ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിപ്പ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. താപനില കുറയുന്നതിനൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
അതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കണമെന്നും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാത്രിയിലും പുലർച്ചെയും അന്തരീക്ഷത്തിൽ ഈർപ്പം വർധിക്കുകയും ഇത് കനത്ത മൂടൽമഞ്ഞിന് കാരണമാകുകയും ചെയ്യും.
എന്നാൽ പകൽ സമയങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് അറിയിപ്പ്. കൂടാതെ തീരദേശങ്ങളിൽ 24°C മുതൽ 29°C വരെയും ഉൾനാടൻ പ്രദേശങ്ങളിൽ 27°C മുതൽ 32°C വരെയാണ് നിലവിൽ രേഖപ്പെടുത്തുന്ന താപനില. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം ശനിയാഴ്ച താപനിലയിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും തിങ്കളാഴ്ചയോടെ വീണ്ടും തണുപ്പ് കൂടുമെന്നാണ് അറിയിപ്പ്. ഈ കാലാവസ്ഥ മാറ്റത്തിനൊപ്പം അറേബ്യൻ ഗൾഫിൽ കടൽ അതീവ പ്രക്ഷുബ്ധമായിരിക്കുകയും ചെയ്യും. വൈകുന്നേരത്തോടെ തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
അതേസമയം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് പോലീസിന് 8,263 അടിയന്തര കോളുകളാണ് ഹോട്ട്‌ലൈൻ വഴി ലഭിച്ചത്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞത് അപകടങ്ങൾക്കും തിരക്കിനും കാരണമാകുകയും ചെയ്തു. കൂടാതെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പുലർച്ചെ 3 മണി മുതൽ രാവിലെ 10 മണി വരെയുള്ള സമയത്താണ് കൂടുതൽ കോളുകളും ലഭിച്ചത്.








