ഷില്ലോങ്: മേഘാലയയിലെ കൽക്കരി ഖനി സ്ഫോടനത്തിൽ 18 തൊഴിലാളികൾ മരിച്ചു. നിരവധി പേർ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഈസ്‌റ്റ് ജയന്തിയ ഹിൽസ് ജില്ലയിലെ അനധികൃത കൽക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്. ഫറൂക്ക് അഹമ്മദ്, ദിൽദാർ ഹുസൈൻ, അൻവർ ഹുസൈൻ, നിമാൻ ഉദ്ദീൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ അടുത്തുള്ള സുത്ന പബ്ലിക് ഹെൽത്ത് സെൻ്ററിൽ (പിഎച്ച്സി) പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) സംഘങ്ങൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ ദൃശ്യപരത കുറവായതിനാൽ രക്ഷാപ്രവർത്തനം രാത്രി നിർത്തിവച്ചുവെന്നും ഇന്ന് രാവിലെ പുനരാരംഭിച്ചൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഫോടനത്തിന് കാരണമെന്താണെന്നും ആരാണ് ഖനി പ്രവർത്തിപ്പിക്കുന്നതെന്നും ഉടനടി കണ്ടുപിടിക്കുമെന്നും അധികൃതർ അന്വേഷണം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പരിക്കേറ്റവരെ അടുത്തുള്ള സിൽച്ചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് എസ്എംസിഎച്ച് സൂപ്രണ്ട് ഡോ ബികാഷ് സാൻഡിൽയ പറഞ്ഞു.
ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മേഘാലയ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് (പിഎംഎൻആർഎഫ്) ധനസഹായം നൽകുന്നത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മരിച്ചവരുടെ കുടുംബത്തിനും ചികിത്സയിൽ കഴിയുന്നവർക്കും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
അനുശോചിച്ച് നേതാക്കൾ
അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ്മയും മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. കൽക്കരി ഖനി സ്‌ഫോടനത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ വ്യക്തമാക്കി. ഇതിന് പിന്നിലെ ആളുകൾക്ക് എതിരെ കർശന നടപടിയെടുക്കുമെന്നും സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.







