കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിടുന്നൊരു പ്രധാന പ്രശ്‌നമാണ് മാനസിക സമ്മർദ്ദം, ഉത്‌കണ്‌ഠ, വിഷാദം തുടങ്ങിയ അവസ്ഥകൾ. ഇവയിൽ നിന്നെല്ലാം പുറത്തുകടക്കുന്നതിനും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും സാധ്യമായ മാർഗങ്ങളിലൊന്നാണ് ‘ജേണലിങ്’. വേണമെങ്കിൽ ഡയറി എഴുത്തെന്നോ ഓർമ്മ ശേഖരണമെന്നോ ഇതിനെ പറയാം.
ആത്മപരിശോധനയ്ക്കും മാനസികാരോഗ്യത്തിനും ഏറ്റവും ലളിതവും ശക്തവുമായ ഉപകരണങ്ങളിലൊന്നാണ് ജേണലിങെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. നിങ്ങളുടെ ചിന്തകളെയും അനുഭവങ്ങളെയും കുറിച്ച് പതിവായി എഴുതുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. എഴുത്ത് ആരംഭിക്കാന്‍ തുടങ്ങുന്ന അതേ ഉത്സാഹത്തോടെ വേണം എല്ലാ ദിവസവും എഴുത്ത് മുൻപോട്ട് കൊണ്ടുപോകാനും.
സമ്മർദ്ദം കുറക്കാൻ മെച്ചപ്പെട്ട മാർഗം
ജേണലുകൾ എഴുതുന്നത് സമ്മർദ്ദ നില കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ വികാരവിചാരങ്ങളാണ് ജേണലിൽ എഴുതേണ്ടത്. ഒരു ദിവസമുണ്ടാകുന്ന സന്തോഷം തന്നതും മനസിനെ വിഷമിപ്പിച്ചതുമായ കാര്യങ്ങൾ ജേണലിൽ ഉൾപ്പെടുത്താം.
ഇവ കൂടാതെ ജീവിത ലക്ഷ്യങ്ങളും പുതിയ തീരുമാനങ്ങളും ജേണലിൻ്റെ ഭാഗമാക്കാം. മനസിൽ തോന്നുതെല്ലാം എഴുതുന്നത് നിങ്ങൾക്ക് നിങ്ങളെ തന്നെ പഠിക്കാനും തിരുത്താനും വഴിയൊരുക്കുന്നു. ഇതിലൂടെ മനസിൻ്റെ ഭാരം കുറച്ച് ഫ്രീ ആകാനും അവസരം ലഭിക്കും.
മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു
ജേണൽ എഴുത്ത് മനസിലെ സമ്മർദ്ദവും ആശങ്കയും കുറയ്‌ക്കാൻ സാധിക്കുന്ന ഒരു ലളിതമായ മാർഗമാണ്. ദിവസവും നേരിടുന്ന സന്തോഷം, ദുഃഖം, നിരാശ, കോപം തുടങ്ങിയ വികാരങ്ങൾ എഴുതുമ്പോൾ അവ മനസ്സിൽ അടിഞ്ഞുകൂടാതെ പുറത്തേക്ക് വിടാൻ കഴിയുന്നു. ഇതിലൂടെ മനസിന് ആശ്വാസവും ശാന്തതയും ലഭിക്കുന്നു. കൂടാതെ, സ്ഥിരമായി എഴുതുന്ന ശീലം ആത്മവിശ്വാസം വർധിപ്പിക്കും. മാനസികാവസ്ഥയെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കാനും ഈ ശീലം ഗുണകരമാകും.
ചിന്താശേഷിയും വിശകലനശേഷിയും
ചിന്താശേഷിയും വിശകലനശേഷിയും ജേണൽ എഴുത്തുകളിലൂടെ മെച്ചപ്പെടുത്തുന്നു. ഇത് വ്യക്തികളെ കൂടുതൽ ആലോചനാശീലനാക്കും. എഴുത്ത് ശീലം ഭാഷാപരമായ കഴിവുകളും വികസിപ്പിക്കും. പുതിയ വാക്കുകൾ ഉപയോഗിക്കാനും ആശയങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാനും സഹായിക്കുന്നതിനാൽ എഴുത്തും സംസാരവും മെച്ചപ്പെടും.
വ്യക്തിത്വ വികസന ഗുണങ്ങൾ
ജേണൽ എഴുതുന്നത് സ്വയം വിലയിരുത്താനുള്ള അവസരം നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തീരുമാനങ്ങളും പ്രവർത്തികളും വിലയിരുത്തുമ്പോൾ സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ കഴിയും. ഇത് വ്യക്തിത്വ വളർച്ചയ്ക്ക് സഹായകരമാണ്.
സുരക്ഷിത ഇടം
നിങ്ങളുടെ ജേണല്‍ നിങ്ങളുടെ സ്വന്തമാണ്. ഡിജിറ്റലായി അല്ല നിങ്ങൾ ജേണൽ എഴുതുന്നത് എങ്കിൽ സൈബർ സുരക്ഷ ഒരു തടസമാകില്ല. നിങ്ങളെഴുതുന്ന ജേണൽ കൈയിൽ കൊണ്ട് നടക്കുകയോ എന്നും എടുക്കാൻ കഴിയുന്ന പാകത്തിന് എവിടെയങ്കിലും സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യാം.







