മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിന് സംസ്ഥാന സർക്കാരിൻ്റെ ആദരം

0
46

മോഹൻലാൽ സംസ്ഥാന സര്‍ക്കാര്‍ ആദര പരിപാടി ‘മലയാളം വാനോളം ലാൽസലാം’ നാളെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിൽ നടക്കും. മുഴുവന്‍ മലയാളികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്‌ത് മന്ത്രി സജി ചെറിയാന്‍.

തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളത്തിൻ്റെ നടന വിസ്‌മയം മോഹന്‍ലാലിന് നാളെ (ഒക്ടോബര്‍4) സംസ്ഥാന സര്‍ക്കാരിൻ്റെ ആദരം. സര്‍ക്കാരിൻ്റെ ഔദ്യോഗിക പരിപാടി ‘മലയാളം വാനോളം ലാൽസലാം’ എന്ന പേരിൽ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ വൈകിട്ട് 5ന് നടക്കും.

വര്‍ണ ശബളമായ കലാ സന്ധ്യയുടെ അകമ്പടിയില്‍ നടക്കുന്ന ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ ആദരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിയ്‌ക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ സജി ചെറിയാന്‍, കെഎന്‍ ബാലഗോപാല്‍, ജി ആര്‍ അനില്‍ തുടങ്ങിയവരും ഇന്ത്യന്‍ ചലചിത്ര രംഗത്തെ പ്രമുഖരും പരിപാടിയുടെ ഭാഗമാകും.

തുടര്‍ന്ന് സംവിധായകന്‍ ടികെ രാജീവ് കുമാര്‍ അണിയിച്ചൊരുക്കുന്ന രംഗാവിഷ്‌കാരം രാഗം മോഹനം എന്ന സ്‌റ്റേജ് ഷോ അരങ്ങേറും. മോഹന്‍ലാല്‍ സിനിമകളിലെ നായികമാരായ ശോഭന, മീന, അംബിക, രഞ്ജിനി, ഉര്‍വ്വശി, മാളവിക മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജോഷി എന്നിവരും പരിപാടിയുടെ ഭാഗമാകും.

പൊതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിന് തടസമില്ല. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. ഏകദേശം 50,000 പേര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മോഹന്‍ലാലിനെ ആദരിക്കുന്ന സര്‍ക്കാരിൻ്റെ പരിപാടിയിലേക്ക് മുഴുവന്‍ മലയാളികളെയും ക്ഷണിക്കുന്നതായി മന്ത്രി പറഞ്ഞു.

പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരിപാടി നേരിട്ടു കാണുന്നതിന് സ്റ്റേഡിയത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വീഡിയോ വാളുകളും സജ്ജമാക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാന സന്ധ്യയുണ്ടായിരിക്കും. നിരവധി ഗായകർ പരിപാടിയിൽ പങ്കെടുക്കും.

ഗായകന്‍ എംജി ശ്രീകുമാറിൻ്റെ ഗാനത്തോടെ ഗാനസന്ധ്യ ആരംഭിക്കും. സുജാതയുടെ നേതൃത്വത്തില്‍ സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാര്യര്‍, നിത്യ മാമന്‍, സയനോര, രാജലക്ഷ്‌മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ്, ലക്ഷ്‌മി ഗോപാല സ്വാമി എന്നീ ഗായികമാരും ഗാനാര്‍ച്ചന നടത്തും. ഗാനസന്ധ്യയില്‍ അവസാന ഗാനം മോഹന്‍ലാല്‍ പാടും.

രാത്രി 9.30 വരെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയില്‍ വച്ച് മോഹന്‍ലാലിനെ ആദരിക്കാന്‍ അവസരം തേടി നിരവധി വ്യക്തികളും സംഘനടകളും സര്‍ക്കാരിനെ സമീപിച്ചെങ്കിലും മോഹന്‍ലാലിനുള്ള സര്‍ക്കാര്‍ ആദരം എന്നതിൻ്റെ പ്രധാന്യം നഷ്‌ടമാകുമെന്നതിനാല്‍ അവർക്ക് അവസരം നല്‍കാന്‍ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ ഒരു ആദരിക്കൽ കർമ്മം മാത്രമാണുണ്ടാകുക, അത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി നല്‍കുന്ന ആദരം മാത്രമാണ് എന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരിപാടിയുടെ ഒരുക്കങ്ങള്‍ മന്ത്രിമാരായ സജി ചെറിയാനും വി ശിവന്‍കുട്ടിയും വിലയിരുത്തി. പൊലീസ്, ഗതാഗതം, ഫയര്‍ഫോഴ്‌സ്, നഗരസഭ, ആരോഗ്യം തുടങ്ങിയ വിവധ വകുപ്പുകളുടെ ഏകോപനത്തിലാണ് ജില്ലാ ഭരണ കൂടം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനു പുറമേ പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരുമുണ്ടായിരിക്കും. കേരള സര്‍ക്കാരിനു വേണ്ടി കവി പ്രഭാ വര്‍മ്മ എഴുതിയ പ്രശസ്‌തി പത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനു കൈമാറും. ഗായിക ലക്ഷ്‌മി ദാസ് പ്രശസ്‌തി പത്ര കവിത ചൊല്ലും.

LEAVE A REPLY

Please enter your comment!
Please enter your name here