പ്രമുഖ സ്റ്റേഷനറി ബ്രാൻഡായ “നടരാജ് പെൻസിൽ” കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി.
വീട്ടിൽ ഇരുന്ന് പെൻസിൽ പാക്കിംഗ് ജോലി ചെയ്ത് മാസം 30,000 രൂപ വരെ വരുമാനം ലഭിക്കും എന്ന വാഗ്ദാനം നൽകി ആളുകളിൽ നിന്ന് പണം തട്ടുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ പണം
തട്ടിപ്പുകാർ ആദ്യം 650 രൂപ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുന്നു. തുടർന്ന് 1999 രൂപ കൂടി നൽകിയാൽ രണ്ട് മിനിറ്റിനുള്ളിൽ 17,600 രൂപ അക്കൗണ്ടിൽ ലഭിക്കുമെന്നും, പെൻസിലുകൾ വീട്ടിൽ എത്തിച്ചു നൽകുമെന്നും പറഞ്ഞാണ് ആളുകളെ വഞ്ചിക്കുന്നത്.
ഇത്തരത്തിൽ രാജാക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാൾക്ക് പണം നഷ്ടമായതായി വിവരം ലഭിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് വഴി ഇരകളെ കണ്ടെത്തൽ
വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ സമീപിക്കുന്നത്. ആകർഷകമായ സന്ദേശങ്ങൾ, വ്യാജ രേഖകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് വിശ്വാസം നേടിയ ശേഷം പണം കൈക്കലാക്കുകയാണ് ഇവരുടെ രീതി.
ജാഗ്രത പാലിക്കണമെന്ന് പൊലീസ്
ഇത്തരത്തിലുള്ള തട്ടിപ്പിൽ നിരവധി ആളുകൾക്ക് ഇതിനകം പണം നഷ്ടമായതായി പോലീസ് അറിയിച്ചു.
അതിനാൽ ഇത്തരം ജോലി വാഗ്ദാനങ്ങളിൽ വിശ്വസിക്കാതെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.







