ദുബായ്: ടെഹ്‌റാനെതിരെ ആക്രമണം കടുപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍. ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന ഇറാന്‍ സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിലേക്ക് പ്രത്യാക്രമണം നടത്തി. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 10 യുഎസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരവേ ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് നീക്കത്തിന് ഇറാന്‍ അനുമതി നല്‍കിയത് വിവിധ രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. ഐക്യരാഷ്ട്രസഭയുടെ അഭ്യർഥന മാനിച്ചാണ് ഹോര്‍മുസ് കടലിടുക്ക് വഴയുള്ള ചരക്ക് നീക്കത്തിന് ഇറാന്‍ അനുമതി നല്‍കിയത്.
ലോകത്തെ എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്നും വളം കയറ്റുമതിയുടെ മൂന്നിലൊന്നും ഈ ജലപാത വഴിയാണ് നടക്കുന്നത്. ഇത് വഴിയുള്ള എണ്ണ, പ്രകൃതിവാതകങ്ങളുടെ കയറ്റുമതി എന്നിവയിലാണ് വിപണികളും സര്‍ക്കാറുകളും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ വളം കയറ്റുമതി ലോകരാജ്യങ്ങളിലെ കാര്‍ഷിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുന്നത്. ഇത് ഭക്ഷ്യ സുരക്ഷ സംബന്ധിച്ച് ആശങ്കയുളവാക്കുന്നു.
ഇറാനിയന്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുന്നു: ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം തുടരുന്നുവെന്ന് ഇറാന്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് ആരാഗ്‌ചി അറിയിക്കുകയും ചെയ്‌തിരുന്നു.
ആണവ കേന്ദ്രങ്ങള്‍ക്ക് പുറമെ അരാക്കിലെ ഷാഹിദ് ഖോണ്ടാബ് ഹെവി വാട്ടർ കോംപ്ലക്‌സും ഇസ്രയേല്‍ ആക്രമിച്ചു. സംഭവത്തിന് പിന്നാലെ യുഎസ് ഇസ്രയേല്‍ കമ്പനികളിലെ ജീവനക്കാർ അവരുടെ ജോലി സ്ഥലങ്ങൾ ഉപേക്ഷിക്കണമെന്ന് ഐആര്‍ജിസിയുടെ എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡറായ മജീദ് മൂസാവി എക്‌സിലൂടെ അറിയിച്ചു.
ഇസ്രയേല്‍ സൗദി ബന്ധം: ഇസ്രയേല്‍ സൗദി ബന്ധം സാധാരണ നിലയിലാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൗദിയില്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് ട്രംപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
നയതന്ത്ര പരിഹാരങ്ങള്‍ക്കായി യുഎസ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കടത്തലിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ് ഇറാന്‍.
സംഘര്‍ഷത്തിന് പിന്നാലെ ഓഹരി വിപണികള്‍ കൂപ്പുകുത്തിയതും ഹോര്‍മുസ് വഴിയുള്ള ചരക്ക് നീക്കം തടസപ്പെട്ടതുമെല്ലാം യുഎസിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാനെ ഇടനിലക്കാരാനാക്കി വെടിനിര്‍ത്തിലിന് ശ്രമിക്കുകയാണ് ട്രംപ്. എന്നാലിത് ഇറാന്‍ പൂര്‍ണമായും നിരസിച്ചു. ഇതോടെ ഏപ്രില്‍ 06നകം ഹോര്‍മുസിലൂടെയുള്ള പൂര്‍ണമായ ചരക്ക് നീക്കത്തിന് സാധ്യമാകണമെന്നും അല്ലാത്തപക്ഷം ഇറാന്‍റെ ഊർജ നിലയങ്ങൾ നശിപ്പിക്കാൻ ഉത്തരവിടുമെന്ന് ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഇല്ലാതാക്കാന്‍ പാകിസ്ഥാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍ യുഎസ്, ഇറാനിയൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തി. ജനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് പ്രതിനിധി സംഘം പറഞ്ഞു.
മരണ സംഖ്യ മേലോട്ട്: പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ ഇറാനിലും ലെബനനിലും മരണ സംഖ്യ ഉയരുന്നു. ലെബനനിൽ 1,100-ലധികം പേരും ഇറാനിൽ 1,900ലധികം പേരും കൊല്ലപ്പെട്ടതായി അധികൃതർ പറഞ്ഞു. അതേസമയം ഇസ്രയേലില്‍ മരിച്ചത് 18 പേര്‍. ആക്രമണത്തില്‍ കുറഞ്ഞത് 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിൽ നാല് പേരും ഗൾഫ് അറബ് രാജ്യങ്ങളിൽ 20 പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






