ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിൽ യുഡിഎഫ്. ഭരണത്തുടർച്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്. രണ്ടിടത്ത് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയുള്ളത്. 1987ന് ശേഷമുള്ള ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണയുണ്ടായത്.
- നിയമസഭാ തെരഞ്ഞെടുപ്പ്.
- സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്
- പ്രതീക്ഷയോടെ മുന്നണികൾ.
എൽഡിഎഫ് ഭരണത്തുടർച്ച പ്രതീക്ഷിക്കുമ്പോൾ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ പിന്തുണയും പോളിങ്ങിൽ പ്രതിഫലിച്ചെന്നും അത് തങ്ങൾക്ക് അനുകൂലമായെന്ന വിലയിരുത്തലുമാണ് യുഡിഎഫിനുള്ളത്. ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റ് ലഭിക്കുമെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള വിലയിരുത്തൽ. കേരളാ കോൺഗ്രസ് എമ്മിൻ്റെ കുതിപ്പ് ഇത്തവണയും ഉണ്ടാകുമെന്നും സീറ്റ് നില വർധിപ്പിക്കാൻ ഈ വിജയങ്ങൾ കാരണമാകുമെന്ന വിലയിരുത്തലുമാണ് സിപിഎമ്മിനുള്ളത്. മൂന്ന് സീറ്റിൽ എങ്കിലും വിജയക്കൊടി പാറിക്കാമെന്ന പ്രതീക്ഷയാണ് എൻഡിഎയ്ക്കുള്ളത്. ചില അട്ടിമറി വിജയങ്ങൾ കൂടി ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
1987ന് ശേഷമുള്ള ഉയർന്ന പോളിങ് ശതമാനമാണ് ഇത്തവണത്തേതെന്ന പ്രത്യേകതയുമുണ്ട്. മലബാർ മേഖലയിൽ കനത്ത പോളിങ് നടന്നു. വടക്കുള്ള പല ജില്ലകളിലെയും പോളിങ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയരാൻ പലതുണ്ട് കാരണമെന്നാണ് വിലയിരുത്തൽ. എസ്ഐആർ നിർണായക ഘടകമായെന്ന വിലയിരുത്തലാണുള്ളത്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ വോട്ട് ചെയ്യാൻ ജനം മടിയില്ലാതിറങ്ങി. എസ്ഐആറിൽ നിന്ന് പുറത്തായവരുടെ എണ്ണം ഉയർന്നതും പോളിങ് ശതമാനം ഉയരാൻ കാരണമായി. ഭരണവിരുദ്ധ തരംഗം വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ടെങ്കിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ട് ജനം വോട്ട് ചെയ്തെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്. ന്യൂനപക്ഷ ധ്രുവീകരണവും സോഷ്യൽ മീഡിയകളിലെ പ്രചാരണവും പോളിങ് ഉയരുന്നതിന് കാരണമായി.
വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ പോളിങ് ശതമാനം ഉയർന്നു. കനത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ ബൂത്തിലെത്തുന്നുവെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നതെങ്കിലും ഉയരുന്ന പോളിങ് ശതമാനത്തിൻ്റെ ട്രൻഡ് തുടർന്നും നിലനിന്നു എന്നത് ശ്രദ്ധേയമാണ്. ഉച്ചസമയത്തും മികച്ച പോളിങ് തുടർന്നു. രണ്ട് മണിക്ക് ശേഷവും പോളിങ് ഉയർന്നു. വൈകീട്ട് ആറുമണിവരെ പല ബൂത്തുകളിലും നീണ്ട ക്യൂ കാണാമായിരുന്നു.








