ഹൃദയാഘാതം അനുഭവപ്പെടുന്നതിൻ്റെ 30 മിനിറ്റ് മുമ്പ് തന്നെ അറിയാം… കുടുംബാംഗങ്ങൾക്കും ഡോക്‌ടർമാർക്കും ആംബുലൻസ് സേവനങ്ങൾക്കും പെട്ടെന്ന് തന്നെ അലേർട്ടുകൾ അയക്കാൻ മാസ്‌കിന് കഴിയുമെന്ന് ദേബശ്രിത
ഭുവനേശ്വർ: ഹൃദയാഘാതം ഒരു നിശബ്‌ദ കൊലയാളിയാണ്. ഇതുമൂലം പ്രിയപ്പെട്ടവരെ നഷ്‌ടപ്പെടുമ്പോൾ പലപ്പോഴും നോക്കി നിൽക്കാൻ മാത്രമേ പലര്‍ക്കും സാധിക്കാറുള്ളൂ. ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിൽ രക്ഷിക്കാനുള്ള ഒരു ശ്രമമെങ്കിലും നടത്താമായിരുന്നുവെന്ന് ചിന്തിച്ചവരാണ് ഏറെയും, എന്നാല്‍ രണ്ട് വർഷത്തെ കഠിന പരിശ്രമത്തിന് ശേഷം ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒഡീഷയില്‍ നിന്നുള്ള ദേബശ്രിത.
പെട്ടെന്നുള്ള ഹൃദയാഘാതം മൂലം പ്രിയപ്പെട്ട മുത്തച്ഛനെ നഷ്‌ടപ്പെട്ടതോടെ ഉയര്‍ന്ന ചിന്തയാണ് ദേബശ്രിതയെ പുതിയ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഹൃദയാഘാതത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന എഐ അധിഷ്‌ഠിത ഹാർട്ട് ഗാർഡ് മാസ്‌കാണ് ഈ കൊച്ചു മിടുക്കി കണ്ടെത്തിയത്. ഹൃദയാഘാതം അനുഭവപ്പെടുന്നതിൻ്റെ 30 മിനിറ്റ് മുമ്പ് തന്നെ ഇത് അറിയാൻ സാധിക്കുമെന്നതാണ് ഈ മാസ്‌കിൻ്റെ പ്രത്യേകത.
ഒഡീഷയിലെ കട്ടക്കിലെ റാവൻഷാ സർവകലാശാല മൂന്നാം വർഷ ബിഎസ്‌സി ഇൻഫർമേഷൻ ടെക്‌നോളജി മാനേജ്മെൻ്റ് വിദ്യാർഥിനിയാണ് ദേബശ്രിത. ഹൃദയാഘാതം മൂലം സ്വന്തം മുത്തച്ഛൻ നഷ്‌ടപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു മാസ്‌ക് വികസിപ്പിച്ചെടുക്കാൻ ദേബശ്രിതക്ക് പ്രചോദനമായത്.
ഒരു സാധാരണ മാസ്‌ക് ധരിക്കുന്ന പോലെ ഈ മാസ്‌ക് ധരിക്കാം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ നിരീക്ഷിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്യുന്ന രീതിയിലാണ് ഈ ഉപകരണം രൂപകൽപന ചെയ്‌തിരിക്കുന്നത്. പൊടുന്നനെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായാൽ കുടുംബാംഗങ്ങൾക്കും ഡോക്‌ടർമാർക്കും ആംബുലൻസ് സേവനങ്ങൾക്കും പെട്ടെന്ന് തന്നെ അലേർട്ടുകൾ അയക്കാൻ മാസ്‌കിന് കഴിയുമെന്ന് ദേബശ്രിത പറയുന്നു.
ലൈവ് ലൊക്കേഷൻ ട്രാക്കിങ്ങും ഈ ഉപകരണത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് അത്യാവശ ഘട്ടത്തിൽ ആളുകളെ രോഗിയുടെ അടുത്ത് എത്താൻ സഹായിക്കും. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഇത് വളരെയധികം സഹായകമാകുമെന്നും ദേബശ്രിത പറഞ്ഞു.
ഒഡീഷ സർക്കാരിൽ നിന്നും ഈ ഉപകരണത്തിനായി ദേബശ്രിതക്ക് ഒരു ലക്ഷം രൂപ ധനസഹായം ലഭിച്ചിട്ടുണ്ട്. 20,000 രൂപ കുടുംബവും നൽകിയിട്ടുണ്ട്. പക്ഷെ ഈ ഉപകരണത്തിന് ക്ലിനിക്കൽ വാലിഡേഷൻ ലഭിക്കാനും വിപണിയില്‍ ഇറക്കാനും മെഡിക്കൽ അംഗീകാരങ്ങൾ നേടാനുമായി ഏകദേശം ആറ് ലക്ഷം രൂപ കൂടി ആവശ്യമാണെന്ന് ദേബശ്രിത പറഞ്ഞു.
“ഹൃദയാഘാതത്തിൽ ഏറ്റവും നിർണായകമായ ഒന്നാണ് സമയം. അത് തന്നെയാണ് ഈ ഉപകരണം കൊണ്ട് ലക്ഷ്യമിടുന്നതും. ഏകദേശം 30 മിനിറ്റ് മുമ്പെങ്കിലും അലേർട്ട് ലഭിച്ചാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാനും അവരുടെ ജീവിൻ രക്ഷിക്കാനും കഴിയും”, ദേബശ്രിത പറഞ്ഞു.
ഐഐടി ബോംബെയിൽ നിന്നുള്ള സാങ്കേതിക മാർഗനിർദേശത്തോടെയാണ് ഹാർട്ട് ഗാർഡ് മാസ്‌ക് വികസിപ്പിച്ചെടുത്തത്. പൂർണമായും എഐ സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ദീർഘകാല ഉപയോഗത്തിനയാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും ദേബശ്രിത പറഞ്ഞു.
“മെഡിക്കൽ പരീക്ഷണങ്ങൾക്കും റെഗുലേറ്ററി അംഗീകാരങ്ങൾക്കുമായി ഞാൻ കാത്തിരിക്കുകയാണ്. ഉപകരണത്തിന് അംഗീകാരം ലഭിച്ചാൽ ഏകദേശം 25,000 രൂപ വിലയോടെയായിരിക്കും ഇത് വിപണിയിലെത്തുക”, ദേബശ്രിത പറഞ്ഞു.
തീർച്ചയായും ദേബശ്രിതയുടെ ഈ കണ്ടുപിടുത്തം അഭിനന്ദനം അർഹിക്കുന്നതാണെന്ന് കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജിലെ കാർഡിയോളജിസ്‌റ്റ് ഡോ. ജയന്ത് പാണ്ട പറഞ്ഞു. പക്ഷെ പരീക്ഷണത്തിന് ശേഷമേ ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയുള്ളു. പരിക്ഷാണാടിസ്ഥാനത്തിൽ വിജയിച്ചാൽ ഇത് വലിയ ഒരു വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൃദയാഘാതം പോലുള്ള ഹൃദയ സംബന്ധമായ അടിയന്തര കേസുകളിൽ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞാൽ അത് വളരെ ഉപകാരമാണ്. ഈ ഉപകരണം വിജയിച്ചാൽ നിരവധി ഹൃദയ സംബന്ധമായ മരണങ്ങൾ തടയാൻ കഴിയുമെന്ന് ജയന്ത് പാണ്ട പറഞ്ഞു.






