ആലപ്പുഴ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിപണിയിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് പകരം റോക്കറ്റ് അടുപ്പുകൾ സ്ഥാനം പിടിക്കുന്നു. വിതരണം തടസ്സപ്പെട്ടതോടെ ബഹുഭൂരിപക്ഷം ഹോട്ടലുകളുടെയും പ്രവർത്തനം വലിയ പ്രതിസന്ധിയിലായിരുന്നു. ദിവസങ്ങളോളം സ്ഥാപനങ്ങൾ അടച്ചിട്ട ശേഷമാണ് ഹോട്ടലുടമകൾ ബദൽ മാർഗങ്ങളെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. സാധാരണ വിറകടുപ്പുകളേക്കാൾ വേഗത്തിൽ പാചകം ചെയ്യാൻ കഴിയുന്ന റോക്കറ്റ് അടുപ്പുകൾ ഇതോടെ ഹോട്ടൽ അടുക്കളകളിലെ താരമായി മാറുകയാണ്.
വിറക് കുറവ്, ഇരട്ടി വേഗം
പൂർണമായും ഇരുമ്പ് ഉപയോഗിച്ച് നിർമിക്കുന്ന ഇത്തരം അടുപ്പുകളിൽ വിറകാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. വളരെ കുറച്ചു വിറക് ഉപയോഗിച്ച് ഇരട്ടി ചൂട് ലഭിക്കുമെന്നതാണ് ഇതിൻ്റെ പ്രധാന സവിശേഷത. വലിയ വിറകുകൾ വേണമെന്നില്ല, പകരം ചിരട്ടയോ മടലോ ഉപയോഗിച്ചാലും മികച്ച രീതിയിൽ അടുപ്പ് കത്തിക്കാൻ സാധിക്കും. പുകശല്യം കുറവാണെന്നതിനൊപ്പം ചാരം താഴേക്ക് പോകാനുള്ള പ്രത്യേക സൗകര്യവും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.
സാധാരണ വിറകടുപ്പുകളെ അപേക്ഷിച്ച് അതിവേഗത്തിൽ പാചകം ചെയ്യാൻ സാധിക്കുമെന്നതിനാലാണ് ഇവയെ റോക്കറ്റ് അടുപ്പുകൾ എന്ന് വിശേഷിപ്പിക്കുന്നത്. വാണിജ്യാവശ്യങ്ങൾക്കായി എട്ട് മുതൽ 10 കിലോ വരെ പാകം ചെയ്യാൻ കഴിയുന്ന അടുപ്പുകൾക്ക് പുറമെ 20 കിലോ കൊള്ളുന്നവയും വിപണിയിൽ ലഭ്യമാണ്. ഉൾക്കൊള്ളാൻ കഴിയുന്ന അളവ് കൂടുന്നതിന് അനുസരിച്ച് അടുപ്പുകളുടെ വിലയിലും മാറ്റമുണ്ടാകും. പാചകത്തിന് ആവശ്യമായ രീതിയിൽ തീ ക്രമീകരിച്ച് ഉപയോഗിക്കാൻ കഴിയുന്ന അടുപ്പുകൾക്ക് നിലവിൽ ആവശ്യക്കാർ ഏറെയാണെങ്കിലും ഇവ വിപണിയിൽ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത്തരം അടുപ്പുകൾക്കായി മുൻകൂർ പണമടച്ച് ബുക്ക് ചെയ്താൽ നാല് മാസം കഴിഞ്ഞ് നൽകാമെന്നാണ് നിർമാതാക്കൾ അറിയിക്കുന്നത്.
വിലയിലും കുതിപ്പ്
ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന് മുമ്പ് ഏകദേശം 4,000 രൂപയായിരുന്നു ഒരു റോക്കറ്റ് അടുപ്പിൻ്റെ ശരാശരി വില. എന്നാൽ ഹോട്ടലുടമകൾ കൂട്ടത്തോടെ ഇവ വാങ്ങാൻ തുടങ്ങിയതോടെ ആവശ്യക്കാർ വർധിക്കുകയും വില 16,000 രൂപയായി ഉയരുകയും ചെയ്തു. ചേർത്തല നഗരത്തിൽ കഴിഞ്ഞ 75 വർഷമായി പ്രവർത്തിക്കുന്ന ലഞ്ച് ഹോമിലും പാചകത്തിനായി അടുത്തിടെ റോക്കറ്റ് അടുപ്പുകൾ എത്തിച്ചു. പാചകവാതകം കിട്ടാതായതോടെ കട ദിവസങ്ങളോളം അടച്ചിടേണ്ടി വന്നതായി ഉടമകളായ നാരായണൻ ഉണ്ണിയും ഭാര്യ അംബികയും ഇടിവി ഭാരതിനോട് പറഞ്ഞു.
ഗ്യാസ് വിതരണം പൂർണമായും നിലച്ചതോടെയാണ് പാലായിൽ പോയി രണ്ട് റോക്കറ്റ് അടുപ്പുകൾ വാങ്ങിയതെന്ന് അവർ പറഞ്ഞു. ഇതോടെ 15 ദിവസം അടഞ്ഞുകിടന്ന ഹോട്ടലിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിഞ്ഞു. ഹോട്ടലിലേക്ക് ആവശ്യമായ ചോറും കറികളുമെല്ലാം തയ്യാറാക്കുന്നത് പുതിയ അടുപ്പുകളിലാണ്. ചായയും ചെറുകടികളും ഉണ്ടാക്കാൻ മാത്രമാണ് ഇപ്പോൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നത്. പാചകവാതക പ്രതിസന്ധി ഇതേരീതിയിൽ തുടർന്നാൽ വരുംദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകളുടെ അടുക്കളകളിൽ ബദൽ സംവിധാനമായി റോക്കറ്റ് അടുപ്പുകൾ സജീവമാകും. സാമ്പത്തികമായി ലാഭമുള്ളതിനാൽ പ്രതിസന്ധി മാറിയാലും പലരും ഈ അടുപ്പുകൾ തന്നെ തുടർന്നും ഉപയോഗിക്കാനാണ് സാധ്യത.






