് 5.00 നുമിടയിൽ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 7012393912 എന്ന നമ്പറിൽ ബന്ധപ്പെടാം.പേര്, വയസ്സ്,ആധാർ നമ്പർ എന്നിവ വാട്സാപ്പ് ചെയ്യേണ്ടതാണ്.




